മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയും ഓപ്പണർ അഭിഷേക് ശർമയും തിരുത്തിക്കുറിച്ചത് നിരവധി റെക്കോഡുകൾ:
1. പുരുഷ ടി20 ക്രിക്കറ്റിൽ ഇന്ത്യക്കാരന്‍റെ ഏറ്റവും ഉയർന്ന സ്കോറാണ് അഭിഷേക് നേടിയ 135 റൺസ്. 2023ൽ ശുഭ്മൻ ഗിൽ ന്യൂസിലൻഡിനെതിരേ നേടിയ 126 നോട്ടൗട്ട് ആയിരുന്നു ഇതിനു മുൻപുള്ള റെക്കോഡ്.
2. ഇംഗ്ലണ്ടിനെതിരേ ഏതു ബാറ്ററും നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് അഭിഷേകിന്‍റെ 135. ഓസ്ട്രേലിയയുടെ ആറോൺ ഫിഞ്ച് 2013ൽ നേടിയ 156 ആണ് ഉയർന്ന സ്കോർ.
3. ഇന്ത്യക്കായി ഒരു ടി20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്റുകൾ നേടിയതിന്‍റെ റെക്കോഡും അഭിഷേകിന്‍റെ പേരിലായി. അഭിഷേക് നേടിയ 13 സിക്സറിനു മുന്നിൽ രണ്ടാം സ്ഥാനത്തായത് ഒറ്റ മത്സരത്തിൽ 10 വീതം സിക്സറടിച്ച രോഹിത് ശർമ, സഞ്ജു സാംസൺ, തിലക് വർമ എന്നിവരാണ്.
4. ഇന്ത്യക്കാരന്‍റെ രണ്ടാമത്തെ വേഗമേറിയ ടി20 സെഞ്ചുറിയാണ് അഭിഷേക് ശർമ 37 പന്തിൽ പൂർത്തിയാക്കിയത്. 35 പന്തിൽ സെഞ്ചുറി നേടിയിട്ടുള്ള രോഹിത് ശർമ ഒന്നാമതും 40 പന്തിൽ സെഞ്ചുറിയടിച്ചിട്ടുള്ള സഞ്ജു സാംസൺ മൂന്നമതും. വേഗമേറിയ സെഞ്ചുറികളുടെ ആഗോള പട്ടികയിൽ എട്ടാം സ്ഥാനത്താണ് അഭിഷേക്.
5. ഇന്ത്യക്കാരന്‍റെ രണ്ടാമത്തെ വേഗമേറിയ അർധ സെഞ്ചുറിയും അഭിഷേക് സ്വന്തം പേരിൽ കുറിച്ചു. 17 പന്തിലാണ് 50 കടന്നത്. ഇംഗ്ലണ്ടിനെതിരേ തന്നെ 12 പന്തിൽ അമ്പതടിച്ച യുവരാജ് സിങ്ങിന്‍റെ പേരിലാണ് റെക്കോഡ്.
6. ആഭ്യന്തര - ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സെഞ്ചുറികൾ കൂടി കണക്കിലെടുത്താൽ ആറാം ടി20 സെഞ്ചുറിയാണ് അഭിഷേക് നേടിയത്. 25 വയസ് തികയും മുൻപ് ഇത്രയും സെഞ്ചുറി നേടിയിട്ടുള്ളത് അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും മാത്രം. 40 പന്തിൽ താഴെ രണ്ട് സെഞ്ചുറി നേടിയിട്ടുള്ളത് അഭിഷേകും ഗുജറാത്തിന്‍റെ ആഭ്യന്തര ക്രിക്കറ്റർ ഉർവിൽ പട്ടേലും മാത്രം.
7. ഇന്ത്യ നേടിയ 247/9 എന്ന സ്കോർ ഇംഗ്ലണ്ടിനെതിരേ പുരുഷ ടി20 ക്രിക്കറ്റിൽ പിറക്കുന്ന രണ്ടാമത്തെ ഉയർന്ന സ്കോറാണ്. 2013ൽ ഓസ്ട്രേലിയ നേടിയ 248/7 ആണ് ഒന്നാമത്തേത്.
8. ഇംഗ്ലണ്ട് ബൗളർമാർ ഏറ്റവും കൂടുതൽ സിക്സർ വഴങ്ങുന്ന ടി20 മത്സരമായിരുന്നു ഇത്, 19 സിക്സർ.
9. പവർപ്ലേയിൽ ഇന്ത്യ നേടുന്ന എക്കാലത്തെയും ഉയർന്ന സ്കോറാണ് ഇംഗ്ലണ്ടിനെതിരേ മുംബൈയിൽ കുറിച്ച 95/1. സ്കോട്ട്ലൻഡിനെതിരേ 2021ൽ നേടിയ 82 റൺസമായിരുന്നു ഇതിനു മുൻപുള്ള ഉയർന്ന പവർപ്ലേ സ്കോർ.
10. ഇന്ത്യയുടെ ടീം ടോട്ടൽ ഏറ്റവും വേഗത്തിൽ നൂറ് കടന്ന മത്സരവും ഇതു തന്നെ. 6.3 ഓവറിലാണ് മൂന്നക്കമെത്തിയത്. കഴിഞ്ഞ വർഷം ബംഗ്ലാദേശിനെതിരേ 7.1 ഓവറിൽ നൂറ് കടന്നതായിരുന്നു ഇതിനു മുൻപുള്ള ഇന്ത്യൻ റെക്കോഡ്.