ചില്ലിക്കൊമ്പന്‍റെ ജഡം കനാലിൽ.
MV
ചില്ലിക്കൊമ്പന്‍റെ മരണത്തെ ചുറ്റിപ്പറ്റിയ ആത്മഹത്യാ സംശയങ്ങൾ നിലനിൽക്കെ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ആനകൾ തമ്മിലുള്ള പോരാട്ടത്തിൽ നിന്നുണ്ടായ മാരകമുറിവുകളെക്കുറിച്ച് ഇതിൽ സൂചനയുണ്ട്. എന്നാൽ, ആനകളുടെ ഉയർന്ന ബുദ്ധിശക്തിയും ചിന്താശേഷിയും ദുഃഖാചരണവും, കൂടാതെ ഗോത്ര വർഗങ്ങൾ പകർന്നു നൽകിയ നാട്ടറിവുകളും കെന്നത്ത് ആൻഡേഴ്സൺ രേഖപ്പെടുത്തിയ ആന ആത്മഹത്യ കഥകളും ചേർന്ന് മൃഗലോകത്തിലെ മരണ സങ്കൽപ്പങ്ങളുടെ സങ്കീർണതെ വീണ്ടും ചർച്ചയാക്കുന്നു.
പറമ്പിക്കുളം ആളിയാർ പദ്ധതിയുടെ കനാലിൽ ഒഴുക്കിൽപ്പെട്ട് ചരിഞ്ഞ കാട്ടാന ചില്ലിക്കൊമ്പന് മറ്റേതോ ആനയുടെ കുത്തേറ്റിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതോടെ ആന ആത്മഹത്യ ചെയ്തെന്ന സംശയത്തിന് കുറേയൊക്കെ അറുതിയായി. ചില്ലിക്കൊമ്പന്‍റെ വയറിൽ ഉൾപ്പെടെ ഗുരുതര സ്വഭാവമുള്ള മുറിവുകൾ കണ്ടെത്തിയിരുന്നു. ഇത് ആനകൾ തമ്മിലുള്ള പോരിനിടെ സംഭവിച്ചതാണെന്നാണു നിഗമനം.
ആനയെ കരയ്ക്കു കയറാന്‍ സഹായിക്കുന്നതിനായി ചുറ്റുമുണ്ടായിരുന്ന ആളുകൾ നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ചില്ലിക്കൊമ്പന്‍ ഒട്ടും രക്ഷപെടാൻ ശ്രമിച്ചിരുന്നില്ല. ശാരീരിക അവശതകളോ പ്രയാധിക്യമോ കൊണ്ട് വലയുമ്പോള്‍ ആനകള്‍ പുഴയിലെ കയങ്ങളില്‍ ഇറങ്ങി നിൽക്കാറുണ്ട്. കനാലിലെ ഒഴുക്കില്‍പ്പെട്ടപ്പോള്‍ ചില്ലിക്കൊമ്പന്‍ രക്ഷപെടാൻ ശ്രമിച്ചിരുന്നില്ല. ഇത് വ്യക്തമാക്കുന്ന വിഡിയൊ പ്രചരിച്ചതോടെയാണ് ആന ആത്മഹത്യ ചെയ്തതാണെന്ന സംശയം ഉയർന്നകത്.
ചില വന്യജീവി വിദഗ്ധർ ഉന്നയിച്ച ഈ സംശയത്തിനെതിരേ ആനപ്രേമികളും മറ്റും രൂക്ഷമായ വിമർശനവും ഉന്നയിച്ചു. മനുഷ്യരെപ്പോലെ പക്ഷിമൃഗാദികൾ ആത്മഹത്യ ചെയ്യാറില്ലെന്നാണ് ഇവർ വാദിക്കുന്നത്. എന്നാൽ, ആന മാത്രമല്ല, പല പക്ഷിമൃഗാദികളും ആത്മഹത്യക്കു തുല്യമായി സ്വയം മരണം വരിക്കുന്നതായി മുൻപും കണ്ടെത്തിയിട്ടുള്ളതാണ്.
മനുഷ്യന്‍റെ കുത്തകയല്ല ആത്മഹത്യ
ആത്മഹത്യ എന്ന വാക്കിന് മനുഷ്യരുമായി ബന്ധപ്പെടുത്തി നൽകുന്ന വ്യാഖ്യാനം ആനകൾ അടക്കമുള്ള സസ്തനികൾക്ക് യോജിക്കണമെന്നില്ല. ആനക്കുട്ടി ചരിയുമ്പോൾ അമ്മ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതും, ആനക്കൂട്ടം 'ദുഃഖാചരണം' നടത്തുന്നതുമൊക്കെ സാധാരണമാണ്. ഇത്തരം സങ്കീർണമായ വൈകാരിക അവസ്ഥകൾ ആനകൾക്ക് അനുഭവിക്കാൻ സാധിക്കും.
അഞ്ച് കിലോഗ്രാമോളം ഭാരമുള്ള ആനകളുടെ തലച്ചോറിൽ, മനുഷ്യന്‍റെ തലച്ചോറിലേതിന്‍റെ മൂന്ന് മടങ്ങ് കോർട്ടിക്കൽ ന്യൂറോൺസ് ഉണ്ട്. അതാണ് അവയുടെ അസാധാരണമായ ഓർമശക്തിക്കു കാരണം.മിറർ ടെസ്റ്റ് എന്നറിയപ്പെടുന്ന പരീക്ഷണത്തിൽ വിജയിച്ചിട്ടുള്ള അത്യപൂർവം മൃഗങ്ങളിലൊന്ന് ആനയാണ്. കണ്ണാടിയിൽ കാണുന്നത് സ്വന്തം പ്രതിബിംബമാണെന്നും, മറ്റൊരു ആനയല്ലെന്നും തിരിച്ചറിയാനുള്ള കഴിവാണിത്. ആറ് വയസുള്ള കുട്ടിയുടേതിനു സമാനമായ ബുദ്ധിശക്തിയും ചിന്താശേഷിയും ആനകൾക്കുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതും.
കെന്നത്ത് ആൻഡേഴ്സൺ പറഞ്ഞത്
കെന്നത്ത് ആൻഡേഴ്സൺ
'ദി ടൈഗർ റോർസ്' (The Tiger Roars) എന്ന പുസ്തകത്തിൽ ആനകളുടെ 'ആത്മഹത്യ'യെക്കുറിച്ച് കെന്നത്ത് ആൻഡേഴ്സൺ വളരെ കൗതുകകരവും സങ്കടകരവുമായ ഒരു പ്രതിഭാസം വിവരിക്കുന്നുണ്ട്. വാർധക്യത്തിലെത്തിയ ഒരു കൊമ്പനാനയുടെ ജീവിതത്തിന്‍റെ അവസാന ഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണ് അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്.
ഗോത്രവർഗക്കാർ തന്നോട് പങ്കുവച്ചതും, പിന്നീട് സ്വന്തം നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ടതുമായ ഒരു കഥയാണ് ആൻഡേഴ്സൺ ഇതിനായി പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. പ്രായമായതോ, രോഗബാധിതരോ, ഗുരുതരമായി പരിക്കേറ്റതോ ആയ ആനകളെ കൂട്ടത്തിൽ നിന്ന് പുറത്താക്കുന്ന പതിവുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ അവ സ്വന്തം ജീവൻ അവസാനിപ്പിക്കാൻ ബോധപൂർവമായ ഒരു തീരുമാനം എടുക്കാറുണ്ടെന്നാണ് അദ്ദേഹം വാദിക്കുന്നത്.
ദക്ഷിണേന്ത്യൻ കാടുകളെയും അവിടുത്തെ വന്യജീവികളെയും കുറിച്ച് എഴുതിയ പ്രശസ്തനായ എഴുത്തുകാരനും വേട്ടക്കാരനും പരിസ്ഥിതി സ്നേഹിയുമായിരുന്നു കെന്നത്ത് ആൻഡേഴ്സൺ. ഉത്തരേന്ത്യൻ കാടുകളെക്കുറിച്ച് എഴുതിയ ജിം കോർബറ്റിനെപ്പോലെ, ദക്ഷിണേന്ത്യയിലെ വന്യജീവി സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകാരനാണ് അദ്ദേഹം.
ഗോത്ര ജ്ഞാനം
കെന്നത്ത് ആൻഡേഴ്സൺ എഴുതിയ, 'ദി ടൈഗർ റോർസ്' എന്ന പുസ്തകം.
പ്രായമായ ഒരു കൊമ്പനാന തന്‍റെ അന്ത്യം അടുത്തെന്ന് തിരിച്ചറിയുമ്പോഴോ, അല്ലെങ്കിൽ രോഗത്തിന്‍റെയോ പരിക്കിന്‍റെയോ വേദന സഹിക്കാൻ കഴിയാതെ വരുമ്പോഴോ, അത് ആരും കാണാത്ത ഒരു പ്രത്യേക ജലാശയം തെരഞ്ഞെടുക്കുമെന്ന് ആൻഡേഴ്സൺ എഴുതുന്നു.
കരയിൽ കിടന്ന് സ്വാഭാവികമായി മരിക്കുന്നതിന് പകരം, ആന ഈ പുഴയിലോ കുളത്തിലോ ഇറങ്ങി മനഃപൂർവം ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കും. തുടർന്ന് വെള്ളം ശ്വസിച്ച് മുങ്ങിമരിക്കുന്നത് വരെ തന്‍റെ തലയും തുമ്പിക്കൈയും വെള്ളത്തിനടിയിൽ തന്നെ പിടിച്ചുവയ്ക്കുമെന്നും അദ്ദേഹം പറയുന്നു.
ഗോത്രവർഗക്കാരുടെ ഈ അറിവ് ശരിയാണെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം ആൻഡേഴ്സൺ വിവരിക്കുന്നുണ്ട്. രോഗബാധിതനായ ഒരു കൊമ്പനാനയുടെ കാൽപ്പാടുകൾ പിന്തുടർന്ന് അദ്ദേഹവും ഗൈഡുകളും കാട്ടിലെ ഒരു പ്രത്യേക കുളത്തിനടുത്ത് എത്തിച്ചേർന്നു. 'ആനകൾ മരിക്കാൻ വരുന്ന സ്ഥലം' എന്നാണ് പ്രാദേശിക ഗോത്രവർഗക്കാർ ആ കുളത്തെ വിളിച്ചിരുന്നത്.
ആൻഡേഴ്സൺ അവിടെ എത്തുമ്പോൾ ആ കുളത്തിന് നാലടി മാത്രമായിരുന്നു ആഴം. അത്രയും വലിയൊരു മൃഗം അബദ്ധത്തിൽ മുങ്ങിമരിക്കാൻ മാത്രം ആഴം ആ കുളത്തിന് ഇല്ലായിരുന്നു. എന്നിട്ടും ആ കൊമ്പനാനയുടെ ജഡമാണ് അവർ കാണുന്നത്. ശ്വാസം മുട്ടി മരണം ഉറപ്പാക്കാൻ വേണ്ടി, ആഴം കുറഞ്ഞ ആ വെള്ളത്തിൽ തലയും തുമ്പിക്കൈയും പൂർണമായി താഴ്ത്തി അത് മനഃപൂർവം ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുകയായിരുന്നുവത്രെ.
ആനയുടെ ഡിപ്രഷൻ
ആനകളുടെ ഉയർന്ന വൈകാരിക ബുദ്ധിയുമായി ഈ പെരുമാറ്റം ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആൻഡേഴ്സൺ നിരീക്ഷിച്ചു. പ്രായമാകുമ്പോഴോ, പല്ലുകൾ കൊഴിയുമ്പോഴോ, അല്ലെങ്കിൽ ശക്തനായ മറ്റൊരു കൊമ്പനോട് തോറ്റ് കൂട്ടത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോഴോ ആനകൾക്ക് കടുത്ത മാനസിക ആഘാതമുണ്ടാകുന്നു.
കൂട്ടത്തിന്‍റെ പിന്തുണ നഷ്ടപ്പെടുന്നതോടെ ഈ ഒറ്റയാൻ കടുത്ത വിഷാദത്തിലേക്ക് (depression) വീണുപോകുകയും, ഒടുവിൽ സ്വന്തം ജീവൻ തന്നെ അവസാനിപ്പിക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്നു.
ആധുനിക മൃഗശാസ്ത്രജ്ഞർ ഇതിനെ മനുഷ്യരുടേതിന് സമാനമായ 'ആത്മഹത്യ' എന്ന് സാങ്കേതികമായി വിളിക്കാൻ മടിക്കുമെങ്കിലും, ആനകളുടെ വൈകാരികവും മാനസികവുമായ ലോകത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ആൻഡേഴ്സന്‍റെ ഈ വിവരണം.
ജീവനൊടുക്കുന്ന പക്ഷികളും മീനുകളും
അസമിലെ ജാതിംഗ ഗ്രാമത്തിൽ പക്ഷികൾ കൂട്ടത്തോടെ ആകാശത്തുനിന്നു താഴേക്കു പതിച്ച് ജീവത്യാഗം ചെയ്യുന്നത് സെപ്റ്റംബർ - ഒക്റ്റോബർ മാസങ്ങളിൽ കണ്ടുവരുന്ന വിചിത്രമായ പ്രതിഭാസമാണ്.
ആർട്ടിക് പ്രദേശങ്ങളിൽ കാണപ്പെടുന്ന 'ലെമ്മിംഗ്സ്' എന്ന ചെറിയ എലി വർഗത്തിൽപ്പെട്ട ജീവികൾ കൂട്ടത്തോടെ മലമുകളിൽ നിന്നോ പാറക്കെട്ടുകളിൽ നിന്നോ കടലിൽ ചാടി ആത്മഹത്യ ചെയ്യാറുണ്ടെന്നൊരു വിശ്വാസമുണ്ട്.
നൂറുകണക്കിന് തിമിംഗലങ്ങളും ഡോൾഫിനുകളും ഒന്നിച്ച് കടൽത്തീരത്തേക്ക് നീന്തിക്കയറി കരയ്ക്കടിഞ്ഞ് ചാവുന്നത് നാം വാർത്തകളിൽ കാണാറുണ്ട്. രക്ഷപെടുത്തി തിരികെ കടലിലേക്ക് വിട്ടാലും അവ വീണ്ടും കരയിലേക്ക് തന്നെ വരാൻ ശ്രമിക്കാറുണ്ട്.
സ്കോട്ട്‌ലൻഡിലെ ഓവർട്ടൗൺ പാലത്തിൽ (Overtoun Bridge) എത്തുമ്പോൾ നായ്ക്കൾ പെട്ടെന്ന് താഴേക്ക് ചാടി ചാവുന്നതും വലിയൊരു നിഗൂഢതയായി തുടരുന്നു.
ആനയ്ക്ക് സ്നേഹമുണ്ട്, പകയുണ്ട്, ആത്മഹത്യ പാടില്ലേ?
മൃഗങ്ങൾ കടുത്ത മാനസിക സമ്മർദത്തിലോ (Depression), രോഗബാധ മൂലമുള്ള കഠിനമായ വേദനയിലോ തങ്ങളുടെ സ്വാഭാവികമായ ആഹാര രീതികൾ ഉപേക്ഷിക്കുകയോ, സ്വയം പരിക്കേൽപ്പിക്കുകയോ ചെയ്യാറുണ്ടെന്നത് സത്യം തന്നെയാണ്. മനുഷ്യരെപ്പോലെ 'മരണം' എന്ന ആശയത്തെക്കുറിച്ച് അവർക്ക് വ്യക്തമായി മനസിലാകുന്നു എന്നുറപ്പിക്കാനാവില്ല.
പക്ഷേ, ആനകളെ സംബന്ധിച്ച് മരണം എന്ന യാഥാർഥ്യം അവ തിരിച്ചറിയുന്നു എന്നു തെളിയിക്കുന്നതാണ് കൂട്ടത്തിലുള്ളവ ചരിയുമ്പോൾ പ്രകടിപ്പിക്കുന്ന ദുഃഖവായ്പ്. അല്ലെങ്കിലും, അമ്പത് വർഷത്തെ ഓർമയും അഞ്ച് വയസുള്ള കുട്ടിയുടെ ബുദ്ധിയും ഉണ്ടെന്നു പറയപ്പെടുന്ന ആനകൾക്ക് ആത്മഹത്യയെക്കുറിച്ചു മാത്രം ചിന്തിക്കില്ലെന്ന് ആർക്കാണ് ഉറപ്പിച്ചു പറയാൻ കഴിയുക!