അജയൻ
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇതിന്‍റെ അടിസ്ഥാന കാരണങ്ങളെയും പരിഹാരത്തെയും കുറിച്ചുള്ള നിർണായക ചോദ്യങ്ങൾ ഓരോ മരണത്തിനും പിന്നാലെ ഉയരുകയും ചെയ്യുന്നുണ്ട്. മുൻകരുതൽ നടപടികളിലെ വീഴ്ചയുടെ പേരിൽ വനം വകുപ്പിനെ കുറ്റപ്പെടുത്തിയാൽ മതിയോ, അതോ പ്രശ്നം കൂടുതൽ സങ്കീർണമാണോ? ഈ ദാരുണ സംഭവങ്ങൾ പ്രധാനമായും വനപ്രദേശങ്ങളിലാണ് സംഭവിച്ചതെന്ന കേരള വനം മന്ത്രിയുടെ വാദം അപ്പാടെ നിരാകരിക്കാൻ കഴിയുമോ; വനങ്ങൾ വന്യജീവികളുടെ സ്വാഭാവിക മേഖലയാണെന്ന അടിസ്ഥാന യാഥാർഥ്യം വിസ്മരിക്കാൻ കഴിയുമോ? ഇതിനു പുറമേ, ഈ പരിസ്ഥിതിലോല മേഖലകളിൽ വനത്തിന്‍റെയും വന്യജീവികളുടെയും സംരക്ഷണത്തിലുപരി, മനുഷ്യ സംരക്ഷണത്തിനായി വാദിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ - മത സ്വാധീനങ്ങളെ ന്യായീകരിക്കാനാവുമോ?
പ്രകൃതിക്കെതിരായ മനുഷ്യന്‍റെ നിരന്തര ആക്രമണത്തിന്‍റെ ഫലമാണ് സംഘർഷാത്മകമായ ഈ പ്രതിസന്ധി. പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെയുള്ള വികസന പ്രവർത്തനങ്ങളും ജൈവികമായ അതിജീവനവും തമ്മിലുള്ള സംഘർഷമാണിത്. കാലാവസ്ഥാ വ്യതിയാനം ഇന്നൊരു മുന്നറിയിപ്പല്ല, വർത്തമാനകാല യാഥാർഥ്യം തന്നെയാണ്. തഴച്ചുവളർന്ന കാടുകൾ വെട്ടിത്തെളിച്ച് തോട്ടങ്ങൾ വളർത്തുകയും പിന്നീട് അവയിൽ പലതും ഉപേക്ഷിക്കപ്പെടുകയും ചെയ്തപ്പോൾ ശേഷിക്കുന്നത് സ്വാഭാവിക വനത്തിന്‍റെ ഛിന്നഭിന്നമായ തുരുത്തുകൾ മാത്രമാണ്. വന്യജീവികളുടെ സഞ്ചാരപഥങ്ങൾ പലയിടത്തായി മുറിഞ്ഞുപോയപ്പോൾ, പ്രകൃതിയിലെ ജീവികൾക്ക് അതിജീവനത്തിനുള്ള പോരാട്ടം കഠിനമായി. മനുഷ്യന്‍റെ അഭിവാഞ്ഛകൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമിടയിലെ സന്തുലനം പരിഹരിക്കാനാവാത്ത വിധം തകർന്നു. ഭൂമിയുടെ തുണ്ടുകൾ ആരാരുടേതൊക്കെ എന്ന ചോദ്യം മറ്റെന്നത്തെക്കാളും ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്നു.
ബോധപൂർവമായോ ക്രമേണയുള്ള കൈയറ്റങ്ങളിലൂടെയോ ആന ഇടനാഴികൾ തടസപ്പെടുത്തുന്നത് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അതിദീർഘവും നിരന്തരവുമായ നടത്തം ആനകളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്വാഭാവിക പ്രക്രിയയാണെന്നോർക്കണം. വന്യജീവികളുടെ സ്വൈര സഞ്ചാരത്തിനു തടസമുണ്ടാകുമ്പോൾ സംഭവിക്കാവുന്ന ദുരന്തങ്ങൾക്ക് ഉദാഹരണമാണ് അടുത്തിടെ ന്യൂ അമരമ്പലം - വയനാട് ആന ഇടനാഴിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം. ഒരുകാലത്ത് ഹനിക്കപ്പെടാത കിടന്ന വന്യതകളിലേക്ക് മനുഷ്യൻ വ്യാപകമായി കടന്നുകയറിത്തുടങ്ങിയതോടെ, മനുഷ്യരെയും വന്യജീവികളെയും സഹവസിച്ചു വിഹരിക്കാൻ പ്രാപ്തരാക്കിയിരുന്ന പുരാതനമായൊരു സന്തുലന വ്യവസ്ഥിതിയാണ് തകർക്കപ്പെട്ടത്.
ഭൂപ്രകൃതിയുടെ നഷ്ടപ്പെട്ട സന്തുലനം എങ്ങനെ പുനസ്ഥാപിക്കാനാവും, പരിസ്ഥിതി വിജ്ഞാനം ഉപയോഗപ്പെടുത്തുന്ന മാനുഷിക ഇടപെടലുകൾ അതിനുവേണ്ടി എങ്ങനെയൊക്കെ നടത്താനാവും എന്നെല്ലാമറിയാൻ രണ്ട് ഉത്തമോദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്- ഒന്ന് കർണാടകയിലും മറ്റൊന്ന് ഇവിടെ കേരളത്തിൽ തന്നെയും. കേരളത്തിലെ വയനാട്ടിലെ ഒരു നിർണായക ആന ഇടനാഴിയിലെ നാല് ഗ്രാമങ്ങളിൽ താമസിച്ചിരുന്നവരെ മാറ്റിപ്പാർപ്പിച്ചത് മൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപാത തിരികെ കൊടുക്കാൻ സഹായകമായി. ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലെ കേരള - കർണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തിരുനെല്ലി - കുറക്കോട് (ബ്രഹ്മഗിരി - തിരുനെല്ലി) ആന ഇടനാഴിക്ക് ഇപ്പോഴതിന്‍റെ പഴയ പച്ചപ്പ് തിരിച്ചുകിട്ടിയിരിക്കുന്നു.
ഈ പരിവർത്തന ശ്രമത്തിന്‍റെ സൂത്രധാരനായ വന്യജീവി ജീവശാസ്ത്രജ്ഞൻ സാബു ജഹാസിന്‍റെ അഭിപ്രായത്തിൽ, വന്യജീവികൾക്കായി വനങ്ങൾ സംരക്ഷിക്കുക എന്നത് ഒരു തെരഞ്ഞെടുപ്പല്ല, മറിച്ച് ഒരു ആവശ്യകതയാണ്. വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി ഈ പദ്ധതിക്കു നേതൃത്വം നൽകിയ സാബു ജഹാസിന്‍റെ വ്യക്തിമുദ്ര കേരളത്തിന്‍റെ അതിർത്തികൾക്കു പുറത്തേക്കും വ്യാപിച്ചുകിടക്കുന്നതാണ്. കർണാടകയിലെ എടയാരഹള്ളി ആന ഇടനാഴിയിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും ഫലപ്രദമായിരുന്നു. ബിലിഗിരി രംഗസ്വാമി ക്ഷേത്രം (ബിആർടി) വന്യജീവി സങ്കേതത്തെ എംഎം ഹിൽസുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി, 2003 - 2004 കാലഘട്ടത്തിൽ യാഡിയാല ഗ്രാമത്തിലെ 14 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ജനവാസമുണ്ടായിരുന്ന 33 ഏക്കർ ഭൂമി ബിആർടി സങ്കേതത്തിൽ സുഗമമായി ലയിച്ചുചേർന്ന്, ഇടതൂർന്ന വനമായി ഇന്നു വളർന്നു നിൽക്കുന്നു.
പീപ്പിൾ ഫോർ ഫോറസ്റ്റ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ ഇന്ത്യ (പിഎഫ്‌ഡബ്ല്യുസിഐ) നേതാവും പരിസ്ഥിതി പ്രവർത്തകനുമായ ജോൺ പീറ്ററുടെ നിരീക്ഷണത്തിൽ, ഈ പരിവർത്തനം ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, വന്യജീവികൾക്ക് തടസമില്ലാത്ത പാതയൊരുക്കുകയും ചെയ്തിട്ടുണ്ട്. പ്രകൃതിയുടെയും സംരക്ഷണാധിഷ്ഠിത മനുഷ്യ പരിശ്രമത്തിന്‍റെയും അനിവാര്യവുമായ സഹവർത്തിത്വം പുനസ്ഥാപിക്കാൻ ഈ പരിവർത്തനത്തിനു സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വടക്കൻ വയനാട് ശ്രേണിയിലെ സിആർസി കുന്നിൽ നിന്നുള്ള താമസക്കാരെ മാറ്റിപ്പാർപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്കു മുൻപ് ഇരുളക്കുന്നിൽ വനം വകുപ്പ് നിർദേശിച്ച പദ്ധതി, പ്രോജക്റ്റ് എലിഫന്‍റ് പ്രകാരം സാമ്പത്തിക സഹായം ലഭിച്ചിട്ടു പോലും വിജയമായതുമില്ല.
ഈ ദുരന്തങ്ങളുടെ ഉത്തരവാദിത്വം വനം വകുപ്പിനു തന്നെയാണെന്ന് വയനാട്ടിലെ സാമൂഹിക പ്രവർത്തകൻ പി.ടി. ജോൺ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റം ആവശ്യമാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. 2006ലെ പട്ടികവർഗ, മറ്റ് പരമ്പരാഗത വനവാസി (വനാവകാശങ്ങൾ അംഗീകരിക്കൽ) നിയമം അക്ഷരാർഥത്തിലും ആത്മാവറിഞ്ഞും നടപ്പിലാക്കണമെന്നാണ് ജോൺ വാദിക്കുന്നത്. വനവിഭവങ്ങൾക്കു മേലുള്ള തദ്ദേശീയ സമൂഹങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചുകൊടുക്കുന്നതാണ് ഈ നിയമം. എന്നിരുന്നാലും, തലമുറകളായി ഈ ഭൂമിയെ പരിപോഷിപ്പിച്ചവർക്ക് ശരിയായ ഉടമസ്ഥാവകാശം നിഷേധിക്കപ്പെടുന്നു. ഈ സമൂഹങ്ങളാണ് വനത്തിന്‍റെ യഥാർഥ സംരക്ഷകർ. തലസ്ഥാനത്തിരുന്ന് നയം രൂപീകരിക്കുന്നവരെയും ഉദ്യോഗസ്ഥരെയും അപേക്ഷിച്ച് കൂടുതൽ മികച്ച സംരക്ഷകരാക്കി അവരെ മാറ്റാനാവും. വനവുമായുള്ള അവരുടെ ആഴത്തിലുള്ള ബന്ധമാണ് അതിനു കാരണമായി ജോൺ ചൂണ്ടിക്കാട്ടുന്നത്.
ടൂറിസം ലാഭകരമായ ഒരു വ്യവസായമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. വരുമാനം നേടിത്തരുന്നു എന്ന ഒറ്റക്കാരണത്താൽ, സർക്കാർ അനുമതികളുടെ തണലിൽ ടൂറിസം തഴച്ചുവളരുകയാണ്. എന്നാൽ, ഇതിലൊരു വിരോധാഭാസമുണ്ട്; വനങ്ങളെ സംരക്ഷിക്കാൻ ചുമതലപ്പെട്ട വനം വകുപ്പ് തന്നെ പരിസ്ഥിതി ടൂറിസത്തെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. വന്യജീവി ആവാസ വ്യവസ്ഥകളിലേക്കുള്ള മനുഷ്യന്‍റെ കടന്നുകയറ്റം ത്വരിതപ്പെടുത്തുകയും, അവയുടെ സ്വഭാവിക ജീവിതം തടസപ്പെടുത്തുന്നതിൽ പങ്കാളിത്തം വഹിക്കുകയുമാണ് വനം വകുപ്പ് ഇതുവഴി ചെയ്യുന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏറ്റവും പുതിയ പത്തിന കർമ പദ്ധതിയുമായി അടുത്ത ബന്ധമുള്ള ഒരു മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ, ഈ ദുരന്തങ്ങളുടെ മൂലകാരണം മെട്രൊ വാർത്തയോടു തുറന്നു സമ്മതിക്കുന്നു. വന്യജീവികളുടെ സഞ്ചാരത്തിന് വലിയ തടസമാണ് ഇവിടെയുള്ളത്. 'വികസനം' എന്ന പേരിൽ വനങ്ങളിലൂടെ നിർമിക്കുന്ന റോഡുകൾ കാരണം വന്യജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ നെടുകെയും കുറുകെയും പിളർത്തപ്പെടുന്നു. ഒരു കാലത്ത് വിശാലമായ കിടന്ന വനഭൂമി ഇതോടെ തുരുത്തുകളായി മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കാടുകളിലൂടെ കനാലുകൾ വെട്ടി, അതിനു കുറുകെ പാലങ്ങളും കെട്ടുക വഴി മനുഷ്യന്‍റെ അനിയന്ത്രിതമായ കടന്നുകയറ്റമാണ് നടന്നിട്ടുള്ളത്. വന്യജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെയും സഞ്ചാരപഥങ്ങളെയും ഇത് ഗുരുതരമായി ബാധിച്ചു. കാട്ടിലൂടെ ദിവസം 16 മണിക്കൂറോളം നിർബാധം സഞ്ചരിച്ചിരുന്ന ആനക്കൂട്ടങ്ങൾ, അവയുടെ പരമ്പരാഗത പാതകൾ നഷ്ടമായപ്പോൾ ചെന്നു കയറുന്നത് മനുഷ്യന്‍റെ കൃഷിയിടങ്ങളിലേക്കും വീട്ടുമുറ്റങ്ങളിലേക്കുമാണ്. സ്വാഭാവിക ഭക്ഷണം കണ്ടെത്താൻ ആവശ്യമായ അധ്വാനം ഒഴിവാക്കി, പോഷകസമൃദ്ധമായ വിളകൾ എളുപ്പത്തിൽ കണ്ടെത്താം എന്ന ബദൽ കൂടിയാണ് വന്യജീവികളെ അവിടെ കാത്തിരിക്കുന്നത്.
റബ്ബർ തോട്ടങ്ങളോ റംബുട്ടാൻ തോട്ടങ്ങളോ ചൂണ്ടിക്കാട്ടിയാണ് സർക്കാർ പലപ്പോഴും വളരുന്ന പച്ചപ്പിനെക്കുറിച്ച് വീമ്പിളക്കുന്നത്. ഈ എസ്റ്റേറ്റുകളിൽ പലതും പ്രാകൃത വനങ്ങളുടെ നഷ്ടത്തിനു പകരമാവുന്നില്ലെന്ന സത്യം അപ്പോഴും നിഷേധിക്കാനാവാത്ത തുടരുന്നു. ലാഭം കുറഞ്ഞതോടെ തോട്ടങ്ങളിൽ പലതും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ പ്രവേശനം അപകടകരമാകുന്ന വിധത്തിൽ ഇടതൂർന്ന വന്യജീവി കേന്ദ്രങ്ങളായി മാറുകയാണവ. അത്തരം നിരവധി എസ്റ്റേറ്റുകൾക്ക് നോട്ടീസുകൾ നൽകുന്നുണ്ടെന്ന് വനം ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി; അവ വനഭൂമിയായി തിരിച്ചുപിടിച്ച് പുനഃസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറയുന്നു. പരിസ്ഥിതി സംരക്ഷണം ഒറ്റപ്പെട്ട പ്രക്രിയയല്ലെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു. തദ്ദേശീയ സമൂഹങ്ങളുമായി സഹകരിച്ച്, അവരുടെ പരമ്പരാഗത അറിവുകൾ കൂടി ഉൾച്ചേർക്കുന്നതാവണം സുസ്ഥിര സംരക്ഷണത്തിനുള്ള ഉദ്യമം.
വയനാട്ടിലെ മണ്ണിടിച്ചിലിലൂടെ കേരളം പഠിക്കേണ്ട കഠിനമായ പാഠങ്ങൾ അവഗണിക്കാനും പ്രദേശത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന തുരങ്ക പദ്ധതിയുമായി മുന്നോട്ടു പോകാനും വാശി പിടിക്കുന്ന സംസ്ഥാന സർക്കാർ ഒരു വശത്ത്; തങ്ങളുടെ സൗകര്യാർഥം വന്യജീവികളെ കൊന്നുതള്ളാൻ ആവശ്യപ്പെടുന്ന രാഷ്ട്രീയ, മത ഗ്രൂപ്പുകൾ മറുവശത്ത്. കാലാവസ്ഥാ വ്യതിയാനം നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ, സംരക്ഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നതല്ല, മറിച്ച് പ്രകൃതിക്ക് എത്രകാലം മനുഷ്യന്‍റെ ഈ അവസാനിക്കാത്ത ഭ്രാന്ത് സഹിക്കാൻ കഴിയും എന്നതാണ് യഥാർഥ ചോദ്യം. സഹജവാസന പിന്തുടരുന്ന മൃഗങ്ങളാണോ, അതോ ക്രമാനുഗതമായി വനങ്ങൾ കൈയേറിയ മനുഷ്യരാണോ ഈ ദുരന്തങ്ങൾക്ക് ഉത്തരവാദികൾ എന്നു തിരിച്ചറിയേണ്ടതുണ്ട്.