അഭിഷേക് ശർമ - സഞ്ജു സാംസൺ കൂട്ടുകെട്ട് ക്ലിക്കായെങ്കിലും ഓപ്പണിങ് കൂട്ടുകെട്ടിൽ മാറ്റത്തിനു സാധ്യത.

 

File photo

Sports

ഏഷ്യ കപ്പ് ടീം പ്രഖ്യാപനം സെലക്റ്റർമാർക്ക് തലവേദന

ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച തെരഞ്ഞെടുക്കും, സഞ്ജു സാംസന് ഇടം ഉറപ്പ്

ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടീം തെരഞ്ഞെടുക്കാനിരിക്കെ, സഞ്ജു സാംസൺ - അഭിഷേക് ശർമ ഓപ്പണിങ് സഖ്യം പൊളിക്കണോ എന്ന ചോദ്യം നിർണായകം. ശുഭ്മൻ ഗില്ലും യശസ്വി ജയ്സ്വാളും സായ് സുദർശനും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ. പതിനഞ്ചംഗ ടീമിലേക്കുള്ള മത്സരത്തിൽ ഇരട്ടി താരങ്ങൾ.

ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ സെലക്റ്റർമാർക്ക് കഠിന പരീക്ഷ. ഇന്ത്യയുടെ താര സമ്പത്തമാണ് ടീം തെരഞ്ഞെടുപ്പിനെ സങ്കീർണമാക്കുന്നത്. 15 അംഗ ടീമിൽ ഇടംതേടി ഇരട്ടി കളിക്കാരാണ് മത്സരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉശിരൻ പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഗ്ലാമർ താരമായി മാറിയ ശുഭ്മാൻ ഗിൽ ഏഷ്യ കപ്പിനുള്ള ടീമിൽ ഇടംപിടിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മൂന്നു ഫോർമാറ്റിലും ഒരു ക്യാപ്റ്റൻ എന്ന നയത്തിലേക്ക് സെലക്റ്റർമാർ നീങ്ങിത്തുടങ്ങിയാൽ ഗിൽ ടീമിലെത്തിയേക്കും. എന്നാൽ, കഴിഞ്ഞ സീസണിൽ രാജ്യത്തിനായി ട്വന്‍റി20യിൽ മികവുകാട്ടിയ കളിക്കാർക്കാണ് ആദ്യ അവസരമെന്നു തീരുമാനിച്ചാൽ ഗില്ലിന് തിരിച്ചടിയാവും. ഗിൽ വന്നാൽ വെടിക്കെട്ട് ബാറ്റർ റിങ്കു സിങ് വഴിമാറേണ്ടിവരും.

ട്വന്‍റി20യിലെ മികച്ച റെക്കോഡ് പരിഗണിക്കുമ്പോൾ സൂര്യകുമാർ യാദവിനെ ക്യാപ്റ്റനായി നിലനിർത്തിയാൽ അദ്ഭുതമില്ല. ഗില്ലിനെ ടീമിലെടുത്താൽ അക്സർ പട്ടേലിന് ഉപനായക പദവി നഷ്ടപ്പെട്ടേക്കും.

ബാറ്റിങ് നിരയിലെ ആദ്യ നാലു സ്ഥാനങ്ങൾക്ക് ആറു താരങ്ങളാണ് പോരടിക്കുക. അഭിഷേക് ശർമയും സഞ്ജു സാംസനും തിലക് വർമയും അവരിൽ മൂന്നുപേർ. ഗില്ലും യശ്വസി ജയ്സ്വാളും സായ് സുദർശനും അവകാശവാദം ഉന്നയിക്കുന്ന മറ്റുള്ളവർ. ഗിൽ വന്നാൽ ആദ്യ മൂന്നുപേർക്കും ബാറ്റിങ് പൊസിഷനുകൾ മാറേണ്ടിവരും. സ്പിൻ നിരയിൽ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും അവസരം തേടുന്നു. യുസ്‌വേന്ദ്ര ചഹാലിന്‍റെ പ്രതിഭയെയും സെലക്റ്റർമാർക്ക് വിസ്മരിക്കാനാവില്ല.

പേസ് ബൗളിങ് ഓൾ റൗണ്ടറായി ഹാർദിക് പാണ്ഡ്യ ടീമിലുണ്ടാവും. ഫിനിഷിങ് പാടവമുള്ള ശിവം ദുബെ പാണ്ഡ്യയുടെ കൂട്ടാളിയാവും. ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസനും ടീമിലെത്തുമെങ്കിലും ഓപ്പണിങ് റോൾ ഉറപ്പില്ല. രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തിന് ജിതേഷ് ശർമയും കെ.എൽ. രാഹുലും മുഖാമുഖം നിൽക്കുന്നു.

ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങുമാകും മുഖ്യ പേസർമാർ. റിസർവ് പേസറായി ഹർഷിത് റാണയെ ഉൾപ്പെടുത്താനാണ് സാധ്യത. പ്രത്യേകിച്ച് പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായി കണക്കാക്കപ്പെടുമ്പോൾ. സ്പിൻ ഓൾറൗ‌ണ്ടർ റോളിൽ അക്സർ പട്ടേലും വാഷിങ്ടൺ സുന്ദറും ടീമിൽ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

കത്ത് വിവാദം കത്തുന്നു; ആരോപണത്തിന്‍റെ നിഴലിൽ കൂടുതൽ നേതാക്കൾ

പിഴയടയ്ക്കാൻ വൈകിയാൽ പണി ഇരട്ടി!

ടോമിൻ തച്ചങ്കരി സ്ഥലം കൈയേറിയെന്നാരോപിച്ച് പ്രക്ഷോഭം

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കെഫോണിന്‍റെ ഒടിടി സേവനങ്ങൾ വ്യാഴാഴ്ച നാടിനു സമർപ്പിക്കും