അബ്രാർ അഹമ്മദ്, അഭിനന്ദൻ വർത്തമാൻ, വരുൺ ചക്രവർത്തി

 
Sports

മൂന്ന് കപ്പ് ചായയും ഒരു ചാംപ്യൻസ് ട്രോഫിയും

ഇന്ത്യയുടെ വിമർശകർക്ക് വരുൺ ചക്രവർത്തിയുടെ ക്ലാസിക് മറുപടി; ഇന്ത്യൻ വീരനായകൻ അഭിനന്ദൻ വർത്തമാനെ അവഹേളിക്കുന്ന തരത്തിലുള്ള പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിന്‍റെ പോസ്റ്റിനുള്ള മറുപടിയെന്നും വ്യാഖ്യാനം

''A lot of distance was travelled to get a taste of this Cup....''

വരുൺ ചക്രവർത്തി സമൂഹമാധ്യമത്തിൽ എഴുതി, കൂടെ തന്‍റെ തന്നെ ഒരു ഫോട്ടൊ, മടിയിൽ ചാംപ്യൻസ് ട്രോഫി, കൈയിൽ ചായക്കപ്പ്.

''ഈ കപ്പിന്‍റെ രുചിയറിയാൻ ഞങ്ങൾ ഒരുപാട് ദൂരം താണ്ടി....''

ഒറ്റ നോട്ടത്തിൽ, ക്രിക്കറ്റ് ഗ്രൗണ്ടിലെ അധ്വാനം ഫലം കണ്ടതിന്‍റെ സംതൃപ്തി നിഴലിക്കുന്ന വാക്കുകൾ. പക്ഷേ, മറ്റു ടീമുകളെല്ലാം പല വേദികളിൽ ഒരുപാട് യാത്ര ചെയ്ത് മത്സരങ്ങളിൽ പങ്കെടുത്തപ്പോൾ, ഇന്ത്യക്കു മാത്രം ദുബായിലെ ഒറ്റ വേദിയിൽ യാത്രയില്ലാതെ കളിക്കാനായെന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടി ഇതിൽ വായിച്ചെടുക്കാം.

അതിനുമപ്പുറം, ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം ഒരിക്കൽക്കൂടി വെളിച്ചത്തു കൊണ്ടുവരുന്ന ചില വ്യാഖ്യാനങ്ങളും ഈ പോസ്റ്റിനുണ്ടായി. അതിൽ വില്ലന്‍റെ സ്ഥാനത്തുള്ളത് അബ്രാർ അഹമ്മദാണ്. അതെ, ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ ശേഷം കൈകെട്ടി നിന്ന് മുഖം കൊണ്ട് ഗോഷ്ടി കാണിച്ച അതേ അബ്രാർ അഹമ്മദ്.

പക്ഷേ, ഗില്ലിനെ പരിഹസിച്ചതല്ല ഇവിടത്തെ വിഷയം. ഫൈനലിനു ദിവസങ്ങൾക്കു മുൻപ്, കൈയിലൊരു ചായക്കപ്പുമായി നിൽക്കുന്ന ഫോട്ടൊ സോഷ്യൽ മീഡിയയിൽ അബ്രാർ പങ്കുവച്ചിരുന്നു.

Having the last cup of FANTASTIC evening TEA before Ramadan begins എന്നായിരുന്നു അതിന്‍റെ അടിക്കുറിപ്പ്. നോമ്പ് തുടങ്ങുന്നതിനു മുൻപുള്ള അവസാനത്തെ ചായ എന്നു നിർദോഷമായി എഴുതാമായിരുന്ന കുറിപ്പിൽ, FANTASTIC, TEA എന്നീ വാക്കുകൾ ക്യാപ്പിറ്റൽ ലെറ്റർ ഉപയോഗിച്ചാണ് എഴുതിയിരുന്നത്. അഭിനന്ദൻ വർത്തമാൻ പാക് സൈന്യത്തിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന സമയത്തു പറഞ്ഞ വാക്കുകളെ പരിഹസിക്കാൻ ഉദ്ദേശിച്ചാണിതെന്നു വ്യക്തമായിരുന്നു.

ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ ശേഷം ഗോഷ്ടി കാണിക്കുന്ന അബ്രാർ അഹമ്മദ്.

2019ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ വിമാനം നിയന്ത്രിച്ചിരുന്ന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പാക്കിസ്ഥാന്‍റെ പിടിയിലാകുന്നത്. പിന്നീട് പാക് സൈന്യം പുറത്തുവിട്ട വീഡിയോയിൽ ''Tea is Fantastic'' എന്ന് അഭിനന്ദൻ പറഞ്ഞത് പാക്കിസ്ഥാനിൽ ട്രോളായി ആഘോഷിക്കപ്പെട്ടു. ഈ വാക്കുകളുടെ ഓർമകളുണർത്തുന്നതായിരുന്നു അബ്രാറിന്‍റെ പോസ്റ്റ്.

നേരത്തെ, ഗില്ലിനു സെൻഡ് ഓഫ് കൊടുത്ത അബ്രാറിന്‍റെ രീതി വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. കളി പാക്കിസ്ഥാൻ തോൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിൽ ഈ പ്രകടനം അനാവശ്യമാണെന്നായിരുന്നു വിമർശനം. എന്നാൽ, ഇതിനു പിന്നാലെ, വിരാട് കോലി തന്‍റെ ആരാധനാപാത്രമാണെന്ന പ്രഖ്യാപനവുമായി, അദ്ദേഹത്തനെതിരേ കളിക്കാനായതിൽ സന്തോഷം പ്രകടിപ്പിച്ച് അബ്രാറിന്‍റെ പുതിയ പോസ്റ്റ് വന്നു. പഴയ ഗോഷ്ടി കാരണമുണ്ടായ പരുക്ക് കുറയ്ക്കാൻ പ്രയോഗിച്ച നമ്പറാണീ കോലി പ്രശംസ എന്ന ആരോപണവുമായി ഇന്ത്യൻ ആരാധകരും കമന്‍റ് ബോക്സ് നിറച്ചു. ഇതെല്ലാം കഴിഞ്ഞാണിപ്പോൾ കളിക്കളത്തിനു പുറത്തേക്കു നീളുന്ന കളിയുമായി അബ്രാറിന്‍റെ വരവും, അതിനു വരുൺ ചക്രവർത്തി നൽകിയ ക്ലാസിക് മറുപടിയും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി