ഓഖിയിൽ നിന്നും പഠിച്ചില്ല
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കുന്നതിനായി കോടികൾ ചെലവഴിച്ച് നടപ്പാക്കിയ മറൈൻ ആംബുലൻസ് പദ്ധതി സർക്കാരിന്‍റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനത്തിന്‍റെയും ഗുരുതരമായ അനാസ്ഥ മൂലം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.
2017ലെ ഓഖി ചുഴലിക്കാറ്റ് കേരളത്തിന് നൽകിയ ദുരന്തപാഠം മറന്നതിന്‍റെ തെളിവാണ് ഇന്നത്തെ മറൈൻ ആംബുലൻസ് സംവിധാനത്തിന്‍റെ ദുരവസ്ഥ. ഓഖിയിൽ 143 മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കടലിലെ അടിയന്തര രക്ഷാപ്രവർത്തനത്തിനായി പ്രത്യേക മറൈൻ ആംബുലൻസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ദുരന്തസമയത്ത് മത്സ്യത്തൊഴിലാളികൾക്ക് ആശ്രയമാകേണ്ട സംവിധാനം തന്നെ ഇപ്പോൾ നിഷ്പ്രയോജനം ആണ് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 7.5 കോടി രൂപയും, സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടി രൂപയും, ഭാരത് പെട്രോളിയത്തിന്‍റെ സിഎസ്ആർ ഫണ്ടിൽ നിന്ന് 8.75 കോടി രൂപയും ഉൾപ്പെടെ ഏകദേശം 18.24 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. കൊച്ചി കപ്പൽശാലയിൽ നിർമിച്ച മൂന്ന് മറൈൻ ആംബുലൻസുകൾ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ മേഖലകളിൽ വിന്യസിക്കുകയും അവയ്ക്ക് "പ്രതീക്ഷ', "പ്രത്യാശ', "കാരുണ്യ' എന്നീ പേരുകൾ നൽകുകയും ചെയ്തു. പക്ഷേ, കോടികൾ മുടക്കി കടലിലിറക്കിയ ഈ ബോട്ടുകൾ ഇന്ന് എത്രത്തോളം മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്നുണ്ട് എന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയണം.
ബേപ്പൂരിലെ മറൈൻ ആംബുലൻസ് എൻജിൻ തകരാറിനെ തുടർന്ന് ദീർഘകാലമായി ഹാർബറിൽ കിടക്കുന്നതായുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. വിഴിഞ്ഞത്തെ ആംബുലൻസിന്‍റെ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നു. കടലിലെ രക്ഷാപ്രവർത്തനത്തിന് അനിവാര്യമായ റഡാർ, ജിപിഎസ്, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തുടങ്ങിയവയുടെ നിലവിലെ സ്ഥിതി സർക്കാർ ജനങ്ങളോട് വ്യക്തമാക്കണം.
ബോട്ടിന് തന്നെ വേഗമില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പദ്ധതി?
കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ അടുത്തേക്ക് അതിവേഗം എത്തുകയാണ് മറൈൻ ആംബുലൻസുകളുടെ അടിസ്ഥാന ലക്ഷ്യം. എന്നാൽ, അടിയന്തര രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വേഗതയും സാങ്കേതിക ശേഷിയും ഉറപ്പാക്കാതെയാണ് ബോട്ടുകൾ രൂപകൽപ്പന ചെയ്തതും നിർമ്മിച്ചതുമെങ്കിൽ അത് ഗുരുതരമായ ആസൂത്രണ പരാജയമാണ്. രക്ഷിക്കാൻ പോകുന്ന ബോട്ടിന് തന്നെ അപകടസ്ഥലത്ത് സമയത്ത് എത്താൻ കഴിയാത്ത അവസ്ഥയുണ്ടെങ്കിൽ, കോടികൾ ചെലവഴിച്ച പദ്ധതിയുടെ യുക്തി എന്താണ്?
മറൈൻ ആംബുലൻസുകൾക്ക് ആവശ്യമായ ഇന്ത്യൻ രജിസ്റ്റർ ഒഫ് ഷിപ്പിങ് (ഐആർഎസ്) ഉൾപ്പെടെയുള്ള ആവശ്യമായ സാങ്കേതിക സർട്ടിഫിക്കേഷനുകളും സുരക്ഷാ അനുമതികളും ലഭിച്ചിട്ടുണ്ടോ എന്നും സർക്കാർ വ്യക്തത വരുത്തണം. ബോട്ടുകളുടെ രൂപകൽപ്പന മുതൽ എൻജിൻ തിരഞ്ഞെടുപ്പ്, നാവിഗേഷൻ സംവിധാനം, സുരക്ഷാ ഉപകരണങ്ങൾ, സർട്ടിഫിക്കേഷൻ, പരിപാലനം എന്നിവയിൽ എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവരെ കണ്ടെത്തണം.
പ്രവർത്തനക്ഷമമല്ലാത്ത മറൈൻ ആംബുലൻസുകൾക്കായി ക്യാപ്റ്റൻ, എൻജിനീയർ, പാരാമെഡിക്കൽ ജീവനക്കാർ, കുക്ക് തുടങ്ങിയ ജീവനക്കാരുടെ വേതനത്തിനായി പൊതുപണം ചെലവഴിക്കുന്നുണ്ടെങ്കിൽ അത് അടിയന്തരമായി പരിശോധിക്കണം.
മറൈൻ ആംബുലൻസുകൾ മാത്രമല്ല, ഫിഷറീസ് വകുപ്പിന്‍റെ മറൈൻ എൻഫോഴ്സ്മെന്‍റ് സംവിധാനവും ശക്തിപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ മറൈൻ എൻഫോഴ്സ്മെന്‍റ് സ്റ്റേഷനുകൾക്ക് ആവശ്യമായ ആധുനിക പട്രോളിങ് ബോട്ടുകൾ ഉറപ്പാക്കണം. പഴയ സ്വകാര്യ മത്സ്യബന്ധന ബോട്ടുകളെ ആശ്രയിച്ചുള്ള പട്രോളിംഗ് സംവിധാനം അവസാനിപ്പിച്ച് ആധുനികവും സ്ഥിരവുമായ സംവിധാനമാണ് ഒരുക്കേണ്ടത്.
225 ജീവൻ നഷ്ടപ്പെട്ടിട്ടും സർക്കാർ ഉണരുന്നില്ല
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരള തീരത്ത് 225 മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും 75 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന കണക്കുകൾ അതീവ ഗൗരവത്തോടെ കാണണം. ഈ സാഹചര്യത്തിലും കടലിലെ അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ പൂർണമായും സജ്ജമാക്കാൻ കഴിയാത്തത് തീരദേശ ജനതയോടുള്ള കടുത്ത അനീതിയാണ്.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഉപജീവനത്തിനാണ്. അവർ തിരിച്ചെത്തുമെന്ന ഉറപ്പ് നൽകേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അപകടത്തിൽപ്പെട്ടാൽ രക്ഷിക്കാനുള്ള സംവിധാനം പോലും പ്രവർത്തനക്ഷമമല്ലെങ്കിൽ സർക്കാരിന്‍റെ തീരദേശ സുരക്ഷാ നയം എന്തിനുവേണ്ടിയാണ്?
ഉദ്യോഗസ്ഥ അനാസ്ഥ അന്വേഷിക്കണം
മറൈൻ ആംബുലൻസ് പദ്ധതി നിലവിലെ അവസ്ഥയിലെത്താൻ കാരണമായ ഭരണപരവും സാങ്കേതികവുമായ വീഴ്ചകൾ അന്വേഷിക്കണം. ഫയലുകൾ അനാവശ്യമായി വൈകിപ്പിച്ചോ, അറ്റകുറ്റപ്പണികൾ നീട്ടിക്കൊണ്ടുപോയോ, ആവശ്യമായ തീരുമാനങ്ങൾ എടുക്കാതെ പദ്ധതിയെ നിർജ്ജീവമാക്കിയോ എന്നതും പരിശോധിക്കണം.
“ഉദ്യോഗസ്ഥരുടെ ഫയൽ രാജിനും അനാസ്ഥയ്ക്കും മത്സ്യത്തൊഴിലാളികളുടെ ജീവനേക്കാൾ വില നൽകുന്ന സമീപനം അവസാനിപ്പിക്കണം. കോടികളുടെ പൊതുമുതൽ ചെലവഴിച്ച പദ്ധതിയെ ബോധപൂർവം തകർക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം.”
അടിയന്തരമായി ചെയ്യേണ്ടത്
മൂന്ന് മറൈൻ ആംബുലൻസുകളുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് സ്വതന്ത്ര വിദഗ്ധ സമിതിയെക്കൊണ്ട് അടിയന്തര സാങ്കേതിക പരിശോധന നടത്തണം. പ്രവർത്തനരഹിതമായ ബോട്ടുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കി അവ പൂർണമായും സേവനസജ്ജമാക്കണം.
റഡാർ, ജിപിഎസ്, കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത പരിശോധിക്കണം.ബോട്ടുകളുടെ എൻജിൻ ശേഷിയും വേഗതയും യഥാർത്ഥ കടൽ രക്ഷാപ്രവർത്തനത്തിന് പര്യാപ്തമാണോ എന്ന് വിദഗ്ധ പരിശോധന നടത്തണം.
ഐആർഎസ് ഉൾപ്പെടെയുള്ള ആവശ്യമായ സർട്ടിഫിക്കേഷനുകളും നിയമപരമായ അനുമതികളും പരിശോധിക്കണം. പദ്ധതിക്കായി ചെലവഴിച്ച 18.24 കോടി രൂപയുടെ സാമ്പത്തിക വിനിയോഗവും നിർമ്മാണം മുതൽ ഇന്നുവരെയുള്ള പരിപാലനച്ചെലവും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തണം.
വീഴ്ചകൾ കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അതോടൊപ്പം കേരളത്തിന്‍റെ മുഴുവൻ തീരപ്രദേശത്തേക്കും അനുയോജ്യമായ ആധുനിക സമഗ്ര കടൽ രക്ഷാപ്രവർത്തന സംവിധാനം രൂപീകരിക്കണം.
(മിസോറാം, ഗോവ മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമാണ് ലേഖകൻ)