"ഗേറ്റ് വേ'യിലെ തിരുവോണം‍!

 
Special Story

"ഗേറ്റ് വേ'യിലെ തിരുവോണം‍!

സ്വാതന്ത്ര്യസമര സ്മരണകളിലെ നാഴികക്കല്ലാണ് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ

MV Desk

ചേറൂക്കാരന്‍ ജോയി

സ്വാതന്ത്ര്യസമര സ്മരണകളിലെ നാഴികക്കല്ലാണ് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ! അസംഖ്യം അനുസ്മരണ അനുഭവങ്ങള്‍ക്ക് മൂകസാക്ഷിയാണീ ചരിത്ര കവാടം. മുംബൈയിലെ മലബാറി ലഹളകളുടെ ആസ്ഥാനവും ഇവിടമായിരുന്നു. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്‍റെയും മേരി രാജ്ഞിയുടേയും 1911ലെ സന്ദര്‍ശന സ്മാരകമായി നിർമിച്ചതാണീ കവാടം. മുംബൈയിലോട്ടുള്ള ഇവരുടെ വരവു വലിയൊരു ആഘോഷമായി കൊണ്ടാടി. 10 വര്‍ഷമെടുത്ത് ഈസ്റ്റ് ഇന്ത്യന്‍സ് 1924ല്‍ പൂര്‍ത്തിയാക്കിയ സ്മാരകത്തിന് 85 അടി ഉയരം.

ഇതു മാത്രമല്ല പ്രാധാന്യം. ബ്രിട്ടീഷ് സൈന്യം ഈ വഴിയാണ് ഒടുവിലെ തിരിച്ചു പോക്കും നടത്തിയത്. ദേശസ്‌നേഹികള്‍ ഒന്നടക്കം "ഭാരത് മാതാ കീ ജെയ് ' എന്ന വിജയ കാഹളം മുഴക്കി. ബ്രിട്ടീഷ് വാഴ്ചയെ പിണ്ഡം വച്ചിറക്കിയ ആഹ്ലാദം പില്‍ക്കാലത്തു വ്യോമസേനയും അഭ്യാസമാക്കി. പാരച്ച്യൂട്ട് ഇറക്കത്തിന്‍റെ കായിക മായാജാലം തീര്‍ത്തു. തിരമാലയുടെ വലുപ്പമോ വേലിയേറ്റത്തിന്‍റെ മെഗാ വാള്‍ട്ടോ കാലമിത്രയും ഗേറ്റ് വേയെ കടത്തിവെട്ടിയിട്ടില്ല. രത്‌ന ശിലകള്‍ പോലെ ഒന്നൊന്നടുക്കി ബലം ചേര്‍ത്ത കരിങ്കല്‍ വിസ്മയമാണത്. ഏതു സുനാമിയിലും അജയ്യമായൊരു നടവാതിലായി കരുതാം. നേവി, ആര്‍മിക്കാരുടെ സാഹസിക പരേഡുകള്‍ ഇവിടെയാണ് അരങ്ങേറുക. നിരവധി ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം കൂടിയാണിവിടം.

താജ് ഹോട്ടലും പ്രാവുകളും

കാഴ്ചയ്ക്ക് അവിസ്മരണീയമായ ആഗ്രയിലെ താജ് മഹല്‍ പോലെ മുംബൈയിലെ താജ് ഹോട്ടല്‍ ഓരം ചേര്‍ന്നു കാണാം! 2008ലെ തീവ്രവാദി ആക്രമണത്തിലൂടെ വീണ്ടും ലോകശ്രദ്ധയിലായ താജ്‌ ഹേട്ടല്‍. പ്രമാണിമാര്‍ക്കു താമസിക്കാനും സാധാരണക്കാര്‍ക്കു ഗേറ്റ് വേയുടെ പരിസരത്തു നിന്നു കൊതിയോടെ നോക്കിക്കാണാനും പറ്റിയ ടൈം പാസ് തന്നെ.

കടല്‍ കണ്ട്, കപ്പലണ്ടി കൊറിച്ച്, സായാഹ്നം ചെലവടാന്‍ മനുഷ്യര്‍ക്കൊപ്പം കച്ചവട സാധനങ്ങളും മാത്രമല്ല ഇവിടെയെത്തുന്നത്. പരിശുദ്ധിയുടെ ചിഹ്നമായ മാടപ്രാവുകളുടെ വിഹാര രംഗം കൂടിയാണിവിടം. ഇവയ്ക്കു ധാന്യം കൊടുത്തു പുണ്യം നേടുന്ന ധാരാളം പേര്‍ ഇവിടെയുണ്ട്. പ്രാവുകളുടെ കൂട്ടത്തോടെയുള്ള പറന്നിറങ്ങലും ചിറകടിച്ചുള്ള ഉയരലും കാണാന്‍ ആളുകള്‍ മണിക്കൂറുകളാണു മുഷിയാതെ ചിലവിടുക. പ്രാവുകളുടെ കളിവിനോദ പശ്ചാത്തലത്തില്‍ മനം മറന്നു സെല്‍ഫിയെടുത് പോകുന്നതാണ് ചിട്ട. അര നൂറ്റാണ്ടു മുമ്പു മുതൽ സന്ദര്‍ശകരുടെ ഫോട്ടൊയെടുത്ത് പത്തു മിനുട്ടിനുള്ളില്‍ പടം പ്രിന്‍റ് ചെയ്ത് കൈയില്‍ തന്നിരുന്ന ജാലവിദ്യക്കാരായ ഫോട്ടൊഗ്രാഫർമാര്‍ ഇവിടം റാഞ്ചി നടന്നിരുന്നു. ഇപ്പോഴുമുണ്ട്!

തിരുവോണ നാളിലെ നേവി റിക്രൂട്ടുമെന്‍റ്റ്

ഇനി വര്‍ഷങ്ങള്‍ക്കു മുമ്പു നടന്നൊരു തിരുവോണത്തിലേക്കു വരാം. രണശൂരരുടെ ഓണത്തല്ലു മഹോത്സവം പോലെ മലയാളി യുവാക്കള്‍ തിങ്ങിക്കൂടിയ ഒരു മുംബൈ ഓണം. കടലടുത്തുള്ളതിനാല്‍ ഒട്ടുമുക്കാലും നേവി പ്രവര്‍ത്തകരുടെ മാര്‍ച്ചും ശ്രദ്ധയും ചുറ്റുവട്ടത്തു കാണാം. മുങ്ങുന്നവരെ രക്ഷിക്കലും പരിശീലന ക്രീഡകളും ഇവിടെ മുറയ്ക്കു നടക്കും. ഷൂസുകളുടെ ചിട്ടയാര്‍ന്ന നടത്ത പരേഡ്. വെളള വെളള യൂണിഫോമിട്ട പരിശീലകരുടെ ചിന്നം വിളിയും. നേവി സേന ശബ്ദമുഖരിതമായ അന്തരീക്ഷമാക്കും, പലപ്പോഴും. കൂടെ കാഴ്ചക്കാരായ സഞ്ചാരികളുടെ കൈയേറ്റവും കുടമാറ്റവും അരങ്ങു തകര്‍ക്കും. ട്രെയിനിങ്ങിനൊപ്പം നേവി സെലക്‌ഷനും ഇവിടം പന്തിയാകാറുണ്ട്.

നേവിക്കാര്‍ക്ക് ഓട്ടത്തിനും വഴിച്ചാട്ടത്തിനും വെള്ളം വേണം. ഓടിയും ചാടിയും ഉന്നം വച്ചവര്‍ മലക്കം മറിഞ്ഞു വീഴുന്നതോ കടലിലോട്ടാണ്. വായുവില്‍ കൂടുതല്‍ സമ്മര്‍സോള്‍ട്ടടിച്ചു വീഴുന്നതിലാണു പൂര്‍ണ വിജയം കണക്കാക്കുന്നത്. ധീരതയ്ക്കു മാറ്റു കൂട്ടാന്‍ പടുകൂറ്റന്‍ തിരമാലകള്‍ വേണ്ടും വിധം മത്സരിച്ചു വന്നു ചിതറുന്നു. കണ്ണഞ്ചിക്കുന്ന മിഴിയെഴുത്തുകള്‍! ഒരിക്കലിതു പോലൊരു നേവി സെലക്‌ഷന്‍ സംഗമം ഇവിടം നടന്നു. അതും തിരുവോണ നാളിലെന്നതു എടുത്തു പറയണം. ഇക്കൂട്ടത്തില്‍ വിവിധ സംസ്ഥാനക്കാരുണ്ട്.

ഓണപ്പുടവയും സദ്യയും

പതിവിന്‍പടി ഓഡറുകള്‍ മുഴങ്ങി. ശക്തിയിൽ പോരാട്ടം തെളിയിക്കുന്നവനാണു തെരഞ്ഞെടുക്കപ്പെടുക. ആജ്ഞകള്‍ക്കനുസരിച്ച് ഓരോരുത്തരായി മെയ്‌വഴക്കങ്ങള്‍ കാട്ടി. ജയിച്ചെന്നും തോറ്റെന്നുമൊക്കെ തീരുമാനിച്ചു സ്വയം കൊമ്പന്മാരയി. ജിജ്ഞാസയില്‍ ഫലം കാത്തു നിന്നു. അപ്പോഴാണു പച്ച മലയാളത്തിലൊരു അനൗണ്‍സ്‌മെന്‍റ്. മാവേലി മന്നന്‍റെ നാട്ടുകാരെല്ലാം ഇപ്പുറത്തോട്ടു വരണം. ഓണം സ്‌പെഷ്യല്‍ എന്തോ പ്രതീക്ഷിച്ചു പടയൊഴുകി. വരി നീണ്ടു. തിരുവോണക്കാരുടെ തിരുതകൃതി. പുലിക്കളി മേളം. അടുത്ത വിളംബരം. ആരും നിരാശരാകേണ്ടാ. ഉന്തും തളളും മതി. വിജയികള്‍ക്കെല്ലാം ഓണസദ്യയുണ്ട്. ചൂളം വിളിയോടെ കുമ്മാട്ടിക്കളി നടനമാടി. കാരണം വിജയികള്‍ എന്നൊരു പൊളി വാക്ക് മഹാബലികള്‍ കൂട്ടി ചേര്‍ത്തിരുന്നു. മഹാബലികളായി സില്‍ക്ക് പാളത്താറുടുത്ത മറക്കുട ചൂടി ആഭരണങ്ങളണിഞ്ഞു ചമഞ്ഞ കുടവയറനെ പരിചയപ്പെടുത്തലായി അടുത്ത ചടങ്ങ്.

സമീപത്തെ ഫാഷന്‍ സ്ട്രീറ്റിലേയും ഫോര്‍ട്ടിലേയും കൊളാബയിലേയും മലയാളി വഴി വാണിഭക്കാരായിരുന്നു മൊത്തം ഹരം പിടിച്ച സംഘാടകര്‍! ഞൊടിയിടയില്‍ ക്ഷേത്ര വട്ട പൂക്കളമൊരുങ്ങി. പൂവേ പൊലി ധാര കൈകൊട്ടി ചിന്നം വിളിച്ചു. ഉത്രാടപ്പാച്ചിലില്‍ അത്തച്ചമയക്കാരന്‍ ഇരട്ടച്ചിരട്ട തൃക്കാക്കരപ്പനും ഇലക്കീറില്‍ ഓട്ടു വിളക്കോടെ പ്രത്യക്ഷപ്പെട്ടു. ഉടനടി ഓണക്കളി വിനോദത്തിന് അരങ്ങൊരുങ്ങി. പുലിമുഖം വച്ച്, ദേഹത്ത് ചായം തേച്ച നീണ്ട വാലന്‍ വരയന്‍ പുലികളുമെത്തി. സില്‍ബന്ദികള്‍ ഓണപ്പാട്ടും ഓണക്കൂത്തുമായി ആഹ്ലാദത്തില്‍ ആട്ട കോലാഹല ആറാപ്പുവിളി മുഴക്കി. ആചാരാര്‍ഭാടപൂര്‍വം മഹാബലി വരവേല്‍പ്പ് കാഹളം.

കടലോരത്തു പായ വിരിച്ചു സദ്യയ്ക്കു തൂശനിലയിട്ട് ഇരുത്തി. നാട്ടുകാരെ ഊട്ടുന്നതു കാണാന്‍ ജനാവലി തിങ്ങി. പഴം നുറുക്കു വിതരണം മഹാബലികളായിരുന്നു. മൊത്തം 27 പേരുണ്ടായിരുന്നു ഉദ്യോഗാർഥികള്‍. സ്വീകരണക്കാര്‍ വായു അഭ്യാസം മണത്തറിഞ്ഞ് എത്തിയവരാണ്. എങ്ങിനെ ക്ഷണനേരം കൊണ്ടൊരു സദ്യയൊരുക്കി? ഓരോരുത്തരും നന്ദി തര്‍പ്പണമായി ഊട്ടിയവരെ നെഞ്ചോടു ചേര്‍ത്ത് ഊറ്റം കൊണ്ടു. ഓണക്കളിക്കു ശേഷം മലയാളി ഐക്യം സിന്ദാബാദുയര്‍ന്നു. മറുനാടന്‍ മലയാളികള്‍ തൊഴിലാളി ഐക്യം ആറാപ്പു വിളിച്ചു.

പിരിയാന്‍ തുനിയവേ അതാ മറ്റൊരത്ഭുതം! കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാറില്‍ നിന്നിറങ്ങുന്നു. ഇരട്ടിമധുരം നല്‍കാനെന്നോണം അദ്ദേഹം മലയാളികള്‍ക്കു ചട്ടപ്രകാരം ഓണപ്പുടവ കൊടുത്തു. നാട്ടുവിശേഷത്തില്‍ ഷേയ്ക്ക് ഹാൻഡും ചുടുചൂടോടെ തിരുവോണ ആശംസകളും. ഔദ്യോഗിക ആവശ്യത്തിന് നഗരത്തില്‍ എത്തിയതാണെന്നറിയിച്ചു. ഉമ്മന്‍ ചാണ്ടി സിന്ദാബാദ് വിളി ഉയര്‍ന്നതും അദ്ദേഹം ഉച്ചത്തില്‍ വിലക്കി. ഇന്ന് മഹാബലികളാണ് താരം. പുലിക്കളിയും സദ്യവട്ടവും കാണാനും പങ്കെടുക്കാനുമാണ് ഇവിടെ വന്നത്.

കേട്ടപാതി പൊതുജനം മൂഡു മാറ്റി. ഹൈ വോളിയത്തില്‍ കുമ്മാട്ടി മേളം. മുഖ്യനും സ്വയം മറന്നു. കഴുത്തില്‍ ചുറ്റിയ ത്രിവര്‍ണ പതാകയുടെ ഷോളഴിച്ചു. കൂസലന്യേ തലവട്ടം ചട്ടമ്പിക്കെട്ടു ചാര്‍ത്തി. മഹാബലി ചമഞ്ഞ തടിമാടനൊപ്പം തലയെടുപ്പാര്‍ന്ന സ്റ്റെപ്പ് വച്ചു. നാലഞ്ചു മിനിറ്റ് ഓണക്കളിക്കൊപ്പം മതിമറന്ന് മദിച്ചു തുള്ളി. ഒടുവില്‍ തലേക്കെട്ടൂരി മഹാബലികള്‍ക്ക് ഓണപ്പുടവ സമ്മാനിച്ചു. ഓണപ്പാട്ടുകളാലപിച്ച് ആറാപ്പു വിളിച്ച ജനക്കൂട്ടത്തിന് കിതപ്പോടെ മനം നിറഞ്ഞ കൈവീശല്‍ നേര്‍ന്നു. വിടവാങ്ങി.

മഹാനഗര ഓണ സദ്യയുടെ കഥയ്ക്കു പിന്നിലെ പച്ചപ്പരമാഥം ഇപ്രകാരം. വിക്റ്റോറിയ ടെര്‍മിനസ് തുടങ്ങി ഫോര്‍ട്ടിലെ വഴിവാണിഭക്കാരായ മലബാറി തൊഴിലാളികളെല്ലാം ഒന്നിച്ചിരുന്നാണു ജാതിമറന്നു സമൃദ്ധമായ തിരുവോണം ഉണ്ണാറ്. കച്ചവടമന്നു മുടക്കും. ഉച്ചനീചത്തങ്ങളില്ലാത്ത ഓണത്തല്ലും പൊടിപൊടിക്കും. ഗേറ്റ് വേയിലെ റിക്രൂട്ടുമെന്‍റ് ബഹളം കേട്ട് ആകൃഷ്ടരായി ഓടിവന്നതാണ്. ഒത്തുചേര്‍ന്നപ്പോളുദിച്ച സഹകരണ ബുദ്ധിയിലവര്‍ ആതിഥേയരായി! തങ്ങളൊരുക്കിയ വിഭവ സമൃദ്ധമായ സദ്യ വിളന്വി. മറുനാട്ടിലെ ഒരിക്കലും മറക്കാനാവാത്ത തിരുവോണം! കായിക ശേഷിയാര്‍ന്ന ചുണക്കുട്ടന്മാരുമൊത്ത് പഴം, പപ്പടം, പായസ ചൊടിയോടെ ലോഹ്യത്തില്‍ കൊണ്ടാടി.

മഹാസംഭവമാക്കി മഹാനഗര കവാട സ്മാരകമായ ഗേറ്റ് വേയിലെ പൂവേ പൊലി, പൂവേ പൊലി ആഘോഷം. മാവേലി നാടിന്‍റെ ഒരുമ ആറാപ്പു വിളിയില്‍ മറുനാടന്‍ തിരുവോണം അതിഗംഭീര ഒർമയാക്കി. അലയാഴി നീലക്കടലുള്ള ഈ ചരിത്ര കവാടത്തിന് മലയാളം മറക്കാത്ത മഹാബലികളുടെ തിരുവോണാഘോഷ പൊലിമ മാറ്റു കൂട്ടി..!

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം