സമരാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന അന്താരാഷ്‌ട്ര കോടതി

 
Special Story

സമരാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന അന്താരാഷ്‌ട്ര കോടതി

യൂറോപ്പിലെ വ്യവസായ വിപ്ലവാനന്തരമായാണ് സംഘടിത തൊഴിലാളി വർഗത്തിന്‍റെ ഉദയം.

MV Desk

അഡ്വ. ജി. സുഗുണന്‍

സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രക്ഷോഭങ്ങളും രക്തച്ചൊരിച്ചിലുകളും നടന്നിട്ടുള്ളത്. മാനവ ചരിത്രത്തില്‍ എല്ലാ കാലഘട്ടത്തിലും, എല്ലാ നൂറ്റാണ്ടിലും ഇത്തരം സമരങ്ങള്‍ നമുക്ക് ലോക ചരിത്രത്തില്‍ കാണാം. ഫ്യൂഡലിസ്റ്റ് കാലഘട്ടത്തിലും, മധ്യകാലഘട്ടത്തിലുമൊക്കെ ഇത്തരം രക്തരൂഷിതമായ പ്രക്ഷോഭങ്ങള്‍ വ്യാപകമായിരുന്നു.

സമൂഹത്തിന്‍റെ വികാസത്തിലെ വിഭിന്ന പതനങ്ങളെ ആശ്രയിച്ചുകൊണ്ട് പണിയെടുക്കുന്ന വർഗങ്ങള്‍ വിഭിന്ന സാഹചര്യങ്ങളിലാണ് ജീവിച്ചത്. സ്വത്തുടമകളും, ഭരണാധികാരികളുമായ വർഗങ്ങളോട് അവര്‍ക്കുള്ള ബന്ധങ്ങളും വിഭിന്നങ്ങളായിരുന്നു. പൗരാണിക കാലത്ത് പണിയെടുക്കുന്ന ജനങ്ങള്‍ അവരുടെ ഉടമസ്ഥരുടെ അടിമകളായിരുന്നു. ഇന്നും പല പിന്നാക്ക രാജ്യങ്ങളിലും അമെരിക്കന്‍ ഐക്യനാടുകളുടെ ദക്ഷിണ ഭാഗത്തു പോലും അവര്‍ അങ്ങനെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മധ്യയുഗങ്ങളില്‍ ഭൂവുടമകളായ പ്രഭുക്കളുടെ വകയായ അടിയാളരായിരുന്നു അവര്‍. ഹംഗറിയിലും പോളണ്ടിലും റഷ്യയിലും ഈ അടുത്ത കാലത്ത് വരെ ചില ഭാഗങ്ങളില്‍ ഈ സ്ഥിതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മധ്യയുഗത്തിലും വ്യാവസായിക വിപ്ലവം വരെയും നഗരങ്ങളില്‍ പെറ്റി ബൂര്‍ഷ്വാ മേസ്തിരിമാരുടെ സേവനത്തില്‍ കഴിയുന്ന കൈത്തൊഴിലുകാരും ഉണ്ടായിരുന്നു. നിർമാണ വ്യവസായത്തിന്‍റെ വികാസത്തോടെയാണ് ക്രമേണ അവയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ആവിര്‍ഭവിച്ചത് - വലുതും ചെറുതുമായ തൊഴില്‍ശാലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍.

യൂറോപ്പിലെ വ്യവസായ വിപ്ലവാനന്തരമായാണ് സംഘടിത തൊഴിലാളി വർഗത്തിന്‍റെ ഉദയം. ഇംഗ്ലണ്ടിലും യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റ് ഭൂഖണ്ഡങ്ങളിലുമൊക്കെ തൊഴിലാളി വർഗത്തിന്‍റെ ഉദയം ഈ കാലഘട്ടത്തില്‍ കാണാം. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അടിമകള്‍ക്ക് സമാനമായ ഒരു വിഭാഗമായിരുന്നു ഇക്കൂട്ടര്‍. തൊഴിലാളികളുടെ മൗലിക അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ സമരങ്ങള്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ വളര്‍ന്നുവരികയും ചെയ്തു. അമെരിക്കയിലെ ചിക്കാഗോയില്‍ തൊഴിലാളികള്‍ക്ക് ""8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം'' എന്ന ആവശ്യവുമായി നടത്തിയ വൻ തൊഴിലാളി പ്രക്ഷോഭം ഒരു പരിധിവരെ വിജയിച്ചത് ചരിത്രമാണ്. തൊഴിലാളികളുടെ അംഗീകരിക്കപ്പെട്ട ചിക്കാഗോ മാനിഫെസ്റ്റോ ലോകത്തെ പല രാജ്യങ്ങളിലും ഇന്നും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ തൊഴിലുടമകള്‍ എളുപ്പം തയാറാവുകയില്ല. ക്യാംപെയിനുകളും പ്രക്ഷോഭങ്ങളും പണിമുടക്കുകളുമൊക്കെ ഇതിനായി തൊഴിലാളികള്‍ നടത്തേണ്ടിവരുമെന്നതില്‍ സംശയമില്ല. ഇത്തരത്തില്‍ സമരം നടത്താനുള്ള തൊഴിലാളികളുടെ മൗലികാവകാശത്തെയാണ് ലോകത്തെ പരമോന്നത കോടതിയായ അന്താരാഷ്‌ട്ര നീതിന്യായ കോടതി (ഐസിജെ) അംഗീകരിച്ചിരിക്കുന്നത്.

ഏതെങ്കിലും മൂലധനം കൊണ്ടുണ്ടാകുന്ന ലാഭത്തില്‍ നിന്നല്ലാതെ, പൂര്‍ണമായും സ്വന്തം അധ്വാനം വില്‍ക്കുന്നതില്‍ മാത്രം ഉപജീവന മാർഗം സമ്പാദിക്കുന്ന സമൂഹത്തിലെ ഒരു വർഗമാണ് തൊഴിലാളി വർഗമെന്നാണ് കമ്യൂണിസ്റ്റ് ആചാര്യനായ എംഗല്‍സ് പറയുന്നത്. എല്ലായ്പ്പോഴും പട്ടിണിപ്പാവങ്ങളും പണിയെടുക്കുന്ന വർഗങ്ങളും നിലനിന്നിട്ടുണ്ട്. പണിയെടുക്കുന്നവര്‍ എപ്പോഴും ഏറിയ കൂറും പട്ടിണിപ്പാവങ്ങളായിരുന്നു. രണ്ടര നൂറ്റാണ്ടിന് മുന്‍പ് ഇംഗ്ലണ്ടില്‍ ആരംഭിച്ചതും, അതിനുശേഷം ലോകത്തിലെ എല്ലാ പരിഷ്‌കൃത രാജ്യങ്ങളിലും ആവര്‍ത്തിക്കപ്പെട്ടതുമായ വ്യാവസായിക വിപ്ലവത്തിന്‍റെ ഫലമായിട്ടാണ് തൊഴിലാളി വർഗം ഉയര്‍ന്നുവന്നത്.

ആവി യന്ത്രത്തിന്‍റേയും പലതരം നൂല്‍നൂല്‍പ്പ് യന്ത്രങ്ങളുടെയും യന്ത്രത്തറിയുടേയും മറ്റനേകം യന്ത്രോപകരണങ്ങളുടേയും കണ്ടുപിടിത്തമാണ് വ്യാവസായിക വിപ്ലവത്തെ കൊണ്ടുവന്നത്. ഈ യന്ത്രോപകരണങ്ങള്‍ക്ക് വലിയ വിലയായിരുന്നു. അതുകൊണ്ട് വലിയ സമ്പന്ന മുതലാളിമാര്‍ക്ക് മാത്രമേ അവ വാങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇവ അന്നേവരെ നിലവിലുണ്ടായിരുന്ന ഉത്പാദന രീതിയാകെ മാറ്റിമറിച്ചു. അതുവരെയുണ്ടായിരുന്ന തൊഴിലാളികളെയെല്ലാം പുറംതള്ളുകയും ചെയ്തു. എന്തെന്നാല്‍ തൊഴിലാളികള്‍ക്ക് അവരുടെ മോശപ്പെട്ട ചര്‍ക്കകളും കൈത്തറികളും ഉപയോഗിച്ച് നിർമിക്കാന്‍ കഴിഞ്ഞതിനേക്കാള്‍ വില കുറഞ്ഞതും മേന്മയേറിയതുമായ ചരക്കുകള്‍ ഈ യന്ത്രങ്ങള്‍ ഉത്പാദിപ്പിച്ചു. അങ്ങനെ ഈ യന്ത്രങ്ങള്‍ വ്യവസായമാകെ വന്‍കിട മുതലാളിമാരുടെ കൈകളിലേക്ക് ഏല്‍പ്പിച്ചുകൊടുത്തു.

വലിയ മുതലാളികളുടെ വർഗം എല്ലാ പരിഷ്‌കൃത രാജ്യങ്ങളിലും ഒട്ടുമുക്കാലും എല്ലാ ഉപജീവനമാർഗങ്ങളുടേയും അവ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത പദാർഥങ്ങളുടെയും പണിയായുധങ്ങളുടേയും (യന്ത്രോപകരങ്ങള്‍, ഫാക്റ്ററികള്‍ തുടങ്ങിയവ) ഉടമകള്‍ അവര്‍ മാത്രമായിത്തീര്‍ന്നു. ഈ വർഗമാണ് ബൂര്‍ഷ്വാ വർഗം അഥവാ ബൂര്‍ഷ്വാസി. യാതൊരു സ്വത്തും കൈവശമില്ലാത്തവരും അതുകൊണ്ട് അത്യാവശ്യമായ ഉപജീവന മാർഗങ്ങള്‍ പകരം ലഭിക്കുന്നതിനു വേണ്ടി സ്വന്തം അധ്വാനങ്ങള്‍ ബൂര്‍ഷ്വാസികള്‍ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരായിട്ടുള്ളവരുടെ വർഗമാണ് തൊഴിലാളി വർഗം. ഈ വർഗത്തെ അധ്വാനം വിറ്റ് ജീവിക്കേണ്ടി വരുന്ന വർഗം അല്ലെങ്കില്‍ തൊഴിലാളി വർഗമെന്ന് പൊതുവെ വിളിക്കുന്നു. തൊഴിലാളി വർഗത്തിനെതിരായ കടന്നാക്രമണങ്ങള്‍ ലോകത്ത് അനസ്യൂതം തുടരുകയാണ്. നീതി നിഷേധത്തിനെതിരേ സമരം ചെയ്യാനുള്ള അവകാശം പോലും തൊഴിലാളികള്‍ക്ക് പല രാജ്യങ്ങളിലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

സമരം ചെയ്യാനും പണിമുടക്കാനുമുള്ള തൊഴിലാളികളുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഏറ്റവും ഒടുവില്‍ ഉണ്ടായ അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ഐതിഹാസികമായ വിധി ഒരു ചരിത്രസംഭവമായി മാറിയിരിക്കുകയാണ്. അന്താരാഷ്‌ട്ര തൊഴില്‍ നിയമപ്രകാരം തൊഴിലാളികള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് ഐക്യരാഷ്‌ട്ര സഭയുടെ പരമോന്നത കോടതിയായ അന്താരാഷ്‌ട്ര നീതിന്യായ കോടതി (ഐസിജെ) വിധിച്ചിരിക്കുന്നു.

158 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുള്ള ഐഎല്‍ഒയുടെ 1948ലെ കണ്‍വെന്‍ഷന്‍ 87 (സംഘടനാ സ്വാതന്ത്ര്യവും സംഘടന രൂപീകരിക്കാനുള്ള അവകാശ സംരക്ഷണവും) പ്രകാരം സമരാവകാശം ഉറപ്പുനല്‍കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഐസിജെയിലെ 14 ജഡ്ജിമാരടങ്ങുന്ന പാനലില്‍ 10 പേര്‍ അനുകൂലിച്ചും 4 പേര്‍ വിയോജിച്ചുമാണ് സുപ്രധാനമായ ഈ വിധി ഉണ്ടായിരിക്കുന്നത്.

ഐഎല്‍ഒയിലെ തൊഴിലാളി പ്രതിനിധികളും തൊഴിലുടമകളുടെ സംഘടനകളും തമ്മില്‍ ദശാബ്ദങ്ങളായി നിലനിന്നിരുന്ന തര്‍ക്കത്തിനാണ് പരിഹാരമുണ്ടായിരിക്കുന്നത്. അന്താരാഷ്‌ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന യുഎന്‍ ഏജന്‍സിയായ ഐഎല്‍ഒയുടെ ഭരണസമിതി 2023ല്‍ ഈ വിഷയത്തില്‍ നിയമോപദേശം തേടി അന്താരാഷ്‌ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

കരാറിലെ വ്യവസ്ഥകളില്‍ "സമരം' എന്ന വാക്ക് നേരിട്ട് പരാമര്‍ശിക്കുന്നില്ലെന്നും, അതിനാല്‍ തൊഴിലാളികള്‍ക്ക് അങ്ങനെയൊരു അവകാശമില്ലെന്നുമായിരുന്നു ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് എംപ്ലോയേഴ്‌സ് (ഐഒഇ) ഉള്‍പ്പെടെയുള്ള തൊഴിലുടമകളുടെ വാദം. എന്നാല്‍ സംഘടനാ സ്വാതന്ത്ര്യം അർഥപൂര്‍ണമാകണമെങ്കില്‍ സമരാവകാശം അനിവാര്യമാണെന്ന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ഇന്‍റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളും വാദിച്ചു.

തൊഴിലാളി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അവര്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് സമരമെന്ന് വ്യക്തമാക്കിയ ലോകകോടതി തൊഴിലുടമകളുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളി. ഐസിജെയുടെ വിധികള്‍ക്ക് രാജ്യങ്ങളുടെ മേല്‍ നേരിട്ട് നിയമപരമായ ബാധ്യതയില്ല. എങ്കിലും ലോകമെമ്പാടുമുള്ള പ്രാദേശിക കോടതികളും, ഭരണകൂടങ്ങളും ഈ വിധിയെ ഉയര്‍ന്ന നിയമപരമായ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതുവരെ ജീവനക്കാരുടെ സമരാവകാശം ഔദ്യോഗികമായി അംഗീകരിക്കാത്ത പലരാജ്യങ്ങളിലേയും തൊഴില്‍ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഈ വിധി കാരണമായേക്കും. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ നിയമ വിദഗ്ധര്‍ ഈ കേസില്‍ കോടതിക്കു മുന്നില്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സമരം ചെയ്യാനുള്ള അവകാശത്തിന്‍റെ കൃത്യമായ പരിധികളോ നിബന്ധനകളോ അന്താരാഷ്‌ട്ര കോടതി ഈ വിധിയില്‍ നിശ്ചയിച്ചിട്ടില്ല. ഈ വിധിയെ ചരിത്രപരമായ വിജയമെന്ന് സിഐടിയു, എഐടിയുസി ഉള്‍പ്പെടെയുള്ള ഇന്ത്യൻ തൊഴിലാളി സംഘടനകള്‍ വിശേഷിപ്പിച്ചു.

ഇന്ത്യന്‍ തൊഴിലാളികളും ലോകത്തൊട്ടാകെയുള്ള തൊഴിലാളി വർഗവും വലിയ വെല്ലുവിളികളെ നേരിടുന്ന കാലഘട്ടമാണിത്. വിവിധ രാജ്യങ്ങളില്‍ വിവിധ പ്രശ്‌നങ്ങളാണ് അവിടങ്ങളിലെ തൊഴിലാളി വർഗം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളികളെ ലോകത്തിലെ വലിയ വിപ്ലവ വീര്യമുള്ള ഒരു വർഗത്തിന്‍റെ ഗണത്തിലല്ല ലോകം കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ജന്മിത്വത്തിനും ഫ്യൂഡലിസ്റ്റ് ചൂഷണങ്ങള്‍ക്കും എതിരായിട്ടുള്ള ഈ രാജ്യത്തെ ഐതിഹാസികമായ ചെറുത്തുനില്‍പ്പിന് ഈ തൊഴിലാളികള്‍ക്കും നിര്‍ണായകമായ ഒരു വലിയ പങ്കുണ്ട്. യൂറോപ്പിലെ വ്യവസായ വിപ്ലവവും, തൊഴിലാളികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പും ഒന്നും നമ്മുടെ രാജ്യത്തെ അന്ന് കാര്യമായി ബാധിച്ചിരുന്നില്ല. എങ്കിലും അതിന്‍റെ അലയടികള്‍ ഈ രാജ്യത്തും പ്രതിഫലിക്കുകയുണ്ടായിട്ടുണ്ട്. രാജ്യത്തെ ഫ്യൂഡലിസ്റ്റ് സാമൂഹ്യ ക്രമത്തിനെതിരായും ഇവിടത്തെ ചെറിയതോതിലുള്ള വ്യവസായ വളര്‍ച്ചയുടെയും കാലഘട്ടത്തില്‍ ഈ രാജ്യത്ത് തൊളിലാളികളും ഉയര്‍ന്നെഴുന്നേല്‍ക്കുക തന്നെ ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ ഈ രാജ്യത്ത് കൊണ്ടുവന്ന തൊഴില്‍ നിയമങ്ങള്‍ അവരുടെ ഔദാര്യമല്ലായിരുന്നു. വളര്‍ന്നുകൊണ്ടിരുന്ന ഇന്ത്യന്‍ തൊഴിലാളി വർഗം ഉയര്‍ത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായിട്ടുള്ളതായിരുന്നു ഈ നിയമങ്ങള്‍. യൂറോപ്പിലെ വ്യവസായ വിപ്ലവത്തെ തുടര്‍ന്നുണ്ടായ തൊഴിലാളി ഉയര്‍ത്തെഴുന്നേല്‍പ്പിനെ തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തം തൊഴിലാളികളുടെ അവകാശങ്ങള്‍ ഭാഗികമായെങ്കിലും അംഗീകരിക്കാന്‍ തയാറായതിന്‍റെ ഫലമായാണ് ഈ നിയമങ്ങള്‍ ഇന്ത്യയിലും പാസാക്കപ്പെട്ടത്.

ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും, പണിമുടക്കവകാശം നിലനിര്‍ത്താനും ഇന്ത്യയിലെ തൊഴിലാളികളും ഇന്ന് സമര രംഗത്താണ്. നോയിഡയിലെ തൊഴിലാളി സമരം രാജ്യത്ത് വലിയൊരു കൊടുങ്കാറ്റായി മാറിയിരിക്കുകയാണല്ലോ. ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെല്ലാം തൊഴിലാളി സമരം വ്യാപിച്ചിട്ടുണ്ട്. 8 മണിക്കൂര്‍ ജോലി സമയം 12 മണിക്കൂര്‍ വരെയായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും പല സംസ്ഥാന സര്‍ക്കാരുകളും ഇന്ന് സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. തൊഴില്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കേന്ദ്ര- സംസ്ഥാന ഭരണാധികാരികള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭണമാണ് രാജ്യത്ത് അലയടിച്ചുയരുന്നത്. തൊഴിലവകാശങ്ങളാകെ നിഷേധിക്കുന്ന ലേബർ കോഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ സുപ്രീം കോടതിയും പല ഹൈക്കോടതികളും പലപ്പോഴും തൊഴിലാളികള്‍ക്കെതിരായി തൊഴില്‍ ഉടമകള്‍ക്കു വേണ്ടി വിധിപ്രസ്താവം നടത്താന്‍ രംഗത്തുണ്ടെന്നുള്ള വസ്തുത വിസ്മരിച്ചിട്ട് കാര്യമില്ല. എന്തായാലും ഈ കോടതികള്‍ക്കെല്ലാം ലോക കോടതി വിധി ഒരു പാഠമാണെന്നതില്‍ സംശയമില്ല.

എന്തായാലും തൊഴിലാളികള്‍ക്ക് സമരം ചെയ്യാനുള്ള അവകാശം സാര്‍വദേശീയ കോടതി അംഗീകരിച്ചത് ലോക തൊഴിലാളി വർഗത്തെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും ഐതിഹാസികമായ ഒരു സംഭവമാണ്. ഇന്ത്യയടക്കമുള്ള ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ള ശതകോടികള്‍ വരുന്ന തൊഴിലാളികള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും, ലോക കോടതി വിധി അംഗീകരിക്കാന്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ തയാറാവണമെന്ന് വളരെ ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

(ലേഖകന്‍റെ ഫോണ്‍ നമ്പര്‍: 9847132428)

വൈഭവ് വിസ്ഫോടനം; സൺറൈസേഴ്സ് ഔട്ട്

"ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മഹത്തായ സന്ദേശമാണ് ബലി​പെരുന്നാ​ൾ"; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഇഡി റെയ്ഡിനെക്കുറിച്ച് പൊലീസിനോ ആഭ്യന്തര വകുപ്പിനോ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല; രമേശ് ചെന്നിത്തല

"വിഭാഗീയതകളുടെയും വിദ്വേഷങ്ങളുടെയും ഇരുളിനെ മാറ്റിനിർത്താം"; ബക്രീദ് ആശംസകളുമായി പ്രതിപക്ഷ നേതാവ്

"ഈ ഡീലിന് എന്താണ് സതീശൻ ഓഫർ ചെയ്തിരിക്കുന്നതെന്ന് വൈകാതെ പുറത്തുവരും"; ഇ.പി. ജയരാജൻ