അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം
കാബുൾ: 2026ൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്കുള്ള 15 അംഗ ടീമിനെ പ്രഖ‍്യാപിച്ച് അഫ്ഗാനിസ്ഥാൻ. റാഷിദ് ഖാൻ നയിക്കുന്ന ടീമിൽ ഇബ്രാഹിം സദ്രാനാണ് വൈസ് ക‍്യാപ്റ്റൻ. ഓൾറൗണ്ടർ ഗുലാബ്ദിൻ നയിബ്, പേസർ നവീൻ ഉൾ ഹഖ്, മുജീബ് ഉർ റഹ്മാൻ എന്നിവർ അടക്കമുള്ള താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി ഏഴിന് ഇന്ത‍്യയിലും ശ്രീലങ്കയിലുമായാണ് ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് ചെന്നൈയിൽ ന‍്യൂസിലൻഡിനെതിരേയാണ് അഫ്ഗാനിസ്ഥാന്‍റെ ആദ‍്യ മത്സരം. ദക്ഷിണാഫ്രിക്ക, യുഎഇ, കാനഡ, ന‍്യൂസിലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാന്‍റെ എതിരാളികൾ.
ടി20 ലോകകപ്പിനു മുന്നോടിയായി അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസിനെതിരേ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പര കളിക്കും. ജനുവരി 19ന് യുഎഇയിൽ വച്ചാണ് മത്സരം നടക്കുന്നത്. ലോകകപ്പിനു മുന്നോടിയായുള്ള തയാറെടുപ്പുകൾക്ക് ടീമിന് ഗുണകരമാകും.
കഴിഞ്ഞ ടി20 ലോകകപ്പിൽ മികച്ച പ്രകടനമണ് അഫ്ഗാനിസ്ഥാൻ കാഴ്ചവച്ചതെന്നും ഈ വർഷവും മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും ടീം പ്രഖ‍്യാപനത്തിനു ശേഷം അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സിഇഒ നസീം ഖാൻ പറഞ്ഞു.
അഫ്ഗാനിസ്ഥാൻ ടീം: റാഷിദ് ഖാൻ (ക‍്യാപ്റ്റൻ), ഇബ്രാഹിം സദ്രാൻ (വൈസ് ക‍്യാപ്റ്റൻ), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), സെദിഖുള്ള അടൽ, ദർവീഷ് റസൂലി, ഷാഹിദുള്ള കമൽ, അസ്മത്തുള്ള ഒമർസായി, ഗുൽബദിൻ നയിബ്, മുഹമ്മദ് നബി, നൂർ അഹ്മദ്, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൾ ഹഖ്, ഫസൽഹഖ് ഫാറൂഖി, അബ്ദുള്ള അഹ്മദ്സായി
റിസർവ് താരങ്ങൾ: എ.എം. ഗസൻഫർ, ഇജാസ് അഹ്മദ്സായി, സിയ ഉർ റഹ്മാൻ ഷാരിഫി