വി.എസ്. അച്യുതാനന്ദൻ

 
Special Story

'നമ്മൾ നമ്മളുടെ ജോലി ചെയ്യുന്നു അല്ലേ..‍?!'

പിണറായി വിജയൻ അന്ന് എംഎൽഎയല്ല, സിപിഎം സെക്രട്ടറിയാണ്.

ജോസഫ് എം. പുതുശേരി

വി.എസ്. അച്യുതാനന്ദന്‍റെ ഈ വാക്കാണ് ചമ്മി വിയർത്ത് വല്ലാതായ ഒരു സന്ദർഭത്തിൽ എനിക്കു രക്ഷാമാർഗമൊരുക്കിയത്. സ്ഥലം നിയമസഭാ മന്ദിരം. എംഎൽഎമാർക്കുള്ള രണ്ടു ദിവസത്തെ പരിശീലന പരിപാടി തുടങ്ങുന്ന സന്ദർഭം. ഞാൻ ഹാളിലേക്ക് കടന്നു ചെല്ലുമ്പോൾ വി.എസും ഉമ്മൻചാണ്ടിയും പിണറായി വിജയനും കെ.എം. മാണിയും അടക്കമുള്ള ഒന്നാംനിര നേതാക്കളെല്ലാം വട്ടം നിന്ന് കുശലം പറയുകയാണ്. പിണറായി വിജയൻ അന്ന് എംഎൽഎയല്ല, സിപിഎം സെക്രട്ടറിയാണ്. ഉദ്ഘാടന യോഗത്തിൽ അദ്ദേഹവും പ്രസംഗിക്കാനുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് നമസ്കാരം പറഞ്ഞു സാന്നിധ്യം അറിയിച്ചു. "പുതുശേരി ആണല്ലോ താരം' - ചിരിച്ചുകൊണ്ട് പിണറായി വിജയന്‍റെ കമന്‍റ്.

എകെജി സെന്‍ററിന് യൂണിവേഴ്സിറ്റി അനുവദിച്ചതിൽ കൂടുതൽ സ്ഥലം കൈവശപ്പെടുത്തി എന്ന വിവരം എനിക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ചത് മുഖ്യധാരാ ദിനപത്രങ്ങളിലെല്ലാം ഒന്നാം പേജ് വാർത്തയായിരിക്കുന്ന സമയമായിരുന്നു അത്. അത് ഉദ്ദേശിച്ചായിരുന്നു പിണറായിയുടെ പ്രതികരണം. അതുകൊണ്ടു തന്നെ ഞാനാകെ ചൂളി നിൽക്കുന്ന നിമിഷം. എന്‍റെ ആ അവസ്ഥ മനസിലാക്കിയാകാം, പെട്ടെന്ന് വന്നു വി.എസിന്‍റെ പ്രതികരണം; "നമ്മൾ നമ്മുടെ ജോലി ചെയ്യുന്നു അല്ലേ...'

ഇതു കേട്ടപാടെ എല്ലാവരും ചേർന്നു പൊട്ടിച്ചിരിയായി. ഞാനാ പിരിമുറുക്കത്തിൽ നിന്ന് രക്ഷപെടുകയും ചെയ്തു. വി.എസ് വിട പറയുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഈ സന്ദർഭമാണ് മനസിലേക്ക് ഓടിയെത്തിയത്. കമ്യൂണിസ്റ്റ്‌ എന്ന സങ്കൽപ്പത്തിന് അപഭ്രംശം സംഭവിക്കാതെ ഒരു നൂറ്റാണ്ടു കാലം തിളങ്ങിജീവിച്ച പോരാളി. നിലപാടുകളിലെ വ്യക്തത. സന്ധി ചെയ്യാത്ത പോരാട്ടവീര്യം.

ഇത് ആ മഹാ കമ്യൂണിസ്റ്റിനെ വ്യത്യസ്തനാക്കുന്നു. പ്രത്യേകിച്ചും വർത്തമാനകാല സാഹചര്യം അതിന്‍റെ ശോഭ കൂട്ടുന്നു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു എന്നിവരോടൊപ്പം എസ്എടി ആശുപത്രിയിൽ വി.എസിനെ കാണാൻ പോയിരുന്നു. മകൻ അരുൺ കുമാറിനെ കണ്ടു സംസാരിച്ചാണ് മടങ്ങിയത്. ജനപക്ഷ നേതാവിന് പ്രണാമം.

വേലിക്കകത്ത് വീട്ടിൽ നിന്നും അവസാനമായി വിഎസ് പടിയിറങ്ങി; അന്ത്യാഭിവാദ്യമർപ്പിച്ച് പതിനായിരങ്ങൾ

സ്കൂൾ അപകടഭീഷണിയിലെന്ന് വിദ‍്യാർഥികളുടെ കത്ത്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഫെമ നിയമ ലംഘനം; മിന്ത്രക്കെതിരേ ഇഡി

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം കേന്ദ്രം തള്ളി

''പുതിയ ഉപരാഷ്ട്രപതിയെ ഉടൻ തെരഞ്ഞെടുക്കും''; നടപടികൾ ആരംഭിച്ചതായി ഇലക്ഷൻ കമ്മിഷൻ