സൂപ്പർ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ശ്രീലങ്കയെ രണ്ട് റൺസിൽ ഒതുക്കിയ അർഷ്ദീപ് സിങ്ങാണ് ഇന്ത്യയുടെ വിജയശിൽപ്പി.
ദുബായ്: ഏഷ്യ കപ്പിലെ അപ്രധാനമായ സൂപ്പർ 4 മത്സരത്തെ, ഈ ടൂർണമെന്‍റിലെ ഏറ്റവും ആവേശകരമാക്കി മാറ്റി ഇന്ത്യയും ശ്രീലങ്കയും. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 202 റൺസെന്ന കൂറ്റൻ സ്കോർ നേടി. എന്നാൽ, പാഥും നിശങ്കയുടെ സെഞ്ചുറിയുടെ ബലത്തിൽ പൊരുതിക്കയറിയ ലങ്കയും 20 ഓവർ പൂർത്തിയാകുമ്പോൾ 202/5 എന്ന സ്കോറിലെത്തി.
തുടർന്ന് സൂപ്പർ ഓവറിൽ ശ്രീലങ്കയെ വെറും രണ്ടു റൺസിൽ ഒതുക്കി നിർത്തിയ അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. റെഗുലർ സമയത്ത് നാലോവറിൽ 46 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ അർഷ്ദീപ്, സൂപ്പർ ഓവറിൽ രണ്ട് ലങ്കൻ ബാറ്റർമാരെ പുറത്താക്കിയാണ് അദ്ഭുതം പ്രവർത്തിച്ചത്. ശുഭ്മൻ ഗില്ലിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സൂപ്പർ ഓവറിൽ മൂന്നു റൺസ് വിജയലക്ഷ്യം ആദ്യ പന്തിൽ തന്നെ പൂർത്തിയാക്കുകയും ചെയ്തു.
അഭിഷേക് ശർമ
നേരത്തെ, മത്സരത്തിന്‍റെ തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത് ശ്രീലങ്കൻ ബൗളർമാരെ തച്ചു തകർത്ത അഭിഷേക് ശർമയുടെ തിളക്കമാർന്ന പ്രകടനമാണ് ഇന്ത‍്യക്ക് കരുത്തേകിയത്. 31 പന്തിൽ 8 ബൗണ്ടറിയും 2 സിക്സറും അടക്കം 61 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.
അഭിഷേകിനു പുറമെ തിലക് വർമ, മലയാളി താരം സഞ്ജു സാംസൺ, അക്ഷർ പട്ടേൽ എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. തിലക് 34 പന്തിൽ 49 റൺസും അക്ഷർ 15 പന്തിൽ 22 റൺസും നേടി പുറത്താവാതെ നിന്നപ്പോൾ, സഞ്ജു 23 പന്തിൽ നിന്നും 3 സിക്സറും ഒരു ബൗണ്ടറിയും ഉൾപ്പടെ 39 റൺസ് നേടി.
വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (4) ക‍്യാപ്റ്റൻ സൂര്യകുമാർ യാദവ് (12), ഹാർദിക് പാണ്ഡ‍്യ (2) എന്നിവർ നിരാശപ്പെടുത്തി. ശ്രീലങ്കയ്ക്കു വേണ്ടി മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, വാനിന്ദു ഹസരങ്ക, ദസുൻ ഷാനക, ചാരിത് അസലങ്ക എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ കുശാൽ മെൻഡിസ് ഗോൾഡൻ ഡക്കായ ശേഷമായിരുന്നു ശ്രീലങ്കയുടെ അതിശക്തമായ തിരിച്ചുവരവ്. നിശങ്കയ്ക്കൊപ്പം കുശാൽ പെരേരയും ചേർന്നപ്പോൾ (32 പന്തിൽ 58) രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 127 റൺസ് പിറന്നു.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തന്‍റെ ആദ്യ സെഞ്ചുറി നിശബ്ദനായി ആഘോഷിക്കുന്ന ശ്രീലങ്കൻ ഓപ്പണർ പാഥും നിശങ്ക.
ഒരു ഘട്ടത്തിൽ ലങ്ക അനായാസം ജയിക്കുമെന്നു തോന്നിച്ചെങ്കിലും, പിന്നീട് വന്നവരിൽ ദാസുൻ ശനക (11 പന്തിൽ 22) ആർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ജസ്പ്രീത് ബുംറയ്ക്കു പകരം കളിച്ച അർഷ്ദീപ് സിങ് മാത്രമല്ല, ശിവം ദുബെയ്ക്കു പകരം ഹർഷിത് റാണയും തല്ല് വാങ്ങിക്കൂട്ടി. 54 റൺസ് വഴങ്ങിയ റാണയ്ക്കും ഒരു വിക്കറ്റ് കിട്ടി. കുൽദീപ് യാദവും വരുൺ ചക്രവർത്തിയും നാലോവറിൽ 31 റൺസ് വീതം വഴങ്ങി ഓരോ വിക്കറ്റ് നേടി.
ടൂർണമെന്‍റിൽ ഇന്ത്യ നേരത്തെ ഫൈനലിൽ കടക്കുകയും ശ്രീലങ്ക പുറത്താകുകയും ചെയ്തിരുന്നതിനാൽ ഈ മത്സരത്തിന്‍റെ ഫലം അപ്രസക്തമാണ്. ഞായറാഴ്ച പാക്കിസ്ഥാനെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക.