എംപിമാരുടെ ശമ്പള വർധനയ്ക്ക് പിന്നിലെ വസ്തുതകൾ
പ്രത്യേക ലേഖകൻ
പാർലമെന്‍റ് അംഗങ്ങളുടെയും മുൻ എംപിമാരുടെയും ശമ്പളം, ബത്തകൾ, പെൻഷൻ എന്നിവയിൽ 24% വർധന പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രാലയത്തിന്‍റെ വിജ്ഞാപനം പല തെറ്റിദ്ധാരണകൾക്കും ഇടയാക്കിയിട്ടുണ്ട്. 2024 മാർച്ച് 24ലെ വിജ്ഞാപന പ്രകാരം 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ എംപിമാരുടെ പ്രതിമാസ ശമ്പളം 1.24 ലക്ഷം രൂപയായി പരിഷ്കരിച്ചു.
* എംപിമാർ അവരുടെ ശമ്പള പാക്കെജ് തീരുമാനിക്കരുതെന്നും അത്തരം കാര്യങ്ങളിൽ ശമ്പള കമ്മിഷനെപ്പോലെയുള്ള ഒരു സംവിധാനം വേണം തീരുമാനങ്ങൾ എടുക്കേണ്ടതെന്നും, അല്ലെങ്കിൽ കാലാകാലങ്ങളിൽ ചില തസ്തികകൾക്കും റാങ്കുകൾക്കും നൽകുന്ന വർധനയുമായി അത് ബന്ധിപ്പിക്കണമെന്നുമുള്ളത് 2016ൽ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടായിരുന്നു.
* പ്രധാനമന്ത്രിയുടെ ഈ ശക്തമായ വീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് എംപിമാരുടെ ശമ്പള പരിഷ്കരണ സംവിധാനം പാർലമെന്‍റിന്‍റെ വിവേചനാധികാര തീരുമാനത്തിൽ നിന്ന് മാറ്റി പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഘടനാപരമായ സംവിധാനത്തിലേക്ക് ക്രമീകരിച്ചത്. 2018ൽ ആവിഷ്കരിച്ച ഈ സംവിധാനം ശമ്പള പരിഷ്കരണത്തിന് ന്യായവും സുതാര്യവുമായ സമീപനം ഉറപ്പാക്കുകയും ഏകപക്ഷീയമായ വർധന തടയുകയും ചെയ്യുന്നു.
ശമ്പള പരിഷ്കരണത്തിന് പിന്നിലെ സംവിധാനം
* 1961ലെ ആദായ നികുതി നിയമപ്രകാരം പ്രസിദ്ധീകരിച്ച ചെലവ് പണപ്പെരുപ്പ സൂചിക (സിഐഐ) ഉപയോഗിച്ച്, എംപിമാരുടെ ശമ്പളത്തെ പണപ്പെരുപ്പവുമായി ബന്ധിപ്പിക്കാൻ 2018ലെ ധനകാര്യ നിയമം 1954ലെ പാർലമെന്‍റ് അംഗങ്ങളുടെ ശമ്പളം, ബത്ത, പെൻഷൻ എന്നിവ ഭേദഗതി ചെയ്തു.
* ഈ ഭേദഗതിക്ക് മുമ്പ്, ശമ്പള പരിഷ്കരണങ്ങൾ താത്കാലിക അടിസ്ഥാനത്തിലാണ് നടത്തിയിരുന്നത്. ഓരോ തവണയും പാർലമെന്‍റിന്‍റെ അംഗീകാരം ആവശ്യമായിരുന്നു. ഈ പ്രക്രിയയെ രാഷ്‌ട്രീയവത്കരിക്കാനും ശമ്പള ക്രമീകരണത്തിന് വ്യവസ്ഥാപിത സംവിധാനം അവതരിപ്പിക്കാനും ഈ ഭേദഗതി ലക്ഷ്യമിട്ടു.
* 2018ലെ ഭേദഗതിക്ക് മുമ്പുള്ള അവസാന പരിഷ്കരണം 2010ൽ നടന്നു. എംപിമാരുടെ പ്രതിമാസ ശമ്പളം 16,000 രൂപയിൽ നിന്ന് 50,000 രൂപയായി വർധിപ്പിക്കുന്നതിനുള്ള ബിൽ പാർലമെന്‍റ് പാസാക്കിയപ്പോഴായിരുന്നു ഇത്. ആ തീരുമാനം പൊതുജനങ്ങളിൽ കാര്യമായ വിമർശനത്തിന് കാരണമായി. പലരും ഇത് മൂന്നു മടങ്ങ് ശമ്പള വർധന നൽകുന്നതായി മനസിലാക്കി.
* എന്നാൽ, മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ് എന്നിവരുൾപ്പെടെ ചില എംപിമാർ ഈ വർധന പര്യാപ്തമല്ലെന്ന് വാദിക്കുകയും ശമ്പളത്തിൽ കുറഞ്ഞത് അഞ്ചു മടങ്ങ് വർധനയെങ്കിലും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പണപ്പെരുപ്പം അടിസ്ഥാനമാക്കി
സ്വയംകൃത ശമ്പള ക്രമീകരണം
* പുതുക്കിയ സംവിധാനത്തിന് കീഴിൽ, ചെലവ് പണപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കി എംപിമാരുടെ ശമ്പളം ഇപ്പോൾ ഓരോ 5 വർഷത്തിലും സ്വയമേവ ക്രമീകരിക്കപ്പെടുന്നു. 70,000 രൂപ മണ്ഡല അലവൻസും 2,000 രൂപ ദിവസ ബത്തയും സൗജന്യ ഭവനം, യാത്ര, അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള അധിക ബത്തകൾക്കൊപ്പം, 2018ലെ അടിസ്ഥാന ശമ്പളം പ്രതിമാസം ഒരു ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു.
* ഇപ്പോൾ, ചെലവ് പണപ്പെരുപ്പ സൂചിക അനുസരിച്ച്, എംപിമാർക്ക് പ്രതിമാസം 1.24 ലക്ഷം രൂപ ശമ്പളം ലഭിക്കും - 7 വർഷത്തെ കാലയളവിൽ 24% വർധനയാണിത്, അതായത് ഏകദേശം 3.1% വാർഷിക വർധന.
* ഏകപക്ഷീയ തീരുമാനങ്ങളേക്കാൾ സാമ്പത്തിക സൂചകത്തെ ആശ്രയിച്ചിരിക്കുന്ന ഈ പ്രക്രിയ ശമ്പള പരിഷ്കരണങ്ങൾ വസ്തുനിഷ്ഠവും സുതാര്യവുമാണെന്ന് ഉറപ്പാക്കുന്നു.
* തൽഫലമായി, ആവർത്തിച്ചുള്ള പാർലമെന്‍ററി സംവാദങ്ങളുടെയോ രാഷ്‌ട്രീയ ഇടപെടലുകളുടെയോ ആവശ്യമില്ലാതെ ശമ്പള ക്രമീകരണം ക്രമാനുഗതമായി സംഭവിക്കുന്നു.
കൊവിഡ് കാലത്ത് ശമ്പളം വെട്ടിക്കുറയ്ക്കൽ
* കൊവിഡ്-19 മഹാമാരിയുടെ കാലത്ത് അസാധാരണ നടപടിയെന്ന നിലയിൽ, 2020 ഏപ്രിലിൽ ഒരു വർഷത്തേക്ക് എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം 30% വെട്ടിക്കുറയ്ക്കാൻ ഗവണ്മെന്‍റ് തീരുമാനിച്ചു. പകർച്ചവ്യാധിയെ നേരിടുന്നതിന് കേന്ദ്ര ഗവണ്മെന്‍റിന്‍റെ സാമ്പത്തിക സ്രോതസുകൾ പ്രയോജനപ്പെടുത്താനാണ് ഈ തീരുമാനമെടുത്തത്.
* പ്രതിസന്ധി നേരിടുന്നതിനും പൊതുജനങ്ങൾക്ക് ആശ്വാസം നൽകാനുമുള്ള രാജ്യത്തിന്‍റെ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ധനസഹായം ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനാണ് താത്കാലികമായി വെട്ടിക്കുറച്ചത്. മന്ത്രിമാർ ഉൾപ്പെടെ എല്ലാ എംപിമാർക്കും ഈ കുറവ് ബാധകമായിരുന്നു. അത് ഒരു വർഷത്തേക്ക് തുടർന്നു.
* എംപിമാരുടെ പ്രതിഫലം നിയന്ത്രിക്കുന്ന ഘടനാപരമായ പ്രക്രിയയെക്കുറിച്ചുള്ള ധാരണയിൽ നിന്നല്ല, മറിച്ച് തെറ്റിദ്ധാരണകളിൽ നിന്നാണ് ഈ വർധനയെ ചുറ്റിപ്പറ്റിയുള്ള വിമർശനം പ്രധാനമായും ഉയർന്നുവന്നത്.
മുഖ്യമന്ത്രിമാർ, എംഎൽഎമാർ:
സ്വന്തം ഇഷ്ടപ്രകാരം വർധന
* പല സംസ്ഥാന ഗവണ്മെന്‍റുകളും സ്വന്തം ശമ്പളം തീരുമാനിക്കുന്നതിന് ഏകപക്ഷീയവും സ്ഥിരമല്ലാത്തതുമായ സംവിധാനങ്ങൾ പിന്തുടരുകയും സ്വന്തമായി അവരുടെ ശമ്പളത്തിൽ അസാധാരണമാംവിധം ഉയർന്ന വർധനവ് വരുത്തുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം പാർലമെന്‍റ് അംഗീകരിച്ച എംപിമാരുടെ ശമ്പളത്തിനായുള്ള ഘടനാപരവും, പണപ്പെരുപ്പബന്ധിതവുമായ സംവിധാനത്തിന് വിരുദ്ധമാണിത്.
* കർണാടകയിൽ 2025ലെ ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വന്തം ശമ്പളത്തിൽ 100% വർധനയ്ക്ക് അംഗീകാരം നൽകി. ഇത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയായി വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ശമ്പളം പ്രതിമാസം ₹75,000 ൽ നിന്ന് ₹1.5 ലക്ഷമായി വർധിച്ചപ്പോൾ, മന്ത്രിമാരുടെ ശമ്പളം ₹60,000ൽ നിന്ന് ₹1.25 ലക്ഷമായി.
* എംഎൽഎമാരുടെയും നിയമസഭാ കൗൺസിൽ (എംഎൽസി) അംഗങ്ങളുടെയും ശമ്പളം ഇരട്ടിയാവുകയും അത് ₹40,000 ൽ നിന്ന് ₹80,000 ആയി വർധിക്കുകയും ചെയ്തു. കോൺഗ്രസ് ഗവണ്മെന്‍റിന്‍റെ വിവേചനരഹിതമായ ചെലവ് കാരണം ഇതിനോടകം തന്നെ കടബാധ്യതയിലയ സംസ്ഥാന ഖജനാവിന് ഈ മാറ്റം പ്രതിവർഷം 62 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.
* അലവൻസുകൾ ഉൾപ്പെടെ, അവരുടെ മൊത്തം പ്രതിമാസ വരുമാനം 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയരുകയും നേരിട്ട് ലഭിക്കുന്ന തുകയിൽ 2 ലക്ഷം രൂപയുടെ വർധനവുണ്ടാവുകയും ചെയ്യും.
* ദരിദ്രരിലും ഇടത്തരക്കാരിലും കൂടുതൽ ഭാരമേല്പിച്ചുകൊണ്ട് പെട്രോൾ, പാൽ വിലകളിലും സ്വത്ത് നികുതി, വെള്ളക്കരം എന്നിവയിലും വർധനവ് വരുത്തിയ സമയത്തുതന്നെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്‍റെ ശമ്പളത്തിലെ സ്വയം സമ്മാനിത വർധനവും നടപ്പിലാക്കിയത്.
* 2024 ജൂണിൽ ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഗവണ്മെന്‍റ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം 50% വരെ വർധിപ്പിച്ചു.
* 2023ൽ, അരവിന്ദ് കെജ്‌രിവാൾ സ്വന്തമായി തന്‍റെ ശമ്പളത്തിൽ 136% വർധനവിന് അംഗീകാരം നൽകിക്കൊണ്ട് ശമ്പളം പ്രതിമാസം ₹1.7 ലക്ഷമായി ഉയർത്തി. ഒപ്പം എംഎൽഎമാർക്ക് 66% വർധനവ് നൽകി അവരുടെ ശമ്പളം ₹90,000 ആയി ഉയർത്തുകയും ചെയ്തു.
* എംപിമാരുടെ ശമ്പളത്തിൽ ഏകദേശം 300% വർധനവ് വേണമെന്ന 2015ലെ കെജ്‌രിവാളിന്‍റെ ആവശ്യം അതിരുകടന്നതാണെന്നു കാണിച്ച് മോദി ഗവണ്മെന്‍റ് നിരസിച്ചതിന് ശേഷമാണ് ഈ വർധനവ് നടപ്പിലാക്കിയത് എന്നതാണ് ആശ്ചര്യം.
* 2023ൽ, മമത ബാനർജി മറ്റ് സംസ്ഥാനങ്ങളുമായുള്ള എംഎൽഎമാരുടെ ശമ്പളത്തിലെ അസമത്വം ന്യായീകരണമായി ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാരുടെ ശമ്പളം 50% കണ്ട് വർധിപ്പിച്ച് ₹80,000 ൽ നിന്ന് ₹1.2 ലക്ഷമായി ഉയർത്തിയത്. അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 36% വർധനവ് അനുവദിച്ചുകൊണ്ട് അവരുടെ ശമ്പളവും ₹1.5 ലക്ഷമായി വർധിപ്പിച്ചു.
* പശ്ചിമ ബംഗാളിനും മറ്റ് സംസ്ഥാനങ്ങൾക്കും ഇടയിൽ വർധിച്ചുവരുന്ന വികസന അസമത്വം പരിഹരിക്കുന്നതിനു പകരം, പശ്ചിമ ബംഗാളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും നിയമസഭാംഗങ്ങൾ തമ്മിലുള്ള ശമ്പള അസമത്വത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്.
* 2018ൽ, വൈദ്യുതി, ഡീസൽ, പെട്രോൾ എന്നിവയുടെ വില വർധനവ് ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി, എംഎൽഎമാരുടെ ശമ്പളം ഏകദേശം 66% വർധിപ്പിക്കാൻ തീരുമാനിച്ചു!
* 2016ൽ, തെലങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എംഎൽഎമാർക്കും മന്ത്രിമാർക്കും 163% ശമ്പള വർധന നൽകി. രാജ്യത്തെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന നിയമസഭാംഗങ്ങളാണ് അവർ. മുഖ്യമന്ത്രിക്ക് പ്രതിമാസം 4.1 ലക്ഷം, മന്ത്രിമാർക്ക് 3.5 ലക്ഷം, എംഎൽഎമാർക്ക് 2.5 ലക്ഷം രൂപ എന്നിങ്ങനെയാണ് തെലങ്കാനയിലെ ശമ്പളം!
* 2016ൽ, ഹിമാചൽ പ്രദേശിലെ കോൺഗ്രസ് ഗവണ്മെന്‍റ് സംസ്ഥാനം കടുത്ത കടബാധ്യതയിൽ വലയുമ്പോഴും നേതാക്കൾക്ക് 83% ശമ്പള വർധനവ് അനുവദിച്ചു.