രോഹിത് ശർമ, ഹർമൻപ്രീത് കൗർ, അമൻ ഖാൻ 
Sports

ഒറ്റ ദിവസം മൂന്ന് തോൽവി; ഇന്ത്യൻ ക്രിക്കറ്റിന് ഡാർക്ക് സൺഡേ

പുരുഷ ടീമിന്‍റെ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയോട്, വനിതകളുടെ ഏകദിനത്തിൽ വീണ്ടും ഓസ്ട്രേലിയയോട്, അണ്ടർ-19 ഏഷ്യ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനോടും

തോറ്റു, നല്ല നീറ്റായി തന്നെ തോറ്റു, ഒന്നല്ല മൂന്ന് ക്രിക്കറ്റ് മത്സരങ്ങൾ. പുരുഷ ടീമിന്‍റെ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയോട്, വനിതകളുടെ ഏകദിനത്തിൽ വീണ്ടും ഓസ്ട്രേലിയയോട്, അണ്ടർ-19 ഏഷ്യ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനോടും... ഇന്ത്യൻ ക്രിക്കറ്റിന് ഇത് ഡാർക്ക് സൺഡേ!

ടെസ്റ്റിൽ 10 വിക്കറ്റ് തോൽവി

വിരാട് കോലിയും രോഹിത് ശർമയും മത്സരശേഷം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ മൂന്നാം ദിവസം ഇന്ത്യ ബാറ്റിങ്ങിനിറങ്ങുന്നതു തന്നെ പരാജയം മുന്നിൽക്കണ്ടായിരുന്നു. 128/5 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർ 175 റൺസിന് ഓൾഔട്ടായി. 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയുടെ പോരാട്ടം കൊണ്ടുണ്ടായ ഗുണം, ഇന്നിങ്സ് തോൽവി ഒഴിവാക്കാനായി എന്നതു മാത്രം. ജയിക്കാൻ വേണ്ടിയിരുന്ന 19 റൺസ് 20 പന്തിൽ സ്വന്തമാക്കിയ ഓസ്ട്രേലിയ പരമ്പരയിൽ 1-1 എന്ന നിലയിൽ ഒപ്പമെത്തി. ഇനി രണ്ട് ടെസ്റ്റുകൾ കൂടി ശേഷിക്കുന്നു.

വനിതകളുടെ ഏകദിനത്തിൽ 122 റൺസ് തോൽവി

ഓസ്ട്രേലിയക്കെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ താരം മിന്നു മണി

ഓസ്ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ വനിതാ ടീം ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തോറ്റത് 122 റൺസിന്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 371 റൺസെടുത്തു. ജോർജിയ വോൾ, എല്ലിസ് പെറി എന്നിവരുടെ സെഞ്ചുറികളാണ് ഓസ്ട്രേലിയൻ ഇന്നിങ്സിനു കരുത്ത് പകർന്നത്. ബേഥ് മൂനി അർധ സെഞ്ചുറിയും നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 44.5 ഓവറിൽ 249 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഓപ്പണറായിറങ്ങിയ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 54 റൺസെടുത്തു. ജെമീമ റോഡ്രിഗ്സ് (43), മലയാളി താരം മിന്നു മണി (46 നോട്ടൗട്ട്) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്. മിന്നു നേരത്തെ രണ്ട് വിക്കറ്റും നേടിയിരുന്നു. ആദ്യ മത്സരവും തോറ്റ ഇന്ത്യൻ വനിതകൾ ഇപ്പോൾ പരമ്പരയിൽ 0-2 എന്ന നിലയിൽ പിന്നിലാണ്.

അണ്ടർ-19 ഏഷ്യ കപ്പ് ഫൈനലിൽ 

ബംഗ്ഗാദേശ് സ്പിന്നർ ഇഖ്ബാൽ ഹുസൈൻ ഇമോന്‍റെ വിക്കറ്റ് ആഘോഷം

ചേട്ടൻമാരുടെയും ചേച്ചിമാരുടെയും വഴി തന്നെയാണ് ഷാർജയിൽ നടത്തിയ അണ്ടർ-19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യൻ കൗമാരക്കാരും തെരഞ്ഞെടുത്തത്. ബംഗ്ലാദേശിനെ 198 റൺസിന് എറിഞ്ഞിട്ടെങ്കിലും മറുപടിയായി 139 റൺസെടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. 26 റൺസെടുത്ത ക്യാപ്റ്റൻ അമാൻ ഖാനാണ് ടോപ് സ്കോറർ. വാലറ്റത്ത് ഹാർദിക് രാജ് (24) നടത്തിയ ചെറുത്തുനിൽപ്പനും പരാജയം ഒഴിവാക്കാനായില്ല.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം