വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തീകരണം: സാവിത്രിബായ് ഫൂലെയുടെ പൈതൃകം
സാവിത്രി താക്കൂർ,
കേന്ദ്ര വനിതാ- ശിശു
വികസന സഹമന്ത്രി
വിജ്ഞാനവും മാർഗദർശനവുമേകി നമ്മുടെ രാജ്യത്തിന്‍റെ ഭാഗധേയം രൂപപ്പെടുത്തുന്ന മഹത്തുക്കളെ ആദരിക്കാനുള്ള പുണ്യ തിഥിയാണല്ലോ അധ്യാപക ദിനം. ഇത്തവണത്തെ അധ്യാപക ദിനം വെള്ളിയാഴ്ചയായിരുന്നു. ആ ദിനത്തോടനുബന്ധിച്ച്, രാജ്യത്തെ ആദ്യ വനിതാ അധ്യാപികയും, സ്ത്രീ വിദ്യാഭ്യാസത്തിന് അടിത്തറ പാകാനുറച്ച് കാലങ്ങളായി നിലനിന്ന സാമൂഹിക മുൻവിധികളെ വെല്ലുവിളിച്ച വിപ്ലവകാരിയും, സാമൂഹിക പരിഷ്കർത്താവുമായ സാവിത്രിഭായ് ഫൂലെയുടെ (1831–1897) അനിതര സാധാരണമായ സംഭാവനകളെ സ്മരിക്കുക എന്നത് അങ്ങേയറ്റം ഉചിതമായിരിക്കും.
സ്ത്രീകളുടെ വിദ്യാഭ്യാസം എതിർക്കപ്പെടുകയും, അക്രമാസക്ത മാർഗങ്ങളിലൂടെപ്പോലും തടസപ്പെടുത്തുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ, 1848ൽ സാവിത്രിബായി ഫൂലെയും ഭർത്താവ് മഹാത്മാ ജ്യോതിബ ഫൂലെയും ചേർന്ന് പൂനെയിൽ പെൺകുട്ടികൾക്കായി സ്കൂളുകൾ തുറന്നു. അവർ പഠിപ്പിക്കുക മാത്രമല്ല, പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുകയും അറിവു തേടാൻ സ്ത്രീകളെ പ്രചോദിപ്പിക്കാനായി കവിതകൾ രചിക്കുകയും ചെയ്തു. യാഥാസ്ഥിതികരായ പുരുഷന്മാർ അവർക്കു നേരെ ചെളിയും കല്ലും എറിയുന്നതു പതിവാക്കിയതിനാൽ ഒരു അധിക സാരിയുമായി ദിവസവും സ്കൂളിലേക്ക് സധൈര്യം നടന്നു പോയ അവർ നിശ്ചയദാർഢ്യത്തിന്‍റെ ആൾരൂപമായി ഉറച്ചുനിന്നു. കാരണം ഇന്ത്യയുടെ ഭാവി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലാണെന്ന് അവർക്ക് പൂർണ ബോധ്യമുണ്ടായിരുന്നു.
പരിഷ്കർത്താക്കളുടെ പൈതൃകം, സമത്വത്തിനായുള്ള ആഹ്വാനം
തന്‍റെ പോരാട്ടത്തിൽ സാവിത്രിബായി ഫൂലെ ഏകയായിരുന്നില്ല. സതി, ശൈശവ വിവാഹം, സ്ത്രീ വിദ്യാഭ്യാസം എന്നീ വിഷയങ്ങളുയർത്തി പ്രചാരണം നടത്തിയ രാജാറാം മോഹൻ റോയിയെപ്പോലുള്ള ദാർശനികർ; വിധവാ പുനർവിവാഹത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ച ഈശ്വര ചന്ദ്ര വിദ്യാസാഗർ; "സ്ത്രീ വിദ്യാഭ്യാസമാണ് സാമൂഹിക പരിവർത്തനത്തിനുള്ള ഏറ്റവും ശക്തമായ മാധ്യമം' എന്ന് ഊന്നിപ്പറഞ്ഞ മഹാത്മാ ഗാന്ധി അടക്കമുള്ള നേതാക്കൾ പിൽക്കാലത്ത് ഇന്ത്യയുടെ സാമൂഹിക പരിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കാതെ ഇന്ത്യയ്ക്ക് യഥാർഥ സ്വാതന്ത്ര്യം ആർജിക്കാൻ കഴിയില്ലെന്ന് ഈ പരിഷ്കർത്താക്കളെല്ലാം ഉറച്ചു വിശ്വസിച്ചു.
ഈ പൈതൃകമാണ് ആധുനിക ഇന്ത്യയുടെ അഭിലാഷങ്ങളെ രൂപപ്പെടുത്തിയതും ഇപ്പോൾ മുന്നോട്ടു നയിക്കുന്നതും. "വനിതകൾ നേതൃത്വം നൽകുന്ന വികസനത്തിലൂടെയാകും ഇന്ത്യയുടെ വികസന യാത്ര മുന്നേറുകയെന്ന് ' പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ വ്യക്തമാക്കിയിട്ടുണ്ട് . രാഷ്‌ട്രനിർമാണത്തിൽ തുല്യ പങ്കാളികളെന്ന നിലയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിലാണ് വികസിത് ഭാരത് @2047 ദർശനം നങ്കൂരമിട്ടിരിക്കുന്നത്. വിദ്യാഭ്യാസമാണ് ഈ ശാക്തീകരണത്തിന്‍റെ അടിത്തറയായി വർത്തിക്കുന്നത്.
സ്ത്രീകളും വിദ്യാഭ്യാസവും: നാളിതുവരെയുള്ള പുരോഗതി
സ്വാതന്ത്ര്യാനന്തരം ഈ ദിശയിൽ കൈവരിച്ച പുരോഗതി ശ്രദ്ധേയമാണ്. 1951ൽ കഷ്ടിച്ച് 8.86% ആയിരുന്ന സ്ത്രീ സാക്ഷരത ഇന്ന് 65.46% ആയി ഉയർന്നു (സെൻസസ്- 2011). പെൺകുട്ടികളുടെ സ്കൂൾ പ്രവേശനം ക്രമാനുഗതമായി മെച്ചപ്പെട്ടുവരികയാണെന്ന് സമീപകാല സർവെകൾ സൂചിപ്പിക്കുന്നു. യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ (UDISE+) 2021-22 പ്രകാരം, പ്രാഥമിക തലത്തിൽ പെൺകുട്ടികളുടെ മൊത്ത പ്രവേശന അനുപാതം (ജിഇആർ) ഇപ്പോൾ ആൺകുട്ടികളേക്കാൾ കൂടുതലാണ്.
2015ൽ ആരംഭിച്ച "ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' അടക്കമുള്ള മോദി സർക്കാരിന്‍റെ പദ്ധതികൾ സാമൂഹിക മനോഭാവത്തിൽ കാതലായ പരിവർത്തനം സൃഷ്ടിച്ചു. കുട്ടികളുടെ ലിംഗാനുപാതം മെച്ചപ്പെട്ടു, സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ സമസ്ത തലങ്ങളിലും പെൺകുട്ടികളുടെ പ്രവേശനം വർധിച്ചു. പോഷൺ അഭിയാൻ, മിഷൻ ശക്തി, സമർഥ്യ തുടങ്ങിയ സംരംഭങ്ങൾ സംയുക്തമായി പോഷകാഹാരം, സുരക്ഷ, അവസരങ്ങൾ എന്നിവയാൽ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നു. UDISE+ 2024-25 ഡാറ്റ പ്രകാരം രാജ്യത്തെ മൊത്തം സ്കൂൾ അധ്യാപകരിൽ ഇതാദ്യമായി 54.2 ശതമാനവും വനിതകളായി മാറിയിരിക്കുന്നു. 2014-15ലെ 46.9%ൽ നിന്ന് ശ്രദ്ധേയമായ പുരോഗതി.
ചരിത്രപരമായ ഒരു ചുവടുവയ്‌പ്പെന്ന നിലയിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോ-ഓപ്പറേഷൻ ആൻഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് (NIPCCD) എന്ന സ്ഥാപനത്തിന് വനിതാ- ശിശു വികസന മന്ത്രാലയം സാവിത്രിബായ് ഫൂലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിമൻ ആൻഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് (SPNIWCD) എന്ന് പുനർനാമകരണം ചെയ്തു. സ്ത്രീകളുമായും കുട്ടികളുമായും ബന്ധപ്പെട്ട പദ്ധതികൾ ശാക്തീകരിക്കാനും അടിസ്ഥാനതലത്തിൽ നയങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കാര്യക്ഷമത വർധിപ്പിക്കൽ, പരിശീലനം, ഗവേഷണം എന്നീ മേഖലകളിലും ഇൻസ്റ്റിറ്റ്യൂട്ട് നിർണായക പങ്ക് വഹിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും പരിഷ്കരണത്തിലൂടെയും സ്ത്രീ ശാക്തീകരണം എന്ന സാവിത്രിബായ് ഫൂലെയുടെ ദർശനത്തിന്‍റെ സചേതനമായ ഉദാഹരണമാണ് ഈ സ്ഥാപനം.
എങ്കിലും ചില വെല്ലുവിളികൾ ഇപ്പോഴും അവശേഷിക്കുന്നു. ഒട്ടേറെ പെൺകുട്ടികൾ സെക്കൻഡറി തലത്തിൽ തന്നെ സ്കൂൾ പഠനം ഉപേക്ഷിക്കാൻ ശൈശവ വിവാഹം, സുരക്ഷാ പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ കാരണമാകുന്നു. സ്കോളർഷിപ്പുകൾ, താമസ സൗകര്യങ്ങൾ, ആർത്തവ ശുചിത്വ സംരംഭങ്ങൾ, ഡിജിറ്റൽ പഠന അവസരങ്ങൾ എന്നിവയിലൂടെ ഓരോ പെൺകുട്ടിയും തടസരഹിതമായി വിദ്യാഭ്യാസം തുടരുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
രാഷ്‌ട്രനിർമാതാക്കളെന്ന നിലയിൽ അധ്യാപകരുടെ പങ്ക്
ഇക്കാര്യത്തിൽ വനിതാ അധ്യാപികമാരുടെ പങ്ക് വിശിഷ്യാ പ്രധാനമാണ്. അറിവു പകർന്നു നൽകുക മാത്രമല്ല, ദശലക്ഷക്കണക്കിനു പെൺകുട്ടികൾക്ക് പ്രചോദനവും മാതൃകയായി വർത്തിച്ചു കൊണ്ട് അവർ സാവിത്രിബായ് ഫൂലെ കൊളുത്തിയ ദീപശിഖ അണയാതെ മുന്നോട്ടുകൊണ്ടുപോകുന്നു. ഗ്രാമപ്രദേശങ്ങളിൽ, വനിതാ അധ്യാപികമാരുടെ സാന്നിധ്യം പെൺകുട്ടികൾ സ്കൂളിൽ ചേരുന്നതിനും പഠനം തുടരുന്നതിനുമുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നു പഠനങ്ങൾ വെളിവാക്കുന്നു. ദാരിദ്ര്യ ചക്രം തകർക്കുന്നതിലും അഭിലാഷ പൂർണമായ ഭാവിക്കായി കുടുംബങ്ങളെ ശാക്തീകരിക്കുന്നതിലും അവരുടെ സംഭാവന നിർണായകമാണ്.
അധ്യാപക ദിനത്തിൽ, ആ തൊഴിലിനെ മാത്രമല്ല, അത് പ്രതിനിധീകരിക്കുന്ന വിശാലമായ ദർശനത്തെയും ആഘോഷിക്കുന്നു- അറിവ് വിമോചനമായും, വിദ്യാഭ്യാസം ശാക്തീകരണമായും, അധ്യാപനം രാഷ്‌ട്രനിർമാണമായും ആഘോഷിക്കപ്പെടുന്നു.
വികസിത ഭാരതം എന്നതിലേക്കുള്ള പ്രയാണം
2047ഓടെ ഒരു വികസിത രാഷ്‌ട്രമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, വിദ്യാഭ്യാസം വളർച്ചയുടെ പ്രധാന ചാലകശക്തിയായി തുടരുന്നു. സ്ത്രീ വിദ്യാഭ്യാസം സ്വാധീനത്തെ ശതഗുണീഭവിപ്പിക്കുന്നു; വിദ്യാസമ്പന്നരായ സ്ത്രീകൾ മികച്ച ആരോഗ്യ സംരക്ഷണം, കുറഞ്ഞ ശിശുമരണ നിരക്ക്, ഉയർന്ന കുടുംബ വരുമാനം, ശക്തമായ സമൂഹങ്ങൾ എന്നിവ ഉറപ്പാക്കുന്നു. യുനെസ്കോയുടെ കണക്കനുസരിച്ച്, ഒരു പെൺകുട്ടിക്ക് ഓരോ അധിക വർഷവും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുമ്പോൾ അവളുടെ ഭാവി വരുമാനം 10–20% വർധിക്കുന്നു.
ആയതിനാൽ, ഒരു പെൺകുട്ടി പോലും പിന്നാക്കം പോകുന്നില്ല എന്ന് ഉറപ്പാക്കിക്കൊണ്ട്, സുസ്ഥിര വികസന ലക്ഷ്യം 4 (ഗുണാത്മക വിദ്യാഭ്യാസം), സുസ്ഥിര വികസന ലക്ഷ്യം 5 (ലിംഗസമത്വം) എന്നിവയുമായി സ്വന്തം പദ്ധതികളെ സമന്വയിപ്പിക്കുന്ന പ്രവർത്തനം വനിതാ- ശിശു വികസന മന്ത്രാലയം തുടരുകയാണ്. പോഷകാഹാരം, സുരക്ഷ, നൈപുണ്യ വികസനം എന്നിവയുമായി വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുന്നതിലൂടെ, സ്ത്രീകൾക്ക് വിദ്യാർഥികളായും, അധ്യാപകരായും, സംരംഭകരായും, നേതാക്കളായും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു ആവാസവ്യവസ്ഥ നാം കെട്ടിപ്പടുക്കുകയാണ്.
പൊതുവായ ദൃഢനിശ്ചയം
യഥാർഥ പുരോഗതി ധൈര്യത്തിൽ നിന്നാണ് ജനിക്കുന്നതെന്ന് സാവിത്രിബായ് ഫൂലെയുടെ കഥ നമ്മെ ഓർമിപ്പിക്കുന്നു. പൂനെയിലെ അവരുടെ എളിയ ക്ലാസ് മുറി മുതൽ കോടിക്കണക്കിന് പെൺകുട്ടികൾ പഠിക്കുന്ന ആധുനിക ഇന്ത്യയുടെ ക്ലാസ് മുറികൾ വരെയുള്ള പ്രയാണം, സ്ത്രീകളെയും പഠനത്തെയും കുറിച്ചുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിലെ ആഴത്തിലുള്ള പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ ദൗത്യം പൂർത്തിയായി എന്നു പറയാറായിട്ടില്ല.
അധ്യാപക ദിനം ആഘോഷിക്കുന്ന ശുഭവേളയിൽ, സ്ത്രീ ശാക്തീകരണം കേവലം ക്ഷേമപ്രധാനമല്ല, മറിച്ച് ദേശീയ ശക്തിയുടെ അനിവാര്യതയാണെന്ന സാവിത്രിബായ് ഫൂലെയുടെ ദർശനത്തിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനും വേണ്ടി നമുക്ക് സ്വയം സമർപ്പിക്കാം. ഓരോ പെൺകുട്ടിക്കും വിദ്യാഭ്യാസം ലഭിക്കുകയും, ഓരോ സ്ത്രീയും ശാക്തീകരിക്കപ്പെടുകയും, ഓരോ അധ്യാപികയും ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ, നമ്മുടെ സ്വപ്നങ്ങളിലെ ഇന്ത്യയെ സാക്ഷാത്കരിക്കാൻ കഴിയും.
സാവിത്രിബായ് ഫൂലെയുടെ പൈതൃകം കേവലം ചരിത്രമല്ല, അത് നമ്മുടെ വർത്തമാനകാലത്തിലേക്കുള്ള സചേതനമായ മാർഗദർശനവും ഭാവിയിലേക്കുള്ള ദീപസ്തംഭവുമാണ്. അവരുടെ വിപദിധൈര്യത്തിന്‍റെ വെളിച്ചത്തിൽ, ആൺകുട്ടികളും പെൺകുട്ടികളും തുല്യപങ്കാളിത്തത്തോടെ നയിക്കുന്ന വികസിത ഇന്ത്യ, അഥവാ, വികസിത ഭാരതത്തിലേക്കുള്ള പാത വ്യക്തതയോടെ ദൃശ്യമാകുന്നു.