തുടക്കത്തിലേ ചീത്തപ്പേര് കേൾപ്പിക്കരുത്
ജ്യോത്സ്യൻ|ഗ്രഹനില
""എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ കഴിയില്ല. അതുകൊണ്ട് എറിയുന്നതിനു മുമ്പ് ലക്ഷ്യമെന്താണെന്നും, പറയുന്നതിനു മുമ്പ് എന്തിനെക്കുറിച്ചാണു പറയുന്നതെന്നുമുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണം''.
വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാരിന്‍റെ ഈ ഹണിമൂൺ കാലഘട്ടത്തിൽ സർക്കാരിനെ ഒരു പരിധി വിട്ട് ആക്ഷേപിക്കാനോ ആക്രമിക്കാനോ ആരും ശ്രമിക്കാറില്ല. സർക്കാരിന്‍റെ ചെറിയ തെറ്റുകളും പാളിച്ചകളും ക്ഷമയോടെ മറക്കാൻ എല്ലാവരും തയാറാണ്. എന്നാൽ, ഒന്നിനു പുറകെ ഒന്നായി പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രിയെയും സഹമന്ത്രിമാരെയുമാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
സത്യപ്രതിജ്ഞയ്ക്കു മുമ്പ് അദാനി ഗ്രൂപ്പ് മേധാവിയെ കാണാനും ചില ബിസിനസ് ഗ്രൂപ്പുകളുടെ ആതിഥ്യം സ്വീകരിക്കാനുമാണ് മുഖ്യമന്ത്രി സ്വകാര്യ വിമാനത്തിൽ മംഗലാപുരത്തേക്കു പോയതെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ, എംഎൽഎയായി പോലും സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് ഇഷ്ടദൈവമായ മൂകാംബികാ ദേവിയെ ദർശിക്കാറുണ്ടെന്ന സതീശന്‍റെ മറുപടി ജനം വിശ്വാസത്തിലെടുത്തു.
സത്യപ്രതിജ്ഞാ വേളയിൽ അതുവരെ ആരും ഉരുവിടാത്ത രീതിയിൽ "വടശേരി ദാമോദര മേനോൻ മകൻ സതീശൻ' എന്ന് അദ്ദേഹം പറഞ്ഞത് ശ്രദ്ധ നേടി. ഇതിനെക്കുറിച്ച് കമന്‍റുകൾ വന്നപ്പോൾ സ്വന്തം പിതാവിനെ ഓർക്കുന്നത് തെറ്റാണോ, പറ്റുമെങ്കിൽ അമ്മയുടെ പേര് കൂടി ഓർക്കുമായിരുന്നു എന്ന മറുപടി ജനങ്ങളിൽ അദ്ദേഹത്തോടുള്ള അടുപ്പവും സ്നേഹവും വർധിപ്പിച്ചു. എന്നാൽ ഇത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേയുള്ള ഒളിയമ്പാണെന്നും, സുകുമാരൻ നായരെക്കാൾ വലിയ തറവാടിയാണ് താനെന്ന് വരുത്തിത്തീർക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും പിന്നീട് വിലയിരുത്തപ്പെട്ടു.
പിണറായി വിജയന്‍റെ കാലഘട്ടത്തിലെപ്പോലെ സെക്രട്ടറിയേറ്റ് ഗേറ്റ് അടച്ചുപൂട്ടി പത്രക്കാരെ അകറ്റി നിർത്തുന്ന സമീപനം തനിക്കുണ്ടാകില്ലെന്നും, "കടക്ക് പുറത്ത് ' എന്നു പറഞ്ഞ പിണറായി വിജയനേക്കാൾ മെച്ചപ്പെട്ട സമീപനം മാധ്യമങ്ങളോട് ഉണ്ടാകുമെന്നുമായിരുന്നു സതീശന്‍റെ പ്രഖ്യാപനം. എന്നാൽ ചോദ്യോത്തര വേളയിൽ കൈരളി ചാനലിന്‍റെ ലേഖകനോട് അദ്ദേഹം എടുത്ത സമീപനം ഈ വാഗ്ദാനത്തിന് എത്രത്തോളം ആയുസുണ്ടെന്ന ചോദ്യം ഉയർത്തുന്നു.
കഴിഞ്ഞ രണ്ടാഴ്ചകളിലായി കേരളത്തിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും 27 പേരുടെ മരണത്തിനും മറ്റ് വലിയ ദുരന്തങ്ങൾക്കും ഇടയാക്കി. ജൂലൈ 31ന് ഉച്ചയ്ക്ക് മൂന്നു മണിക്കു തന്നെ കേന്ദ്ര കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങൾ അതിതീവ്ര മഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, താൻ രാത്രി എട്ട് മണിയോടെയാണ് വിവരം അറിഞ്ഞതെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
തുടർന്ന് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിർദേശങ്ങൾ നൽകിയ ശേഷമാണ് പിറ്റേ ദിവസം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര തിരിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കേണ്ടി വന്നെങ്കിലും, ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും കൊച്ചിയിലെത്തി. പിന്നീട് നെടുമ്പാശേരി എയർപോർട്ടിനടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യാ പിതാവിനെ സന്ദർശിച്ചു. അതിൽ തെറ്റു പറയാനാകില്ല. പക്ഷെ അത് ഒരു സ്വകാര്യ യാത്രയാണെന്നും സർക്കാരിന്‍റെ പണം ദുരുപയോഗം ചെയ്ത് ഹെലികോപ്റ്റർ ഉപയോഗിച്ചു എന്ന് എതിരാളികൾ ആരോപിച്ചപ്പോൾ താൻ സ്വകാര്യ നിക്ഷേപകരെ കാണാൻ പോയതാണെന്നും അവരുമായി കേരളത്തിലെ വ്യവസായ കാര്യങ്ങൾ ചർച്ച ചെയ്തെന്നും അവകാശപ്പെട്ടു. അത് ഏതു നിക്ഷേപകനാണ്, എന്തുകൊണ്ടാണ് വ്യവസായ മന്ത്രിയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ഈ ചർച്ചയ്ക്ക് കൂടെ കൂട്ടാതിരുന്നത് എന്ന മറുചോദ്യം ഉയർന്നപ്പോൾ സതീശന്‍റെ ഔദ്യോഗിക യാത്രാ വാദം കെട്ടഴിയുകയായിരുന്നു.. യാത്രയുടെ യഥാർഥ വിവരങ്ങൾ സത്യസന്ധമായി തുറന്നു പറഞ്ഞിരുന്നു എങ്കിൽ കള്ളം പറഞ്ഞു എന്ന അപവാദം ഒഴിവാക്കാമായിരുന്നു.
മുഖ്യമന്ത്രി രാഷ്‌ട്രീയ പ്രതിസന്ധികളിൽ ഉലയുമ്പോൾ, സഹമന്ത്രിമാരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകളാണ് ഉണ്ടാകുന്നത്. പരിണിതപ്രജ്ഞനായ രാഷ്‌ട്രീയക്കാരനായ ഗതാഗത മന്ത്രി സി.പി. ജോൺ, പ്രിയദർശിനി ബസിലെ സ്ത്രീ യാത്രക്കാരെ ആക്ഷേപിച്ച് രംഗത്തെത്തിയത് വലിയ വിമർശനത്തിന് കാരണമായി. സോഷ്യൽ മീഡിയ ഉൾപ്പെടെ സി.പി. ജോണിനെ കടന്നാക്രമിച്ചു. ഫീസ് കൊടുത്ത് സ്വന്തം മക്കളെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുന്ന സ്ത്രീകൾ കെഎസ്ആർടിസിയുടെ സൗജന്യ യാത്ര ഒരു പരിധി വിട്ട് ഉപയോഗിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. ജോൺ പറഞ്ഞു തീരും മുമ്പു തന്നെ ഇതിനെതിരേ കെ. മുരളീധരൻ രംഗത്തെത്തി, "സൗജന്യ യാത്ര സർക്കാരിന്‍റെ ഔദാര്യമല്ല, സ്ത്രീകളുടെ അവകാശമാണ്' എന്ന് വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ടാകും എന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നടത്തി അധികാരത്തിൽ കയറിക്കഴിഞ്ഞപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം നൽകിയത് വിമർശനത്തിന് ഇടയാക്കിയിട്ടുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ സൗജന്യ യാത്ര മാറിയിട്ടുണ്ടെന്നിരിക്കെ വകുപ്പു മന്ത്രി തന്നെ സ്ത്രീകളെ പരിഹസിക്കുന്നതു ശരിയാണോ എന്നാണ് ചോദ്യം.
പ്രഗത്ഭനായ കെ. കരുണാകരന്‍റെ പുത്രൻ കെ. മുരളീധരനും നാക്കു പിഴ പറ്റിയിരിക്കുകയാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപുകളിൽ എലിപ്പനി തടയുന്ന ഗുളിക ലഭ്യമല്ലെന്ന ആരോപണത്തിന്, "ഗുളിക ഇല്ലാത്തതുകൊണ്ട് എലിപ്പനി വരില്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. വ്യാപകമായി പനി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ആരോഗ്യ രംഗത്തെ കരുതലില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നത്.
തെരുവു നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റി ഭക്ഷണം നൽകി സംരക്ഷിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ഇതുവരെ സുമനസുകളായ സംഘടനകളും വ്യക്തികളുമാണ് അവയ്ക്ക് ഭക്ഷണവും വെള്ളവും നൽകിയിരുന്നത്. എന്നാൽ തെരുവോരങ്ങളിൽ ആരെങ്കിലും ഭക്ഷണം കൊടുത്താൽ ശിക്ഷിക്കപ്പെടും എന്ന സർക്കാരിന്‍റെ പുതിയ ഉത്തരവു വന്നുകഴിഞ്ഞു.
അതേസമയം, ഈ മൃഗങ്ങളെ സംരക്ഷിക്കാനുള്ള യാതൊരു നടപടികളും സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല. അധികാരത്തിലേറി ചുരുങ്ങിയ നാളുകൾക്കകം തന്നെ ആവശ്യത്തിലധികം ചീത്തപ്പേരുകൾ കേൾക്കേണ്ടി വരുന്ന ഗതികേട് പുതിയ സർക്കാരിന് ഉണ്ടാകരുതെന്നാണ് ജോത്സ്യന് ഓർമിപ്പിക്കാനുള്ളത്.