VD Satheesan

 
Special Story

പക്വതയില്ല, പോരാട്ടങ്ങളില്ല; സ്വന്തം കൈയിലിരിപ്പിൽ കാലു തട്ടി വീഴുമോ സതീശന്‍?

കേരളം കണ്ട ഏറ്റവും ദുര്‍ബലനും പരാജിതനുമായ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശന്‍ എന്നു വിശ്വസിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലുണ്ട്.

Thiruvananthapuram Bureau

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുന്ന സാഹചര്യം മുന്നില്‍ക്കണ്ട് മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് രംഗത്തിറങ്ങി കളി തുടങ്ങിയ വി.ഡി.സതീശന് തിരിച്ചടിയാവുന്നത് പ്രതിപക്ഷ നേതാവിന്‍റെ കസേരയിലെ മോശം ട്രാക്ക് റെക്കോഡ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സതീശന്‍ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തത് കോണ്‍ഗ്രസിനും യുഡിഎഫിനും പുതിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും തുടര്‍ന്നങ്ങോട്ട് സതീശന്‍റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിന്‍റെയും മുന്നണിയുടെയും ജനപിന്തുണയെയും സ്വീകാര്യതയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.

കൂട്ടായ്മയുടെ സ്പിരിറ്റ് ഉള്‍ക്കൊള്ളാതെ വ്യക്തികേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളുമായി മുന്നോട്ടു പോകുന്ന വി.ഡി. സതീശനെപ്പോലൊരു നേതാവിന് കേരളം പോലെ മുന്നണി രാഷ്ട്രീയം നിലനില്‍ക്കുന്നൊരു സംസ്ഥാനത്ത് പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ നയിക്കാന്‍ കഴിയില്ലെന്ന വികാരം സംസ്ഥാനത്തു നിന്നുള്ള പല മുതിര്‍ന്ന നേതാക്കളും ഹൈക്കമാന്‍റിനെ ധരിപ്പിച്ചിട്ടുമുണ്ട്. കേരളം കണ്ട ഏറ്റവും ദുര്‍ബലനും പരാജിതനുമായ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശന്‍ എന്നു വിശ്വസിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലുണ്ട്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പ്രതിപക്ഷ എംഎല്‍എ എന്ന നിലയില്‍ മോശമല്ലാത്ത പ്രകടനം നിയമസഭയിലും സഭയ്ക്കു പുറത്തും കാഴ്ചവെക്കാന്‍ വി.ഡി. സതീശന് കഴിഞ്ഞിരുന്നു. എന്നാല്‍, സ്വന്തം ഗുരുനാഥനായ രമേശ് ചെന്നിത്തലയെ പുറംകാലുകൊണ്ടു പിന്തള്ളി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം സതീശന് സംഘാടകനെന്ന നിലയിലോ പാര്‍ലിമെന്‍റേറിയന്‍ എന്ന നിലയിലോ തെല്ലും ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

നിയമസഭയിലെ പ്രസംഗങ്ങളും മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങളും മാത്രമായിരുന്നു കഴിഞ്ഞ 5 വര്‍ഷക്കാലം വി.ഡി. സതീശന്‍റെ രാഷ്ട്രീയ ഇടപെടലുകള്‍

എന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പിണറായി സര്‍ക്കാരിനെതിരെ ശക്തമായൊരു സമരം നയിക്കാനോ സര്‍ക്കാരിനെ മുട്ടുകുത്തിക്കാനോ ഒരിക്കല്‍പ്പോലും പ്രതിപക്ഷനേതാവെന്ന നിലയില്‍ സതീശന് കഴിഞ്ഞില്ല. സര്‍ക്കാരിന്‍റെ അനീതിക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പോലും പ്രതിപക്ഷ നേതാവിന്‍റെ സാന്നിധ്യമുണ്ടായില്ല.

നിയമസഭാ സമ്മേളനം നടക്കുന്നത് പൊതുവേ കേരളത്തില്‍ വലിയ വാര്‍ത്തയാവുന്നതും പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാവുന്നതുമായിരുന്നു മുന്‍കാലങ്ങളിലെ പതിവ്. ജനങ്ങളെ ബാധിക്കുന്ന നീറുന്ന വിഷയങ്ങളും സര്‍ക്കാരിന്‍റെ അഴിമതികളും ഉന്നയിച്ചു കൊണ്ട് സഭയ്ക്കകത്ത് പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളാണ് നിയമസഭാ സമ്മേളനങ്ങളെ സജീവമാക്കുന്നതും ജനശ്രദ്ധയിലെത്തിക്കുന്നതും. പക്ഷേ, രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നിയമസഭ കൂടുന്നത് മിക്കപ്പോഴും പൊതുജനങ്ങള്‍ അറിഞ്ഞിട്ടു പോലുമില്ലെന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായിരിക്കെ അദ്ദേഹത്തോട് വി.ഡി.സതീശന്‍ പുലര്‍ത്തിയ നിസ്സഹകരണ മനോഭാവം വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും നേതാക്കളിലും അമര്‍ഷമുണ്ടാക്കിയിരുന്നു. കെ.സുധാകരന്‍ പിണറായിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷത്തെ സമരസജ്ജമാക്കി ഒരുക്കിയെടുത്തെങ്കിലും സമരപ്രഖ്യാപനം നടത്താനോ സമരത്തെ മുന്‍നിരയില്‍ നിന്ന് നയിക്കാനോ പ്രതിപക്ഷ നേതാവിന്‍റെ ഉത്സാഹപൂര്‍വമായ ഇടപെടലുണ്ടായില്ല. മാത്രമല്ല, ദൃശ്യമാധ്യമങ്ങളുടെ ഉള്‍പ്പെടെ മുന്‍പില്‍ വെച്ച് കെ.സുധാകരനെ പല തവണ പരസ്യമായി അവഹേളിക്കാനും വിമര്‍ശിക്കാനും പ്രതിപക്ഷനേതാവ് തയ്യാറാവുകയും ചെയ്തു. ഏറ്റവുമൊടുവില്‍, കെ.സുധാകരന് കണ്ണൂര്‍ നിയമസഭാ സീറ്റ് നല്‍കാനുള്ള നീക്കത്തെ വാശിയോടെ എതിര്‍ത്തുതോല്‍പ്പിച്ചതും വി.ഡി.സതീശനാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശ്വാസം. ഹൈക്കമാന്‍റിന്‍റെ തീരുമാനത്തിന് ഒടുവില്‍ കെ.സുധാകരന്‍ വഴങ്ങിയെങ്കിലും, സുധാകരന്‍റെ ആരാധകരിലുണ്ടായ പ്രതിഷേധവും അമര്‍ഷവും തെരഞ്ഞെടുപ്പു ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക കണ്ണൂരിലെ നേതാക്കളിലുണ്ട്.

ഓരോ ഉപ തെരഞ്ഞെടുപ്പ് സമയത്തും പരാജയം സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്നും എന്നാൽ വിജയം മറ്റുള്ളവർ കാണുന്ന വ്യാഖ്യാനം സൃഷ്ടിക്കുന്ന സതീശൻ പലപ്പോഴും ജയസാധ്യതയുള്ള സീറ്റുകൾ മാത്രമാണ് ഇത്തരത്തിൽ ഒരു പ്രസ്താവന തെരഞ്ഞെടുത്തും. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും പിടി തോമസിന്‍റെ തൃക്കാക്കരയും ഷാഫി പറമ്പിലിൻ്റെ പാലക്കാടും വിഭാഗീയതയിൽ കോൺഗ്രസിന് നഷ്ടമായ, പിന്നീട് യുഡിഎഫ് അനുകൂല നിലപാടും പിണറായി വിരുദ്ധ നിലപാട് സ്വീകരിച്ച പി വി അൻവറിന്‍റെയും തട്ടകമായ നിലമ്പൂരും സതീശന്‍റെ പ്രഹസന നിലപാട് ഇല്ലെങ്കിലും ജയിക്കാവുന്ന മണ്ഡലങ്ങൾ തന്നെയാണ്. ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ചേലക്കര പോലുള്ള സിപിഎമ്മുമായി നേരിട്ട് പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ സതീശൻ യുഡിഎഫിനെയും കോൺഗ്രസിനെയും വിജയിപ്പിച്ചു കാണിക്കണമായിരുന്നു.ചുരുക്കത്തിൽ ക്രെഡിറ്റ് അടിച്ചെടുക്കുന്നത് സതീശന്‍റെ ഒരു ശൈലിയാണ്.

വിട്ടുവീഴ്ചയില്ലാത്ത നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാനായി വി.ഡി. സതീശന്‍ സ്വീകരിച്ച പല നിലപാടുകളും പാര്‍ട്ടിക്കും മുന്നണിക്കും പ്രായോഗികമായി വലിയ ദോഷം ചെയ്തതായി ഹൈക്കമാന്‍റിന് തന്നെ ബോധ്യമുണ്ട്. എല്ലാ വിഭാഗം സമുദായ സംഘടനകളെയും പിണക്കുന്ന നിലപാടുകളാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. ഭൂരിപക്ഷ സമുദായ സംഘടനകളെ പിണക്കിയതിന് തൊട്ടു പിന്നാലെ,എറണാകുളം സീറ്റിന്‍റെ പേരിൽ അഭിപ്രായപ്രകടനം നടത്തിയ പിതാക്കന്മാരെ അധിക്ഷേപിക്കാനും സതീശൻ തയ്യാറായതും കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

കൂട്ടുകക്ഷിമുന്നണിരാഷ്ട്രീയവും ബഹുസ്വര സാമൂഹിക സാംസ്‌കാരിക അന്തരീക്ഷവുമുള്ളൊരു സംസ്ഥാനത്ത് എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ഒന്നിച്ചു കൊണ്ടുപോകാനുള്ള നയചാതുരിയും ഹൃദയവിശാലതയുമാണ് ഒരു നേതാവിന് അവശ്യം വേണ്ടത് എന്ന, കെ.കരുണാകരനെപ്പോലുള്ള വലിയ നേതാക്കള്‍ പഠിപ്പിച്ച പാഠം സതീശന്‍ അവഗണിച്ചതായാണ് ആരോപണം. കൊച്ചിക്കും കേരളത്തിനുമപ്പുറം പ്രവര്‍ത്തിച്ച് പരിചയമില്ലെന്നതും ഇക്കാര്യത്തില്‍ വി.ഡി.സതീശനു വിനയായിരിക്കാം.

പിണറായിക്കെതിരേ ഇഡി വന്നാൽ തടയും, മകൾക്കെതിരേ വന്നാൽ പാർട്ടിയെ വിളിക്കരുത്; സിപിഎമ്മിൽ വിമർശനം

അഭിഷേകിന് പിന്നാലെ തൃണമൂൽ എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം; തലയ്ക്ക് പരുക്ക്

ഗാസിയാബാദിൽ 17കാരനെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

ഡൽഹിയിൽ 5 നില വാണിജ്യ കെട്ടിടം തകർന്നു വീണു; 2 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

നാട്ടുകാരനായ മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കിയതിന് സിപിഐ പ്രവർത്തകനെതിരേ അച്ചടക്ക നടപടി