ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം കോച്ച് അമോൽ മജുംദാർ.
വി.കെ. സഞ്ജു
കുറച്ച് പഴയൊരു കഥയാണ്. 1988ലെ ഹാരിസ് ഷീൽഡ് ഇന്‍റർ-സ്കൂൾ ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ സെമി ഫൈനലാണ് വേദി. ശാരദാശ്രമം വിദ്യാമന്ദിർ സ്കൂളിനുവേണ്ടി രണ്ടു കുട്ടികൾ - സച്ചിൻ ടെൻഡുൽക്കറും വിനോദ് കാംബ്ലിയും - ക്രീസിൽ. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അടിച്ചെടുത്തത് അന്നത്തെ ലോക റെക്കോർഡായ 664 റൺസ്! ഈ കൂട്ടുകെട്ട് ക്രീസിൽ വാണരുളിയ രണ്ടു ദിവസം മുഴുവൻ, അടുത്തതായി ബാറ്റ് ചെയ്യാനുള്ള കുട്ടി പാഡണിഞ്ഞ് പവലിയനിൽ ഊഴം കാത്തിരിക്കുന്നുണ്ടായിരുന്നു. അമോൽ മജുംദാർ എന്നായിരുന്നു അവന്‍റെ പേര്.
അന്നത്തെ കാത്തിരിപ്പ് അവന്‍റെ കരിയറിന്‍റെ പ്രതീകം തന്നെയായി മാറി. ആ മത്സരത്തിൽ അവനു ബാറ്റ് ചെയ്യാൻ അവസരം വന്നതേയില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ റൺമലകൾ തീർത്ത 21 വർഷത്തിനിടെയും ഒരിക്കൽപ്പോലും ഇന്ത്യൻ ടീമിലേക്കുള്ള വിളിയും വന്നില്ല! പക്ഷേ, അതെല്ലാം മറക്കാൻ അയാൾക്ക് കാലം ഒരു ലോകകപ്പ് കാത്തുവച്ചിരുന്നു- 2025ൽ; ചരിത്രത്തിലാദ്യമായി ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിന്‍റെ പരിശീലകൻ ആ പഴയ അമോൽ മജുംദാർ തന്നെയാണ്. അയാളുടെ കാത്തിരിപ്പ് ഇപ്പോൾ സാർഥകമാിരിക്കുന്നു, മറ്റൊരു രൂപത്തിലാണെങ്കിലും....
സച്ചിനും കാംബ്ലിയും റെക്കോർഡ് പ്രകടനത്തിനു ശേഷം അതിവേഗം ഇന്ത്യൻ ക്രിക്കറ്റിന്‍റെ വെളിച്ചത്തിലേക്ക് നടന്നുകയറിയപ്പോൾ, മജുംദാർ മുംബൈ ക്രിക്കറ്റ് സർക്കിളിനു പുറത്ത് അധികമാരുമറിയാതെ തന്‍റെ കഠിനാധ്വാനം തുടരുകയായിരുന്നു. 1993ൽ മുംബൈക്കു വേണ്ടി രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ നേടിയത് 260 റൺസ്.
21 വർഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറിൽ 171 മത്സരങ്ങളിൽ നിന്ന് 11,167 റൺസ്. അതിൽ 30 സെഞ്ച്വറി. സച്ചിൻ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരടങ്ങിയ ഇന്ത്യൻ ക്രിക്കറ്റിന്‍റെ സുവർണ തലമുറയുടെ കാലഘട്ടത്തിലാണ് അദ്ദേഹം കളിച്ചത്. അതു തന്നെയായിരുന്നു ക്രിക്കറ്റർ എന്ന നിലിൽ മജുംദാറിന്‍റെ ഏറ്റവും വലിയ ദൗർഭാഗ്യവും. മധ്യനിരയിൽ ഒരു ഒഴിവുപോലും പ്രതീക്ഷിക്കാനില്ലാത്ത കാലഘട്ടം. ഇന്ത്യയുടെ അണ്ടർ-19 വൈസ് ക്യാപ്റ്റനായിരുന്നു. ഇന്ത്യ എ ടീമിൽ ദ്രാവിഡിനും ഗാംഗുലിക്കുമൊപ്പം കളിച്ചു. പക്ഷേ, ദേശീയ ടീമിന്‍റെ വാതിൽ അദ്ദേഹത്തിനായി ഒരിക്കലും തുറന്നില്ല.
കളിക്കളത്തിൽ ലഭിക്കാതെ പോയ ആ അവസരമാണ് പരിശീലകൻ എന്ന നിലയിൽ അമോൽ മജുംദാർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്- ഇന്ത്യൻ വനിതാ ടീമിനെ ലോകകപ്പ് വിജയത്തിലേക്കു നയിച്ചുകൊണ്ട്. കളിക്കാരനായി കിട്ടാതെ പോയ അംഗീകാരം, ശാന്തനും വിശ്വസ്തനുമായ പരിശീലകൻ എന്ന നിലയിൽ അദ്ദേഹം നേടിയെടുക്കുകയായിരുന്നു. ഡബ്ല്യു.വി. രാമനും രമേശ് പൊവാറും ഇന്ത്യൻ വനിതാ ടീമിന്‍റെ പരിശീലകരായിരുന്ന സമയത്തെ വിവാദങ്ങളൊക്കെ ഒഴിഞ്ഞ്, ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കുന്ന, വിജയതൃഷ്ണയുള്ള സംഘമായി ഈ ടീമിനെ മാറ്റിയെടുക്കാൻ അദ്ദേഹത്തിനായി. പതിനഞ്ചംഗ ടീമിൽ പത്തു പേരും മുൻപ് ലോകകപ്പ് കളിച്ചിട്ടില്ലാത്തവർ, അതിൽ തന്നെ പലരും ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയവർ. അവരെയാണ് ലോക ജേത്രികളാക്കിക്കൊണ്ട് അമോൽ അദ്ഭുതം പ്രവർത്തിച്ചിരിക്കുന്നത്.
2023 ഒക്റ്റോബറിലാണ് ഇന്ത്യൻ വനിതാ ടീമിന്‍റെ മുഖ്യ പരിശീലകനായി അമോൽ മജുംദാർ ചുമതലയേൽക്കുന്നത്. അന്ന് ഈ ടീമിന് ഒരു പുതിയ ദിശാബോധമായിരുന്നു ആവശ്യം. അമോലിന്‍റെ പരിശീലന രീതികൾ താരങ്ങൾക്കിടയിൽ വേഗത്തിൽ സ്വീകാര്യത നേടി. വലിയ പ്രസംഗങ്ങളോ വാചകക്കസർത്തുക്കളോ ഇല്ലാതെ, ശാന്തമായ ഉപദേശങ്ങളിലൂടെയും കളിക്കാർക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകിയുമുള്ള അദ്ദേഹത്തിന്‍റെ ശൈലി ടീമിന് ആത്മവിശ്വാസം പകർന്നു. പരാജയങ്ങളിൽ പോലും ടീമംഗങ്ങളെ ചേർത്തുപിടിച്ചും, അവർക്ക് പരസ്പരം വിശ്വാസം വളർത്താൻ അവസരം നൽകിയുമാണ് അദ്ദേഹം ടീമിനെ മുന്നോട്ടു നയിച്ചത്. ശിഷ്യഗണങ്ങൾ ഈ ലോകകപ്പ് വിജയം കൊണ്ട് ഗുരുവിനു ദക്ഷിണ വച്ചു.
ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയ്ക്കൊപ്പം കോച്ച് അമോൽ മജുംദാർ.
വനിതാ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോട് തോറ്റപ്പോൾ വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ, ഡ്രസിങ് റൂമിനുള്ളിൽ പരിഭ്രാന്തി ഒട്ടുമുണ്ടായില്ല എന്നാണ് ടീം വൃത്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. സെമി ഫൈനലിനു മുൻപ് ടീമംഗങ്ങൾക്കായി അദ്ദേഹം വൈറ്റ് ബോർഡിൽ എഴുതിയ സന്ദേശം ലളിതമായിരുന്നു: ''അവരെക്കാൾ ഒരു റൺ കൂടുതലെടുത്താൽ മതി നമുക്ക് ഫൈനലിലെത്താൻ''.
പ്രൊഫഷണലിസവും ശാന്തമായ ആത്മവിശ്വാസവും മാത്രം മുന്നിൽ വച്ചുള്ള ഈ സമീപനം ടീമിന് ധൈര്യം പകർന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് കിരീടം നേടിയപ്പോൾ, നവംബർ 2, 2025, ഇന്ത്യൻ വനിതാ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ മായാത്ത മുദ്രയായി മാറി; അപൂർണമായി അവസാനിക്കുമായിരുന്ന അമോൽ മജുംദാറുടെ ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് ദുരന്ത നായകൻ എന്ന വിശേഷണവും ഇതോടെ തുടച്ചുനീക്കപ്പെടുകയാണ്.