ചൂരൽമല ഉരുൾബപൊട്ടലിനു ശേഷമുള്ള കാഴ്ച.
File photo
ദുരിതമനുഭവിക്കുന്ന ചൂരൽമല ഗ്രാമവാസികൾ, കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിന്‍റെ ഭീതിയിലാണ് ജീവിക്കുന്നത്. അപകട മേഖലയുടെ അതിർത്തിയിലുള്ള തങ്ങളെ സർക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് സർക്കാരിന്‍റെ ഭാഗത്തുനിന്ന് നടപടികൾ പുരോഗമിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.
രാഹുൽ വൈഷ്ണവി
കൽപ്പറ്റ (വയനാട്): സർക്കാർ 'നിരോധിത മേഖലയായി' പ്രഖ്യാപിച്ച പ്രദേശത്ത് ദുരിതക്കയത്തിലാണ് ചൂരൽമലയിലെ നിരവധി കുടുംബങ്ങളുടെ ജീവിതം. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട ജീവനുകളാണ്, ഓരോ മഴക്കാലത്തും അവരുടെ കൺമുന്നിൽ തെളിയുക. ഇടവപ്പാതിയും തുലാവർഷവും ബാക്കി വയ്ക്കുന്നതെന്തെന്ന ആശങ്കകൾക്കു നടുവിലേക്കാണ് ഇവർ ഓരോ പ്രഭാതത്തിലും ഉറക്കമുണരുന്നത്.
സാങ്കേതികമായി, അപകടമേഖലയ്ക്ക് ഏതാനും മീറ്ററുകൾ മാത്രം പുറത്താണ് ഇവർ താമസിക്കുന്നതത്. മറ്റൊരു ദുരന്തമുണ്ടാകുന്നതിനു മുൻപ് തങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് അവർ സർക്കാരിനോട് അഭ്യർഥിക്കുന്നു. 2024 ജൂലൈ 30നാണ് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ വലിയ ഉരുൾപൊട്ടലുണ്ടായത്. ഈ രണ്ട് പ്രദേശങ്ങളെയും അത് ഏതാണ്ട് പൂർണമായി നശിപ്പിച്ചുകളഞ്ഞു.
മുണ്ടക്കൈയിലേക്കുള്ള പ്രവേശനം ഇപ്പോഴും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട വീടുകളിൽ നിന്ന് സാധനങ്ങൾ എടുക്കാൻ മുൻ താമസക്കാർക്ക് ചുരുങ്ങിയ സമയത്തേക്ക് അനുമതിയുണ്ട്. മാധ്യമപ്രവർത്തകർക്ക് പാസ് ഉണ്ടെങ്കിൽ വൈകിട്ട് മൂന്നു വരെ പ്രവേശനം.
ഉരുൾപൊട്ടലിനു ശേഷം സൈന്യം നിർമിച്ച 190 അടി നീളമുള്ള താത്കാലിക പാലത്തിലൂടെ മാത്രമേ ദുരന്തം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിക്കൂ. സൈനിക വാഹനങ്ങൾക്കും ആംബുലൻസുകൾക്കും രക്ഷാപ്രവർത്തനത്തിനെത്താൻ വേണ്ടി നിർമിച്ചതായിരുന്നു ഈ പാലം.
ഗ്രാമത്തിലൂടെ നടക്കുമ്പോൾ, ഭീതിജനകമായ നിശ്ശബ്ദതയാണ് ചൂഴ്ന്നു നിൽക്കും. ഉണങ്ങിയ ഇലകളിലും ചുള്ളികളിലും ചവിട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദം മാത്രമാണ് കേൾക്കാനുണ്ടായിരുന്നത്. പകുതി തകർന്ന വീടുകളുടെയും തകർന്ന വാഹനങ്ങളുടെയും അവശിഷ്ടങ്ങൾ ദുരന്തത്തിന്‍റെ വ്യാപ്തി വെളിവാക്കുന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ, ചില വീടുകളുടെ പ്രധാന വാതിലുകൾ ഇപ്പോഴും പൂട്ടിയിട്ടിരിക്കുന്നു! ഒരു ദിവസം തിരികെ വരുമെന്ന പ്രതീക്ഷയിൽ ധൃതിയിൽ സ്ഥലം വിട്ട കുടുംബങ്ങളുടെ അടയാളംപോലെ.
ദുരന്തത്തിൽ മരിച്ചവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രാർഥനകൾ അർപ്പിക്കാനും, ഏതോ കാലത്തെ സന്തോഷത്തിന്‍റെ ഓർമകളിൽ കണ്ണീരണിയാനും മാത്രമായി ഇവിടം സന്ദർശിക്കാറുണ്ട്.
ദുരന്തത്തിൽ തന്‍റെ സഹോദരിയെയും സഹോദരിയുടെ ഭർത്താവിനെയും മരുമകളെയും നഷ്ടപ്പെട്ടയാളാണ് ചൂരൽമലയിലെ 54 വയസുകാരനായ തേയിലത്തോട്ടം തൊഴിലാളി കെ. ഹംസ. നോ-ഗോ സോണിന്‍റെ അതിർത്തിയിൽ താമസിക്കുന്ന അദ്ദേഹം അവിടെ ഇപ്പോഴും അപകടസാധ്യത നിലനിൽക്കുന്നതായി പറഞ്ഞു.
''വീണ്ടും ഉരുൾപൊട്ടിയാലോ എന്ന ഭയത്തിലാണ് ഞങ്ങൾ ജീവിക്കുന്നത്. അതിജീവിക്കാനാവുമോ എന്നറിയില്ല. ഇവിടെ അപകടസാധ്യതയുണ്ട്, അതുകൊണ്ടു ഞങ്ങൾക്ക് ഇവിടെ നിന്നു മാറണം, പക്ഷേ, അതിന് ഞങ്ങൾക്ക് അർഹതയില്ലത്രെ'', അദ്ദേഹം പറഞ്ഞു.
ബെയ്‌ലി പാലം
ഉരുൾപൊട്ടലിൽ പ്രദേശത്തെ രണ്ട് സ്കൂളുകളും ചില സർക്കാർ ഓഫിസുകളും പൂർണമായി നശിച്ചു. ഇപ്പോൾ 13 കിലോമീറ്റർ അകലെയുള്ള മേപ്പാടിയിലേക്ക് അവ മാറ്റിയിരിക്കുകയാണ്.
''കുട്ടികളെ സ്കൂളിൽ കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും എല്ലാ ദിവസവും അവിടെ പോകണം. ഇത് വളരെ ബുദ്ധിമുട്ടാണ്'', ഹംസയുടെ സുഹൃത്തും അയൽവാസിയുമായ സുധീർ എം (48) പറഞ്ഞു.
അപകടസാധ്യതയുള്ള പ്രദേശങ്ങളുടെ അതിർത്തിയിൽ താമസിക്കുന്നവരെയും പുനരധിവസിപ്പിക്കണമെന്നാണ്, ചൂരൽമലയിൽ താമസിക്കുന്ന ഉമ്മർ (62) എന്ന തേയിലത്തോട്ടം തൊഴിലാളിയും ആവശ്യപ്പെടുന്നത്.
''സർക്കാർ ഞങ്ങളുടെ അഭ്യർഥന പരിഗണിക്കുമെന്നു ഞാൻ കരുതുന്നു'', അദ്ദേഹം പറഞ്ഞു.
ബാക്കിയായവരുടെ ദുരിതത്തെക്കുറിച്ച് റവന്യൂ മന്ത്രി കെ. രാജനോടു ചോദിച്ചപ്പോൾ, നിരവധി അപേക്ഷകൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അവ പരിഗണനയിലാണെന്നുമായിരുന്നു മറുപടി. റവന്യൂ വകുപ്പിനു കീഴിലാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പ്രവർത്തിക്കുന്നത്.
''അപ്പീലുകൾ ഇതിനകം രണ്ട് തവണ പരിശോധിച്ചെങ്കിലും, അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് ഓരോ കേസും നേരിട്ട് പരിശോധിക്കാൻ ദുരന്തനിവാരണ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി വയനാട് സന്ദർശിക്കും'', രാജൻ വ്യക്തമാക്കി.
''ദുരിതബാധിതരുടെയും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും ക്ഷേമത്തിനാണ് സർക്കാർ എപ്പോഴും മുൻഗണന നൽകുന്നത്. സമീപത്ത് താമസിക്കുന്ന മറ്റുള്ളവരെ പ്രത്യേക പദ്ധതികളിൽ ഉൾപ്പെടുത്തുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യും'', അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിന്‍റെ ഒന്നാം വാർഷികത്തിൽ, 49 പേരെക്കൂടി ഗുണഭോക്താക്കളുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഇവർക്ക് വയനാട്ടിലെ കൽപ്പറ്റയിലുള്ള എൽസ്റ്റൺ എസ്റ്റേറ്റിൽ താമസസൗകര്യം ഒരുക്കും. അവിടെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഒരു ടൗൺഷിപ്പ് നിർമിക്കുന്നുണ്ട്.
കഴിഞ്ഞ മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് എൽസ്റ്റൺ എസ്റ്റേറ്റിലെ സർക്കാർ ഭൂമിയിൽ ഒരു മാതൃകാ ടൗൺഷിപ്പിനു തറക്കല്ലിട്ടത്. വയനാട് എംപി പ്രിയങ്ക ഗാന്ധി വദ്രയും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
കൽപ്പറ്റ ബൈപാസിനടുത്തായി സർക്കാർ ഏറ്റെടുത്ത 64 ഹെക്റ്റർ സ്ഥലത്താണ് ഈ ടൗൺഷിപ്പ് വരുന്നത്. ഏഴ് സെന്‍റ് വീതമുള്ള പ്ലോട്ടുകളിൽ 1,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റനില വീടുകളാണ് നിർമിക്കുക.
(പിടിഐ)