ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മത്സരത്തലേന്ന്.
പെർത്ത്: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ 2023 ജൂലൈയിൽ നടന്ന കടുപ്പമേറിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കു ഇരു രാജ്യങ്ങളും ടെസ്റ്റ് ക്രിക്കറ്റിൽ വീണ്ടും ഏറ്റുമുട്ടുന്നു. ഓസ്ട്രേലിയ ആതിഥ്യം വഹിക്കുന്ന ആഷസ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം.
ബെൻ സ്റ്റോക്സും ഇംഗ്ലണ്ടും സൗത്ത് ലണ്ടനിലെ ദി ഓവലിൽ നടന്ന ടെസ്റ്റ് ജയിച്ചെങ്കിലും ആഷസ് തിരിച്ചുപിടിക്കാൻ അത് മതിയായിരുന്നില്ല. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾ ജയിക്കുകയും നാലാം ടെസ്റ്റ് സമനിലയിലാക്കുകയും ചെയ്ത ഓസ്ട്രേലിയ ട്രോഫി കൈയിൽ വയ്ക്കാൻ അവകാശമുറപ്പിച്ചിരുന്നു.
ഏഴാഴ്ച നീളുന്ന അടുത്ത പരമ്പരയ്ക്ക് അഞ്ച് ഓസ്ട്രേലിയൻ നഗരങ്ങളാണ് വേദിയൊരുക്കുന്നത്. വാർധക്യം ബാധിച്ചു തുടങ്ങിയ, താരബലം കുറഞ്ഞു തുടങ്ങിയ ഓസ്ട്രേലിയക്ക് 2010-11 സീരീസ് മുതൽ സ്വന്തം മണ്ണിൽ തുടരുന്ന അപരാജിത കുതിപ്പ് ആവർത്തിക്കാനാവുമോ എന്ന ചോദ്യം പ്രസക്തമാണ്. ഇംഗ്ലണ്ടിന്‍റെ നീണ്ട കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ സ്റ്റോക്സ് പ്രചോദനമാകുമോ എന്നതാണ് മറ്റൊരു ചോദ്യം. ലോകത്തിലെ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്ററായ ജോ റൂട്ടിന് ഓസ്ട്രേലിയൻ മണ്ണിൽ ഒടുവിൽ ഒരു ആഷസ് സെഞ്ച്വറി നേടാൻ കഴിയുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു.
കഴിഞ്ഞ 15 ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ടിന് ഓസ്ട്രേലിയൻ മണ്ണിൽ 13 തോൽവികളും രണ്ട് സമനിലകളും മാത്രമാണ് ലഭിച്ചതെന്ന് സ്റ്റോക്സിനറിയാതിരിക്കില്ല. എങ്കിലും അദ്ദേഹം 3-1ന് ഓസ്ട്രേലിയയെ തോൽപ്പിച്ച 2010-11 ടീമിനെക്കുറിച്ചാവും കൂടുതൽ ചിന്തിക്കുന്നത്.
'ഓസ്ട്രേലിയയിൽ വന്ന് വിജയം നേടാൻ ഭാഗ്യം ലഭിച്ച ഇംഗ്ലണ്ടിലെ ചുരുക്കം ചില ക്യാപ്റ്റൻമാരിൽ ഒരാളായി ജനുവരിയിൽ നാട്ടിലേക്കുള്ള വിമാനം പിടിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. ചരിത്രത്തെക്കുറിച്ചും ഇംഗ്ലണ്ടിന് എങ്ങനെയാണ് തോൽവി സംഭവിച്ചതെന്നും ഒരുപാട് ചർച്ചകൾ നടന്നിട്ടുണ്ട് - എന്നാൽ ഇത് ഞങ്ങളുടെ സ്വന്തം ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണ്,' അദ്ദേഹം പറഞ്ഞു.
വിജയവരൾച്ച അവസാനിപ്പിക്കുന്നതിന്, സാഹചര്യങ്ങൾക്ക് അനുയോജ്യമായേക്കാവുന്ന എക്സ്പ്രസ് പേസ് ബൗളർമാരെ കളത്തിലിറക്കാൻ ഇംഗ്ലണ്ട് ഒരുങ്ങുകയാണ്. ഓസ്ട്രേലിയയിൽ നന്നായി തിളങ്ങാൻ ജോഫ്ര ആർച്ചർ ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ 35 വയസുകാരനായ മാർക്ക് വുഡ് പേശിക്കേറ്റ പരുക്ക് ഭേദമായി ആദ്യ ടെസ്റ്റിനുള്ള 12 അംഗ സ്ക്വാഡിൽ ഇടംനേടി.
ഓസ്ട്രേലിയയിൽ നടന്ന കഴിഞ്ഞ ആഷസ് പരമ്പരയിൽ 17 വിക്കറ്റ് നേടിയ വുഡിനെക്കുറിച്ച് സ്റ്റോക്സ് പറഞ്ഞതിങ്ങനെ: 'അവൻ പറക്കുകയാണ്. അവന് പരുക്കിന്‍റെ പ്രശ്നങ്ങളും മറ്റും ഉണ്ടായിട്ടുണ്ട്. എന്നാൽ, അവൻ വളരെക്കാലമായി ബൗൾ ചെയ്യുന്നു. കളികളിൽ ഉടൻ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന ഒരാളാണ് അവൻ. അവൻ അതിവേഗം പന്തെറിയുന്നു, അത് നല്ലതാണ്.'
ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സഹ പേസ് ബൗളർ ജോഷ് ഹേസൽവുഡും പരുക്കുകൾ കാരണം ആദ്യ ടെസ്റ്റ് കളിക്കില്ല. ഇതോടെ ഓസ്ട്രേലിയയുടെ പ്രധാന ബൗളർമാരിൽ പകുതിയും ഇല്ലാതെയാണ് ടീം ഇറങ്ങുന്നത്.
ശേഷിക്കുന്ന പകുതി - ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കും ഓഫ് സ്പിന്നർ നേഥൻ ലിയോണും - പെർത്തിലെ വേഗവും ബൗൺസുമുള്ള പിച്ചിൽ ടീമിന് വിജയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഫാസ്റ്റ് ബൗളർ സ്കോട്ട് ബോലാൻഡിനൊപ്പം ബ്രെണ്ടൻ ഡോഗെറ്റ് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഓസ്ട്രേലിയൻ ടെസ്റ്റ് ഇലവനിൽ ഗോത്ര പൈതൃകമുള്ള രണ്ടു പേർ ഒരുമിച്ച് ഇടംപിടിക്കുന്നത് ഇതാദ്യമായിരിക്കും.
'സ്ക്വാഡിലെ ആഴം കാണുന്നതിൽ സന്തോഷമുണ്ട്,' സ്റ്റാർക് പറഞ്ഞു. 'സ്കോട്ട് ബോലാൻഡിന് എന്തു ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം, ഡോഗെറ്റ് ഇപ്പോൾ മികച്ച ഫോമിലാണ്.'
കാമറൂൺ ഗ്രീൻ ബൗളിങ് ഫിറ്റ്നസ് വീണ്ടെടുത്തതു കാരണം ഓൾറൗണ്ടർ റോളിൽ തന്നെയുണ്ടാകും. കൂടാതെ ഓപ്പണിങ് ബാറ്റർ ജെയ്ക് വെതറാൾഡ് ഓസ്ട്രേലിയക്കു വേണ്ടി 31ാം വയസിൽ ടെസ്റ്റ് അരങ്ങേറ്റവും കുറിക്കും. ഇതോടെ മാർനസ് ലബുഷെയ്ൻ മൂന്നാം നമ്പറിലും സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നാലാം നമ്പറിലും ബാറ്റ് ചെയ്യും. ഓൾറൗണ്ടർ ബ്യൂ വെബ്സ്റ്ററെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
'ബ്യൂ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്ന് ഉടൻ തന്നെ പ്രശസ്തനായി. അതിനാൽ അദ്ദേഹത്തിന് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്,' സ്മിത്ത് പറഞ്ഞു. 'നിർഭാഗ്യവശാൽ ഒഴിവാക്കപ്പെട്ടത് അദ്ദേഹമാണ്.'
'പക്ഷേ, മാർനസ് മൂന്നാം നമ്പറിൽ തന്‍റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കുമ്പോൾ അത് ഞങ്ങളെ വളരെ മികച്ച ടീമാക്കി മാറ്റുമെന്ന് ഞാൻ കരുതുന്നു.'
2018ലെ സാൻഡ്പേപ്പർ വിവാദത്തെ തുടർന്ന് മുഴുവൻ സമയ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ സ്റ്റീവൻ സ്മിത്ത് വയസ് ഇപ്പോൾ 36. ഫുൾ ക്യാപ്റ്റൻസി നഷ്ടമായ ശേഷം ഏഴാം തവണയാണ് അദ്ദേഹം ദേശീയ ടീമിനെ താത്കാലിക അടിസ്ഥാനത്തിൽ നയിക്കുന്നത്, ഈ വർഷം ഇത് മൂന്നാം തവണയും.
'അവൻ ഒരു വ്യക്തിയെന്ന നിലയിൽ വളരെയധികം ശാന്തനാണ്,' തന്‍റെ ദീർഘകാല സഹതാരത്തെക്കുറിച്ച് സ്റ്റാർക് പറഞ്ഞു. 'അതിനുശേഷം പാറ്റിന് വേണ്ടി പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനം വഹിച്ച സമയങ്ങളിൽ പോലും വ്യത്യസ്തമായ സമീപനമാണു കണ്ടത്. അവൻ ഇപ്പോഴും മത്സരാത്മകതയുള്ള വ്യക്തിയാണ്, എപ്പോഴും മികച്ചവനാകാൻ ആഗ്രഹിക്കുന്നു, ഒന്നും ഒളിച്ചുവയ്ക്കാതെ പ്രവർത്തിക്കും. പക്ഷേ, അവൻ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യാനും ക്രിക്കറ്റിൽ നിന്ന് 100% ഒഴിഞ്ഞുനിൽക്കാനുമുള്ള ചില വഴികൾ കണ്ടെത്തുന്നുണ്ടെന്ന് ഞാൻ കരുതുന്നു.'
ഓസ്ട്രേലിയ: ജെയ്ക് വെതറാൾഡ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്, നേഥൻ ലിയോൺ, ബ്രെണ്ടൻ ഡോഗെറ്റ്, സ്കോട്ട് ബോലാൻഡ്.
ഇംഗ്ലണ്ട്: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ബ്രൈഡൺ കാർസ്, ഗസ് അറ്റ്കിൻസൺ, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, ഷോയിബ് ബഷീർ.