തീർപ്പാക്കാത്ത കേസുകൾക്കു പിന്നിലെ ശൂന്യമായ കസേര
എവിജെ ഹൈറ്റ്‌സിലെ അപ്പാർട്ട്മെന്‍റ് ഉടമകൾ ഒരുത്തരവിനായി ഏറെ നാളായി കാത്തിരിക്കുകയാണ്. അവരുടെ ബിൽഡറായ എവിജെ ഡെവലപ്പേഴ്സ് 2019ൽ പാപ്പരത്തത്തിലേക്കു കൂപ്പുകുത്തി. കടം കൊടുത്തവർ 2024 ജൂലൈ 4നു പുനരുദ്ധാരണ പദ്ധതി അംഗീകരിക്കുന്നതിനു വോട്ടു ചെയ്തു. പദ്ധതി 8 ദിവസത്തിനുശേഷം നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനു (എൻസിഎൽടി) മുന്നിലെത്തി. 2 വർഷം പിന്നിട്ടിട്ടും അതിന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
2026 ഏപ്രിലിൽ പരമോന്നത കോടതി ആ ഫയൽ പരിശോധിക്കുകയും ചോദ്യം ഉയർത്തുകയും ചെയ്തു. ദേശീയ തലത്തിലെ കണക്കുകൾ കോടതി ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള എൻസിഎൽടി ബെഞ്ചുകൾക്കു മുന്നിൽ തർക്ക പരിഹാര പദ്ധതികളുടെ അംഗീകാരത്തിനായി ഏകദേശം 383 അപേക്ഷകൾ കെട്ടിക്കിടക്കുന്നു. 48 മുതൽ 738 ദിവസം വരെയാണ് ഇതു വൈകുന്നത്. ചില കാര്യങ്ങളിൽ ഇതു 4 വർഷത്തോളമാകുന്നു. കോടതി സ്ഥിതിവിശേഷം അത്യന്തം സങ്കടകരവും നിരാശാജനകവുമാണെന്നു നിരീക്ഷിച്ചു. പാപ്പരത്ത- നിർധനത്വ നിയമം 330 ദിവസത്തെ പരമാവധി സമയ പരിധി നിശ്ചയിക്കുന്നുണ്ട്. നിയമം നിലനിൽക്കുന്നു; പക്ഷേ, സമയപരിധി പാലിക്കപ്പെടുന്നില്ല.
ഇതു നിയമത്തിന്‍റെയല്ല; ശേഷിയുടെ പരാജയമാണ്
ട്രൈബ്യൂണലുകൾ ആലോചിക്കാതെ ഉണ്ടാക്കിയ ഒന്നല്ല. 1976ൽ കൂട്ടിച്ചേർത്ത ഭരണഘടനയുടെ ഭാഗം XIV-A പ്രത്യേക കാരണത്താലാണു രൂപീകരിച്ചത്. സാധാരണ കോടതികളിൽ കെട്ടിക്കിടക്കുന്ന തർക്കങ്ങളിൽ വേഗതയും വിഷയത്തിലുള്ള വൈദഗ്ധ്യവും കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. എൽ. ചന്ദ്രകുമാർ (1997) കേസിൽ, ട്രൈബ്യൂണലുകൾ ഹൈക്കോടതികൾക്ക് അനുപൂരകമാണെന്നാണു പരമോന്നത കോടതി വിശേഷിപ്പിച്ചത്.
വ്യാപ്തി വളരെ വലുതാണ്. ലോക്‌സഭയിൽ നൽകിയ മറുപടി അനുസരിച്ച്, 2025ൽ 16 പ്രധാന ട്രൈബ്യൂണലുകളിലായി 5.36 ലക്ഷം കേസുകൾ കെട്ടിക്കിടപ്പുണ്ടായിരുന്നു. ഡെറ്റ് റിക്കവറി ട്രൈബ്യൂണലുകളിലാണ് (ഡിആർടി) ഏറ്റവും ഉയർന്ന കെട്ടിക്കിടക്കൽ- 2.45 ലക്ഷം കേസുകൾ. 71,454 കേസുകളുമായി കസ്റ്റംസ്, എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്പലറ്റ് ട്രൈബ്യൂണലാണ് തൊട്ടു പിന്നിൽ.
2025-26ലെ സാമ്പത്തിക സർവേ അനുസരിച്ച് എൻസിഎൽടിക്കു മുന്നിൽ ഏകദേശം 30,600 കേസുകളുണ്ട്. നിലവിലെ തീർപ്പാക്കൽ നിരക്കിൽ ഇവ തീർപ്പാക്കാൻ ഒരു പതിറ്റാണ്ടെടുത്തേക്കാം. 2026 ജനുവരി 31ലെ കണക്കനുസരിച്ചു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ 69,581 കേസ് കെട്ടിക്കിടക്കുന്നു. സായുധസേനാ ട്രൈബ്യൂണലിൽ 11,000ത്തിലധികം കേസാണു തീർപ്പാക്കാനുള്ളത്.
കാലതാമസം തുടങ്ങുന്നത് ശൂന്യമായ കസേരയിൽ നിന്ന്
ഉദ്യോഗസ്ഥകാര്യ- പൊതു ആവലാതി- നിയമ- നീതി മന്ത്രാലയത്തിനായുള്ള പാർലമെന്‍ററി സ്റ്റാൻഡിങ് സമിതി 2026 ഓഗസ്റ്റ് 7നു ട്രൈബ്യൂണൽ സംവിധാനത്തെക്കുറിച്ചു റിപ്പോർട്ടു നൽകി. സമിതിയുടെ കണ്ടെത്തലുകൾ ഗൗരവമുള്ളതാണ്. ദേശീയ ഹരിത ട്രൈബ്യൂണൽ കുറഞ്ഞ അംഗങ്ങളുമായാണു പ്രവർത്തിക്കുന്നത്. എൻസിഎൽടി ജീവനക്കാരുടെ 95%ത്തിലധികവും കരാർ അടിസ്ഥാനത്തിലാണു പ്രവർത്തിക്കുന്നത്. ഇൻകം ടാക്സ് അപ്പലറ്റ് ട്രൈബ്യൂണലിൽ 5 മാസത്തിനിടെ കെട്ടിക്കിടക്കുന്ന കേസുകളിൽ 19,275 എണ്ണത്തിന്‍റെ വർധനയുണ്ടായി.
ഒഴിവുകൾ എന്നതും വെറും ഭരണപരമായ കാര്യമല്ല. കോറം തികയാത്ത ബെഞ്ചിനു സമ്മേളിക്കാൻ കഴിയില്ല. കേസ് പട്ടികയിൽ വന്നിട്ടില്ലെങ്കിൽ വാദം കേൾക്കാനും കഴിയില്ല. ഒഴിവുകൾ നികത്തപ്പെടാതെ നീണ്ടുപോകുന്നത് സേവന വ്യവസ്ഥകൾ കൃത്യമായി നിശ്ചയിക്കാതിരുന്നതു കൊണ്ടു തന്നെ. സർവീസിലുള്ള ജഡ്ജിയോ മുതിർന്ന വിദഗ്ധനോ ഹ്രസ്വവും അനിശ്ചിതവുമായ കാലയളവിലേക്ക് കരിയർ ഉപേക്ഷിച്ചു വരാൻ തയാറാകില്ല.
വിവിധ ട്രൈബ്യൂണലുകൾക്കു വ്യത്യസ്ത കാലാവധിയും വ്യത്യസ്ത വിരമിക്കൽ പ്രായവും വെവ്വേറെ തെരഞ്ഞെടുപ്പു രീതികളുമാണുള്ളത്. ഓരോ ഒഴിവും പുതിയ പ്രക്രിയയായാണു കൈകാര്യം ചെയ്തുവരുന്നത്. പരസ്യം നൽകൽ, പരിശോധന, അംഗീകാരം എന്നിവ തസ്തിക ഒഴിഞ്ഞ ശേഷമാണു സാധാരണ ആരംഭിക്കുന്നത്; അതിനു മുൻപല്ല.
2026ലെ ബിൽ ഇതിന് പരിഹാരം കാണുന്നു
അധ്യക്ഷന്‍റെ വിരമിക്കൽ പ്രായം 70, അംഗങ്ങളുടേത് 67 ആയി നിശ്ചയിച്ച് 5 വർഷത്തെ കാലാവധി ഉറപ്പുനൽകുന്നു. മദ്രാസ് ബാർ അസോസിയേഷൻ കേസുകളിൽ പരമോന്നത കോടതി നിർദേശിക്കുകയും ഒന്നിലധികം തവണ നടപ്പാക്കുകയും ചെയ്ത അടിസ്ഥാന മാനദണ്ഡമാണിത്. 2025 നവംബറിൽ കോടതി റദ്ദാക്കിയ 4 വർഷത്തെ കാലാവധിയോ 50 വയസെന്ന കുറഞ്ഞ പ്രായപരിധിയോ ഈ ബിൽ വീണ്ടും കൊണ്ടുവരുന്നില്ല.
തെരഞ്ഞെടുപ്പു പ്രക്രിയ അപൂർവമായി നടക്കുന്ന ഒന്ന് എന്നതിനു പകരം നിരന്തരം നടക്കുന്ന ഒന്നായി മാറുന്നു. സ്ഥിരം സെക്രട്ടേറിയറ്റ് ഒഴിവുകളുടെ വിവരങ്ങൾ ശേഖരിക്കുകയും തസ്തികകൾ പരസ്യപ്പെടുത്തുകയും യോഗ്യതകൾ പരിശോധിക്കുകയും ചെയ്യും. ഈ ട്രൈബ്യൂണലുകൾക്കു മുന്നിലെ പ്രധാന കക്ഷിയായ ഭരണനിർവഹണ മന്ത്രാലയത്തെ ഈ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയ ട്രൈബ്യൂണൽ കമ്മിഷൻ രൂപീകരിക്കുന്ന സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയിൽ സുപ്രീം കോടതി മുൻ ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയ അധ്യക്ഷനും, ഹൈക്കോടതി മുൻ ജഡ്ജിമാരായ രണ്ടു ജുഡീഷ്യൽ അംഗങ്ങളും, പൊതുഭരണം, ധനകാര്യം, നിയമം അല്ലെങ്കിൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 25 വർഷത്തെ പ്രവൃത്തി പരിചയമുള്ള 2 സാങ്കേതിക അംഗങ്ങളും അടങ്ങുന്നു. ഇവർ, മുൻകൂട്ടി പ്രസിദ്ധീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥിയുടെ വിധിന്യായങ്ങളും മുൻകാല പ്രവർത്തനങ്ങളും വിലയിരുത്തും. തീരുമാനങ്ങളിൽ തുല്യത വന്നാൽ നിർണായക വോട്ടു രേഖപ്പെടുത്താൻ അവകാശമുള്ള ജുഡീഷ്യൽ അംഗമായിരിക്കും സമിതി അധ്യക്ഷൻ. നിശ്ചിത സമയപരിധിക്കുള്ളിൽ, വെയ്റ്റിങ് ലിസ്റ്റ് സഹിതം ഒറ്റ പേരായിരിക്കും സമിതി ശുപാർശ ചെയ്യുക.
ഒരു വിമർശനത്തിനു നേരിട്ടുള്ള മറുപടി ആവശ്യമാണ്. ഇത്തരം തസ്തികകൾ നികത്തുന്നതിൽ ഗവണ്മെന്‍റ് പതുക്കെയാണു പ്രവർത്തിച്ചിട്ടുള്ളത്. ജൂലൈയിൽ പരമോന്നത കോടതി ചൂണ്ടിക്കാണിച്ചത് ഇക്കാര്യമാണ്; അതു ശരിയുമായിരുന്നു. നിലവിലെ ഭേദഗതി ഈ പ്രശ്നവും പരിഹരിക്കുന്നു. വീഴ്ചകൾ പ്രകടമാകുന്നതും, അത് ആരുടെ ഭാഗത്തുനിന്നാണെന്നു കണ്ടെത്താൻ സാധിക്കുന്നതും, തിരുത്തപ്പെടാൻ കഴിയുന്നതുമായ സംവിധാനമാണ് ആവശ്യം. സ്ഥിരം സെക്രട്ടേറിയറ്റ്, വെയ്റ്റിങ് ലിസ്റ്റ്, സമയപരിധികൾ എന്നിവ കൃത്യമായ രേഖകൾ ഉറപ്പാക്കുന്നു. ഇതിൽ എവിടെയെങ്കിലും ഒരു ഘട്ടം വിട്ടുപോയാൽ, അതു തിരിച്ചറിയാനും ചോദ്യം ചെയ്യാനും സാധിക്കും.
ഏകീകൃത സേവന വ്യവസ്ഥകൾ കൊണ്ടു മാത്രം പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ കഴിയില്ല. സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തതു പോലെ, രജിസ്ട്രി ജീവനക്കാരുടെ എണ്ണം, കോടതി അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയും മെച്ചപ്പെടേണ്ടതുണ്ട്. എന്നാൽ വാദം കേൾക്കാൻ ഒരംഗമില്ലാതെ ഒരു ട്രൈബ്യൂണലും ഇതുവരെ ഒരു കേസും തീർപ്പാക്കിയിട്ടുമില്ല.
എവിജെ ഹൈറ്റ്‌സിൽ ഫ്ലാറ്റുകൾ നിർമിക്കപ്പെട്ടു കഴിഞ്ഞു; പദ്ധതിയും തയ്യാറാണ്. കേസ് വായിച്ചു തീർക്കാൻ സമയമുള്ള ബെഞ്ചിന്‍റെ കുറവു മാത്രമാണ് അവിടെയുള്ളത്. കസേരകളിൽ ആളുണ്ടാകണം, ആ കസേരയിൽ ഇരിക്കുന്നവർ മൂല്യമുള്ളവരാകണം. ഈ ബിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നതും അതു തന്നെയാണ്.
(പ്രശസ്ത ഇന്ത്യൻ നിയമജ്ഞനും സുപ്രീം കോടതി മുൻ ജഡ്ജിയുമാണു ലേഖകൻ)