മാപ്പു നൽകാനാവാത്ത കുറ്റങ്ങൾ
metorvaartha
ജ്യോത്സ്യൻ|ഗ്രഹനില
""ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങൾ സ്വർഗത്തിലിരുന്ന് ഞങ്ങളോട് ക്ഷമിക്കണമേ…''
അതിജീവിതയായ ഒരു അമ്മയുടെ ഈ വാക്കുകൾ നമ്മുടെയെല്ലാം മനസിനെ പിടിച്ചുലയ്ക്കുന്നു.
ദൈവം മനുഷ്യനു ജീവന്‍റെ ശ്വാസം നൽകി സൃഷ്ടിച്ചതുപോലെ, ഓരോ ജീവനും ദൈവത്തിന്‍റെ ദാനമാണ്. പ്രകൃതിയുടെ നിയമമനുസരിച്ച് ജീവൻ അവസാനിക്കുമ്പോൾ അതിൽ കുറ്റമില്ല. എന്നാൽ ജീവൻ കൊടുത്ത ശേഷം മനുഷ്യന്‍റെ സ്വാർത്ഥതയും അധികാരദാഹവും കൊണ്ട് ജീവൻ നശിപ്പിക്കപ്പെടുമ്പോൾ അത് ദൈവസൃഷ്ടിയെ അപമാനിക്കുന്നതാകുന്നു.
പഴയ നിയമത്തിൽ പറയുന്നതുപോലെ ദൈവമായ കർത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളിൽ ഭൂമിയിൽ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല; കാരണം കൃഷി ചെയ്യാൻ മനുഷ്യരുണ്ടായിരുന്നില്ല. എന്നാൽ ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ ജീവനുള്ള മനുഷ്യനുണ്ടായി. ഏദൻ തോട്ടമുണ്ടാക്കി മനുഷ്യനെ അതിൽ താമസിപ്പിച്ചു. മനുഷ്യൻ ഏകനായിരിക്കുന്നത് ശരിയല്ലെന്ന് ദൈവം തീരുമാനിച്ചപ്പോൾ അവന് ഒരു ഇണയെ നൽകി.
ദൈവമായ കർത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും മണ്ണിൽ നിന്ന് രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു. അതുപോലെ തന്നെ അവന് ഒരു സഖി വേണമെന്ന് ദൈവം തീരുമാനിച്ചപ്പോൾ അവന്‍റെ വാരിയെല്ലിൽ നിന്നും സ്ത്രീക്ക് രൂപം നൽകി. സകല സൗഭാഗ്യങ്ങളോടും കൂടി ജീവിച്ച പൂർവ പിതാക്കന്മാരായ ആദവും ഹവ്വയും ദൈവം വിലക്കിയ കനി ഭക്ഷിച്ചതോടെയാണ് ശപിക്കപ്പെട്ടവരായി മാറുന്നത്.
അതിന്‍റെ ആവർത്തനമാണ് ഇപ്പോൾ നാം വ്യാപകമായി കാണുന്നത്. സ്ത്രീയെ അമ്മയായി ബഹുമാനിച്ച സംസ്കാരത്തിന്‍റെ നാട്ടിൽ ഇന്ന് സ്ത്രീ ശരീരം വേട്ടയാടപ്പെടുന്നു. സംരക്ഷിക്കേണ്ടവർ തന്നെ പീഡകരാകുന്നു. ജനപ്രതിനിധികളും ഉന്നതരും അധ്യാപകരുമടക്കം അധികാര സ്ഥാനങ്ങളിലുള്ളവർ തിന്മയുടെ മുഖങ്ങളാകുന്നത് നാം ദിവസേന കാണുന്നു. ഇതിനെതിരെ ധാരാളം നിയമങ്ങൾ ഉണ്ടെങ്കിലും നീതി അകലുകയാണ്.
സ്നേഹത്തിലും ആദരവിലും അധിഷ്ഠിതമായ കുടുംബജീവിതമാണ് ആരോഗ്യകരമായ സമൂഹത്തിന്‍റെ അടിത്തറ. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സമൂഹം കുട്ടികളുടെ ജീവിതം തകർക്കുമ്പോൾ, അതിന്‍റെ ദുരിതഫലം മുഴുവൻ സമൂഹവും അനുഭവിക്കുന്നു.
അതിജീവിത എഴുതിയ കത്തിന്‍റെ അവസാനം പറഞ്ഞ ഒരു വാചകം ""കുഞ്ഞാറ്റേ അമ്മ നിന്നെ ആകാശത്തോളം സ്നേഹിക്കുന്നു'' എന്നത് ആ അമ്മയുടെ വാത്സല്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ആഴമാണ് കാണിക്കുന്നത്. അവരെ വേദനിപ്പിക്കുന്നവർക്ക് ഒരിക്കലും മാപ്പ് നൽകരുത്.
ക്രൂരതകളും തെറ്റുകൾ സാധാരണമാകുന്ന കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. അധികാരവും പണവും പ്രശസ്തിയും നീതിയെ മൂടുമ്പോൾ മൗനം പാലിക്കുന്നത് തന്നെ കഠിനമായ തെറ്റായി മാറുന്നു. ഇനി മൗനം പാടില്ല. മനുഷ്യ മനഃസാക്ഷി ഉണരേണ്ട സമയമായി എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.