ഏറ്റവും വലിയ തിമിംഗല ശ്മശാനം കണ്ടെത്തി ഗവേഷകർ
courtesy: Nature magazine
ലോകത്ത് ഇന്നു വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തിമിംഗല ശ്മശാനം കണ്ടെത്തിയതിന്‍റെ ത്രില്ലിലാണ് ഒരു കൂട്ടം സമുദ്ര ഗവേഷകർ. തെക്കുകിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലാണ് അവർ ഏകദേശം ആയിരത്തിഇരുന്നൂറു കിലോമീറ്റർ നീളത്തിൽ പരന്നു കിടക്കുന്ന ഈ അത്യപൂർവ ജൈവവൈവിധ്യ ആവാസ വ്യവസ്ഥ കണ്ടെത്തിയത്. സമുദ്രോപരിതലത്തിൽ നിന്ന് ഏഴു കിലോമീറ്ററോളം താഴ്ചയിൽ ഡയമന്‍റീന ഫ്രാക്ചർ സോൺ എന്നറിയപ്പെടുന്ന കടലിനടിയിലെ മലനിരകളും കിടങ്ങുകളും നിറഞ്ഞ ഭാഗത്താണ് ഈ വമ്പൻ തിമിംഗല ശ്മശാനം സ്ഥിതി ചെയ്യുന്നത്.
ചൈന, ഇറ്റലി, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംയുക്ത സംഘമാണ് കടലിനടിയിലെ ഈ വമ്പൻ തിമിംഗല ശ്മശാനത്താൽ തീർത്ത ജൈവ ആവാസ വ്യവസ്ഥ കണ്ടെത്തിയത്. ഇവിടെയുള്ള തിമിംഗല അവശിഷ്ടങ്ങൾക്ക് 53 ലക്ഷം വർഷം വരെ പഴക്കമുള്ളതായാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇത്ര വലിയൊരു തിമിംഗല ശ്മശാനം കണ്ടെത്തുമെന്ന് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അവരുടെ പ്രതികരണം. നേച്ചർ മാസികയാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്.
പ്റ്റെറോസെറ്റസ് ബംഗുലെ എന്ന, 53 ലക്ഷം വർഷം പഴക്കമുള്ള വംശനാശം സംഭവിച്ച തിമിംഗലത്തിന്‍റെ ഫോസിൽ തലയോട്ടിയും കണ്ടെത്തി
കടലിന്‍റെ ആഴങ്ങളിൽ ശാസ്ത്രജ്ഞർ നടത്തിയ 485ലധികം തിമിംഗല ഫോസിലുകളുടെയും സജീവമായ തിമിംഗല അസ്ഥികൂടങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ചാണ് അവർ ഗവേഷണം നടത്തിയത്. ഇതിൽ വംശനാശം സംഭവിച്ച ഒരു അപൂർവയിനം തിമിംഗലത്തിന്‍റെ തലയോട്ടിയും ഉൾപ്പെടുന്നു. നാളിതുവരെ ശാസ്ത്രലോകത്തിന് അന്യമായിരുന്ന നിരവധി ജീവികളും സസ്യങ്ങളും ഈ പ്രദേശത്ത് ഉണ്ടെന്നാണ് ശാസ്ത്രനിരീക്ഷണം.
53 ലക്ഷം വർഷം പഴക്കമുള്ള പ്റ്റെറോസെറ്റസ് ബംഗുലെ എന്ന വംശനാശം സംഭവിച്ച തിമിംഗലത്തിന്‍റെ ഫോസിൽ തലയോട്ടിയാണ് ശാസ്ത്രജ്ഞന്മാർ ഇവിടെ നിന്നു കണ്ടെത്തിയത്. കണ്ടെത്തിയ സ്ഥലത്തിന്‍റെ ഓർമയ്ക്കായി പ്റ്റെറോസെറ്റസ് ഡയമണ്ടിനേ എന്നു പേരിട്ടിരിക്കുന്ന ഒരു പുതിയ ഇനം തിമിംഗലത്തെയും ഗവേഷകർ കണ്ടെത്തി. അഞ്ചു മീറ്ററോളം നീളമുള്ള അന്‍റാർട്ടിക് മിൻകെ തിമിംഗലത്തിന്‍റെ അസ്ഥികൂടമാണ് കൂട്ടത്തിൽ ഏറ്റവും വലുത്.
കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ തിമിംഗലശ്മശാനം
ഡയമന്‍റീന ഫ്രാക്ചർ സോൺ
തെക്കു കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പ്രദേശമാണ് ഡയമന്‍റീന ഫ്രാക്ചർ സോൺ. അതിൽ നിരവധി വരമ്പുകളും കിടങ്ങുകളും അടങ്ങിയിരിക്കുന്നു. വാർട്ടൺ ബേസിൻ, പെർത്ത് ബേസിൻ എന്നിവയുടെ മധ്യകിഴക്കൻ ഇന്ത്യൻ മഹാസമുദ്ര സവിശേഷതകൾക്ക് തെക്കു ഭാഗത്തായും നാച്ച്വറലിസ്റ്റ് പീഠഭൂമിയുടെ തെക്കു പടിഞ്ഞാറായും ഇത് സ്ഥിതി ചെയ്യുന്നു.
തിമിംഗല വീഴ്ച എന്നാൽ...
തിമിംഗലങ്ങൾ ചത്ത് ആഴക്കടലിലേയ്ക്കു മുങ്ങിപ്പോകുന്നതിനെ തിമിംഗല വീഴ്ച എന്നാണ് പറയുന്നത്. ഒരു തിമിംഗലം ചത്ത് ആഴക്കടലിലേയ്ക്കു മുങ്ങുമ്പോൾ അത് നിരവധി ജീവികളുടെ ദീർഘകാല ആവാസവ്യവസ്ഥയായി മാറുന്നു. നിരവധി അത്യപൂർവ ആഴക്കടൽ ജീവികൾക്ക് ധാരാളം പോഷകങ്ങൾ നൽകുന്ന ആവാസ വ്യവസ്ഥ.
ഈ കൂറ്റൻ ശവശരീരങ്ങൾക്ക് പതിറ്റാണ്ടുകൾ മുതൽ നൂറു കണക്കിനു വർഷങ്ങൾ വരെ വികസിച്ചു കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയെയും ജൈവ സമൂഹങ്ങളെയും നിലനിർത്താൻ കഴിയും. ഇതു വരെ കണ്ടെത്തിയ തിമിംഗല വീഴ്ചകളെല്ലാം തന്നെ നാലായിരം മീറ്ററിൽ താഴെ ആഴത്തിലാണ് കണ്ടെത്തിയിട്ടുള്ളത്. പുതുതായി കണ്ടെത്തിയ തിമിംഗല വീഴ്ചകളാകട്ടെ ഏഴായിരം മീറ്ററിലധികം ആഴത്തിലാണ്. അതു കൊണ്ടാണ് ഇത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ തിമിംഗലശ്മശാനം ആയി മാറുന്നത്.
സൾഫോഫിലിക് ഘട്ടം
തിമിംഗവീഴ്ചയുടെ അവസാനത്തെയും ഏറ്റവും ദൈർഘ്യമേറിയതുമായ ഘട്ടമാണ് സൾഫോഫിലിക് ഘട്ടം. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രത്യേക വായുരഹിത ബാക്റ്റീരിയകൾ അസ്ഥികളിൽ കുടുങ്ങിയ ലിപിഡുകളെ വിഘടിപ്പിച്ച് ഹൈഡ്രജൻ സൾഫൈഡ് പുറത്തു വിടുന്നു. ഈ രാസപ്രവർത്തനം കീമോസിന്തറ്റിക് ജീവികളെ ഇന്ധനമാക്കുന്നു. ഇത് അഭിവൃദ്ധി പ്രാപിക്കുന്നതും വളരെ വൈവിധ്യപൂർണവുമായ ഒരു ആവാസ വ്യവസ്ഥയെ സൃഷ്ടിക്കുന്നു.