അപകടത്തിന് മുമ്പ് പൈലറ്റ് നല്‍കിയ 'മേയ് ഡേ കോള്‍' എന്താണ്?
അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 200ലേറെ യാത്രക്കാരുമായി ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്കു പറന്ന എഐ 171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലെ പൈലറ്റ് സുമീത് സബര്‍വാള്‍ അപകടത്തിനു മുമ്പ് ' മേയ് ഡേ കോള്‍ ' പുറപ്പെടുവിച്ചിരുന്നു.
എന്താണ് മേയ് ഡേ കോള്‍ ?
ഗുരുതരമായ സാഹചര്യത്തെ സൂചിപ്പിക്കുന്നതാണു മേയ് ഡേ കോള്‍. അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് (എടിസി) മേയ് ഡേ കോള്‍ നല്‍കി. എന്നാല്‍ അതിനു ശേഷം എടിസി നടത്തിയ കോളുകള്‍ക്ക് ഒരു പ്രതികരണവും പൈലറ്റില്‍നിന്ന് ലഭിച്ചില്ല. വിമാനത്താവളത്തിലെ റണ്‍വേ 23ല്‍ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39നാണ് വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ ടേക് ഒഫിനു പിന്നാലെ സമീപത്തെ ജനവാസ മേഖലയില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്നു ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
1920കളുടെ തുടക്കത്തില്‍ ലണ്ടനിലെ ക്രോയ്ഡണ്‍ വിമാനത്താവളത്തിലെ റേഡിയോ ഓഫിസറായിരുന്ന ഫ്രെഡറിക് സ്റ്റാന്‍ലി മോക്ക്ഫോര്‍ഡാണ് 'മേയ് ഡേ' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ഫ്രഞ്ച് പദമായ മൈഡര്‍ (m’aider) എന്നതിനെ ഉച്ചരിക്കുന്നത് മേയ് ഡേ എന്നാണ്. ' എന്നെ സഹായിക്കൂ ' എന്ന് അര്‍ഥം. 1923 ആയപ്പോഴേക്കും പൈലറ്റുമാര്‍ക്കും നാവികര്‍ക്കും വേണ്ടിയുള്ള അന്താരാഷ് ട്ര ആശയവിനിമയത്തിന്റെ ഭാഗമായി ഇത് മാറി.
1927ല്‍ മോഴ്‌സ് കോഡ് സിഗ്നലായ എസ്ഒഎസിനൊപ്പം ഇതും ഔദ്യോഗിക സിഗ്നലായി മാറി. അടിയന്തര സാഹചര്യങ്ങളില്‍ പൈലറ്റുമാര്‍, നാവികര്‍, മറ്റ് പ്രഫഷണലുകള്‍ എന്നിവര്‍ സഹായവും ശ്രദ്ധയും അഭ്യര്‍ഥിച്ചു കൊണ്ടു നല്‍കുന്ന അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു അപകട സൂചനയാണ് മേയ് ഡേ കോള്‍. ഗുരുതരമായ സാങ്കേതിക പ്രശ്‌നം, അപകടം, അല്ലെങ്കില്‍ ജീവനക്കാര്‍ക്കോ യാത്രക്കാര്‍ക്കോ ആസന്നമായ അപകടം എന്നിങ്ങനെ ജീവനു ഭീഷണിയായ ഒരു സാഹചര്യത്തെ മേയ് ഡേ കോള്‍ സൂചിപ്പിക്കുന്നു.