സ്വാഗതാര്‍ഹമായ റാഗിങ് വിരുദ്ധ ബില്‍

 
Special Story

സ്വാഗതാര്‍ഹമായ റാഗിങ് വിരുദ്ധ ബില്‍

യുജിസി കണക്കനുസരിച്ച് ഈ സംസ്ഥാനത്ത് പ്രതിവര്‍ഷം ഉണ്ടാകുന്ന റാഗിങ് പരാതികള്‍ 55 ആണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് മാത്രമാണിത്.

MV Desk

അഡ്വ. ജി. സുഗുണന്‍

സര്‍വകലാശാലകളിലേയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും മൃഗീയമായ റാഗിങ് നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ മുഖ്യ പ്രശ്‌നങ്ങളിലൊന്നാണ്. റാഗിങ്ങിനെതിരായി ഇതിനകം തന്നെ പല ബില്ലുകളും വിവിധ സംസ്ഥാനങ്ങള്‍ പാസാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷനും റാഗിങ്ങിനെതിരായി പല നടപടികളും വിശദമായ നിയമാവലിയുമെല്ലാം ഇതിനകം രൂപീകരിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ഒരു പ്രയോജനവും നാളിതുവരെ ഉണ്ടായിട്ടില്ല. റാഗിങ് ഈ രാജ്യത്ത് അനുസ്യൂതമായി മ്ലേഛമായ നിലയില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനത്തിനകത്തും പുറത്തും റാഗിങ്ങിന് വിധേയരാവരില്‍ മഹാ ഭൂരിപക്ഷവും പിന്നോക്ക വിദ്യാർഥികളാണെന്നുള്ളത് എടുത്തുപറയേണ്ടതാണ്. ജാതി വിവേചനവും റാഗിങ്ങുമെല്ലാം അഭേദ്യമായി ബന്ധപ്പെട്ട ഒന്നാണ്. നിര്‍ഭാഗ്യവശാല്‍ റാഗിങ് ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടത് കേരളമാണ്. മലയാളി വിദ്യാർഥികള്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന റാഗിങ് സംഭവങ്ങളിലും പ്രതികളാകുന്ന ചിത്രവും നമുക്ക് വിസ്മരിക്കാന്‍ കഴിയുന്നതല്ല.

റാഗിങ്ങിന്‍റെ പേരിലുള്ള ക്രൂരമായ പീഠനങ്ങള്‍ ഈ സംസ്ഥാനത്ത് തുടരുകയാണല്ലോ. വളരെ പരിഷ്‌കൃതരെന്നും സംസ്‌കാര സമ്പന്നരെന്നും വീമ്പിളക്കുന്ന കേരളം റാഗിങ്ങിന്‍റെ വിളനിലമായി മാറുകയാണ്. റാഗിങ്ങിന്‍റെ ഭാഗമായ മാനസിക പീഠനങ്ങല്‍ മൂലം ആത്മഹത്യ ചെയ്തവരും, മാനസിക രോഗികളായി മാറിയവരും ഈ ദശാബ്ദത്തില്‍ തന്നെ നൂറുകണക്കിന് വരും ഈ കൊച്ചു സംസ്ഥാനത്ത്. യുജിസി കണക്കനുസരിച്ച് ഈ സംസ്ഥാനത്ത് പ്രതിവര്‍ഷം ഉണ്ടാകുന്ന റാഗിങ് പരാതികള്‍ 55 ആണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് മാത്രമാണിത്. യഥാർഥ കണക്ക് ഇതിലേറെയാണെന്ന് കേരള ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. പരാതിപ്പെടാന്‍ ഭയക്കുന്നവരാണ് റാഗിങ്ങിന്‍റെ ഇരകളെന്നുള്ളത് എടുത്തുപറയേണ്ട ഒന്നാണ്.

വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന റാഗിങ്ങിനെ തടയുന്നതിനുവേണ്ടി ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. റാഗിങ്ങിനിടെ വിദ്യാർഥികളെ കൊലപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മരണകാരണം ആയേക്കാവുന്ന അതിക്രമം കാട്ടുന്നവര്‍ക്ക് ജീവപര്യന്തം. റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാർഥി ജീവനൊടുക്കിയാല്‍ 10 വര്‍ഷവും, ഗുരുതരമായി പരിക്കേല്‍പ്പിച്ചാല്‍ 7 വര്‍ഷവുമാണ് തടവ്. കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന്‍റെ കരടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സംഘമായാണ് അതിക്രമമെങ്കില്‍ എല്ലാവര്‍ക്കും തുല്യ ശിക്ഷ നല്‍കും. റാഗിങ് പരാതി അവഗണിച്ചാലോ ഒതുക്കിയാലോ വിദ്യാലയ അധികൃതര്‍ക്ക് പ്രതിക്ക് നല്‍കുന്ന ശിക്ഷ ലഭിക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ ബില്‍ പാസാക്കാനാണ് തീരുമാനം.

അതിക്രൂര റാഗിങ്ങിനെ തുടര്‍ന്ന് പൂക്കോട് വെറ്റിനറി കോളെജില്‍ മരിച്ച സിദ്ധാർഥന്‍റെ പേരിലാണ് ഈ നിയമം. ""സിദ്ധാർഥന്‍ ആന്‍റി റാഗിങ് ആന്‍റ് സ്റ്റുഡന്‍സ് വെല്‍ഫെയര്‍ ആക്റ്റ്'' എന്നാണ് ബില്ലിന്‍റെ പേര്. റാഗിങ് പോലീസില്‍ അറിയിക്കാന്‍ ""സിദ്ധാർഥന്‍ സ്റ്റുഡന്‍സ് ഡിസ്ട്രസ് ആപ്പ്'' എന്ന ആപ്ലിക്കേഷന്‍ തയാറാക്കും. ആര്‍ക്ക് വേണമെങ്കിലും പരാതിപ്പെടാം. വിവരങ്ങള്‍ രഹസ്യമായിരിക്കും. വിദ്യാർഥിക്ക് ശാരീരകമോ മാനസികമോ ആയി ദോഷം വരുത്തുന്ന ഏത് പ്രവര്‍ത്തിയും റാഗിങ്ങാണ്. ഭയപ്പെടുത്തല്‍, നാണക്കേടുണ്ടാക്കല്‍, അധിക്ഷേപം, മുറിവേല്‍പ്പിക്കല്‍ എന്നിവയെല്ലാം റാഗിങ്ങിന്‍റെ പരിധിയില്‍ വരും.

കേരളാ റാഗിങ് നിരോധന നിയമം 1998ല്‍ നിലവില്‍ വന്നെങ്കിലും നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് നാളിതുവരെ രൂപം കൊടുത്തിട്ടില്ല. റാഗിങ് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ പുതിയ നിയമം കൊണ്ടുവരാന്‍ കേരളാ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസ് ഈ മാസം അവസാനം പരിഗണിക്കുമ്പോള്‍ പുതിയ നിയമം പാസാക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കും. വിദ്യാർഥികള്‍ക്ക് റാഗിങ് സംബന്ധിച്ച പരാതി മൊബൈല്‍ ഫോണിലൂടെ നല്‍കാന്‍ കഴിയുന്ന സംവിധാനം ആയിരിക്കും ഈ ബില്ലിലുള്ളത്. കോളെജ് ആന്‍റി റാഗിങ് സമിതി, സംസ്ഥാന സ്ഥാപന മേധാവി, സര്‍വകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പ്, പോലീസ്, എന്നിവടങ്ങളിലേക്ക് പരാതി ഒരേ സമയം കൈമാറുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പരാതി ലഭിച്ചാല്‍ ഉടന്‍ അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കല്‍, തുടര്‍ നടപടിയുടെ പുരോഗതി പരാതിക്കാരന് അറിയാന്‍ കഴിയുന്ന ട്രാക്കിങ് സംവിധാനം എന്നിവയും ആപ്പില്‍ ഉള്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പരാതിക്കാരന്‍റെ വിവിരം എല്ലാ നിലയിലും രഹസ്യമായി സൂക്ഷിക്കുമെന്നുള്ളത് വളരെ ഗുണകരമായ ഒരു കാര്യമാണ്.

2024 ഫെബ്രുവരിയില്‍ വയനാട് പൂക്കോട് വെറ്റിനറി കോളെജ് രണ്ടാം വര്‍ഷ വിദ്യാർഥി സിദ്ധാർഥ് സഹപാഠികളുടെ റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു. നിലവിലുള്ള കേരള പ്രോഹിബിഷന്‍ ഓഫ് റാഗിങ് ആക്റ്റ്, യുജിസി. റാഗിങ് വിരുദ്ധ ചട്ടം എന്നിവയൊന്നും ഫലപ്രദമല്ലെന്നും റാഗിങ് വിരുദ്ധ നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്നും പരാതി നല്‍കാനുള്ള സംവിധാനം ശക്തമാക്കണമെന്നും വ്യാപകമായ ആവശ്യം നേരുത്തേ തന്നെ ഉയര്‍ന്നിരിന്നതാണ്.

ബില്ലിലെ വ്യവസ്ഥകളില്‍ പ്രധാനപ്പെട്ട ഒന്ന് റാഗിങ് നടന്നാല്‍ ക്രിമിനല്‍ കേസ് 24 മണിക്കൂറിനകം എടുത്തിരിക്കണമെന്നുള്ളതാണ്. റാഗിങ് പ്രതികള്‍ക്ക് 5 വര്‍ഷം വരെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നല്‍കില്ല. റാഗിങ് മറച്ചുവെച്ചാല്‍ കോളെജിന്‍റെ അംഗീകാരം പിന്‍വലിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

റാഗിങ് നടത്തി കൂടെയുള്ള വിദ്യാർഥിയെ വേദനിപ്പിക്കുന്നതിലൂടെ നമ്മുടെ വിദ്യാർഥികള്‍ക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി ചോദിച്ചിരുന്നു. ഇത്തരത്തിലുള്ള മൃഗീയമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ കോളെജില്‍ പോകുന്നതിന്‍റെ ഉദ്ദേശം എന്താണെന്ന് കോടതി അന്ന് ചോദിച്ചത് കേരളത്തിലെ വിദ്യാർഥികള്‍ കൂടി കേള്‍ക്കാനുള്ളതാണ്. റാഗിങ് വിദഗ്ധരായ വിദ്യാർഥികള്‍ നിരക്ഷരരായി തുടരുന്നതാണ് നല്ലതെന്നും, അച്ചടക്കമില്ലെങ്കില്‍ വിദ്യാഭ്യാസം നേടുന്നതില്‍ അർഥമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ വൈകിക്കരുതെന്ന് കേരള ഹൈക്കോടതി ഈ മാസവും കഴിഞ്ഞ മാസവുമെല്ലാം സംസ്ഥാന സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തതാണ്. റാഗിങ്ങിനെ കര്‍ശന ശിക്ഷാ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കരടു നിയമഭേദഗതി കഴിഞ്ഞ ഇടതു സര്‍ക്കാര്‍ തയാറാക്കിയിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല. റാഗിങ് വിരുദ്ധ ആപ്പിന് അന്തിമരൂപം തയ്യാറാക്കാനായി ഒരു വിദഗ്ദ സമിതിയെ ഈ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുമുണ്ട്.

റാഗിങ്ങിന്‍റെ രക്തസാക്ഷിയായ സിദ്ധാർഥന്‍റെ അമ്മ എം.ആര്‍. ഷീബ ഈ ബില്ല് ആശ്വാസകരമായ ഒന്നാണെന്ന് പറഞ്ഞു. എന്‍റെ കുഞ്ഞിന്‍റെ കൊലപാതക വാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. മറ്റൊരുകുട്ടിയ്ക്കും എന്‍റെ കുഞ്ഞിന്‍റെ അനുഭവം ഉണ്ടാകരുതെന്ന് ഞാന്‍ അദ്ദേഹത്തോടഭ്യർഥിച്ചു. അതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. എനിക്ക് നല്‍കിയ വാക്ക് മുഖ്യമന്ത്രിയായ അദ്ദേഹം പാലിച്ചു. ഇത്തരത്തിലൊരു നിയമം എന്‍റെ കുഞ്ഞിന്‍റെ പേരില്‍ വരുന്നത് ആശ്വാസകരമാണെന്ന് ആ അമ്മ പറയുകയും ചെയ്തു.

മക്കളുടെ ഭാവിയെപ്പറ്റി ഇന്നത്തെ രക്ഷകര്‍ത്താക്കള്‍ക്ക് വലിയ ആശങ്കയാണുള്ളത്. കിടപ്പാടം പോലും പണയപ്പെടുത്തിയാണ് കുട്ടികളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വലിയ പ്രതീക്ഷയോടുകൂടി ഈ രക്ഷകര്‍ത്താക്കള്‍ അയക്കുന്നത്. റാഗിങ്ങിന്‍റെ ഫലമായി ചേതനയറ്റ സ്വന്തം കുട്ടികളുടെ മൃതശരീരമാണ് ഈ മാതാപിതാക്കള്‍ക്ക് പിന്നീട് കാണാന്‍ കഴിയുന്നത്. എന്തായാലും ഈ മൃഗീയമായ സാഹചര്യത്തിന് ഒരറുതി വരുത്തിയെ മതിയാവൂ. ഈ സംസ്ഥാനത്ത് ഈ കാര്യത്തില്‍ കര്‍ശനമായ ഒരു പുതിയ ബില്‍ കൊണ്ടുവരാന്‍ തയ്യാറായ വി.ഡി. സതീശന്‍ സര്‍ക്കാരിന്‍റെ നീക്കം സ്വാഗതാര്‍ഹവും, അഭിനന്ദനാര്‍ഹവുമാണ്.

(ലേഖകന്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. ഫോണ്‍ 9847132428)

കേരളത്തിന് എയിംസ് ഉറപ്പായെന്ന് കെ. മുരളീധരൻ

ഇനി ആഴ്ചയിൽ 250 ഡ്രൈവിങ് ടെസ്റ്റ്

ഓണത്തിന് ഓവറായാൽ പിടിവീഴും

ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്‍റർനെറ്റുമായി കെ-ഫോൺ

ഇനി സമാധാന ചർച്ചകൾക്കില്ല : ഇറാൻ