ആകാശ് ചൗധരി
സൂററ്റ്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അർധ സെഞ്ചുറിയുടെ റെക്കോഡ് സൃഷ്ടിച്ച് മേഘാലയ ബാറ്റർ ആകാശ് ചൗധരി. രഞ്ജി ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിലാണ് ആകാശിന്‍റെ വിസ്മയ പ്രകടനം.
കളിയിൽ എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ ആകാശ് 11 പന്തിൽ അർധശതകം തികച്ചു. ക്രീസിലെത്തി ഒമ്പതു മിനിറ്റുകൊണ്ടാണ് ആകാശ് അർധസെഞ്ചുറിയിലെത്തിയത്. 14 പന്തിൽ 50 റൺസുമായി താരം പുറത്താകാതെ നിന്നു. 126-ാം ഓവറിൽ അരുണാചൽ സ്പിന്നർ ലിമാർ ദാബിയെ ആകാശ് തുടർച്ചയായ ആറു സിക്സിന് പറത്തി.
അടുത്ത ഓവറിലെ ആദ്യ രണ്ടു പന്തുകളും ആകാശ് ഗ്യാലറിയിൽ എത്തിച്ചു. തുടർച്ചയായ എട്ടു സിക്സ് ആകാശ് സ്വന്തം പേരിലെഴുതി. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അർധ ശതകത്തിന്‍റെ റെക്കോഡ് ലെസ്റ്റർഷയറിന്‍റെ വെയ്ൻ വൈറ്റിൽ നിന്ന് പിടിച്ചെടുക്കാനും ആകാശിനു സാധിച്ചു. 2012ൽ എസെക്സുമായുള്ള കൗണ്ടി മത്സരത്തിൽ 12 പന്തിൽ വൈറ്റ് അർധ സെഞ്ചുറി തികച്ചിരുന്നു.
രഞ്ജി ട്രോഫിയിൽ രവി ശാസ്ത്രിക്കുശേഷം ഒരോവറിൽ ആറു സിക്സ് നേടുന്ന താരവും ആകാശ് തന്നെ. ഗ്യാരി സോബേഴ്സിനും ശാസ്ത്രിക്കുംശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിലെ ആറ് സിക്സ് എന്ന നേട്ടം ആകാശ് ചൗധരിയെ തേടിയെത്തുകയും ചെയ്തു.