ഹർഷിത് റാണ
File
വഡോദര: സമീപകാലത്ത് ഇന്ത്യൻ ടീമിലെത്തിയതിന്‍റെ പേരിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ട യുവതാരമാണ് ഹർഷിത് റാണ. കോച്ച് ഗൗതം ഗംഭീറിന്‍റെ പ്രത്യേക താത്പര്യം മാത്രമാണ് റാണ എല്ലാ ഫോർമാറ്റിലും ടീമിലെത്താൻ കാരണമെന്നു പോലും ആരോപണങ്ങൾ ഉയർന്നു. എന്നാൽ, വിക്കറ്റ് ടേക്കിങ് ബൗളർ എന്ന നിലയിലും, ലോവർ ഓർഡർ ഹിറ്ററെന്ന നിലയിലും, കോച്ച് തന്നലർപ്പിക്കുന്ന വിശ്വാസത്തെ സാധൂകരിക്കുന്നുണ്ട് റാണ.
തന്നെ ഒരു മികച്ച ഓൾറൗണ്ടറായി വളർത്തിയെടുക്കാനാണ് ടീം മാനേജ്മെന്‍റ് ആഗ്രഹിക്കുന്നതെന്ന് ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിനു ശേഷം റാണ പറഞ്ഞു. ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തിൽ റാണ നിർണായക പങ്കുവഹിച്ചിരുന്നു.
ന്യൂസിലൻഡിന്‍റെ മുൻനിരയെ തകർത്ത റാണ, ബാറ്റിംഗിൽ 23 പന്തിൽ 29 റൺസ് നേടി ഇന്ത്യൻ വിജയത്തിന് വേഗം കൂട്ടുകയും ചെയ്തു.
'ടീം മാനേജ്മെന്‍റ് തരുന്ന നിർദേശം കൃത്യമാണ്, നെറ്റ്സിൽ ബാറ്റിംഗിനായി കൂടുതൽ സമയം ഞാൻ ചെലവഴിക്കുന്നുണ്ട്. കെ എൽ രാഹുൽ തന്ന ആത്മവിശ്വാസമാണ് റൺസ് കണ്ടെത്താൻ സഹായിച്ചത്'- റാണ പറഞ്ഞു.
ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരോടൊപ്പം താൻ മികച്ച രീതിയിലാണ് പന്തെറിയുന്നതെന്നും റാണ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി റാണയെപ്പോലെയുള്ള താരങ്ങളെ ഓൾറൗണ്ടർമാരായി വളർത്തുന്നത് ടീമിന് വലിയ മുതൽക്കൂട്ടാകും.