അഖിൽ സ്കറിയയുടെ ബൗളിങ്.

 
Sports

വിക്കറ്റ് വേട്ടക്കാരിൽ എതിരില്ലാതെ അഖിൽ

കെസിഎല്ലിലെ വിക്കറ്റ് വേട്ടക്കാരൻ കാലിക്കറ്റിന്‍റെ സ്വന്തം അഖിൽ സ്‌കറിയ; തുടരെ രണ്ടാം സീസണിലും പർപ്പിൾ ക്യാപ് സ്വന്തം. ബാറ്റിങ്ങിലും തിളങ്ങിയ അഖിൽ തന്നെ പ്ലെയർ ഒഫ് ദ ടൂർണമെന്‍റും.

Thiruvananthapuram Bureau

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണ് കൊടിയിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്‍റെ ഓൾറൗണ്ടർ അഖിൽ സ്‌കറിയ. ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഖിൽ, 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

ഇക്കുറി സ്വന്തം ടീം സെമിയിൽ തോറ്റു പുറത്തായെങ്കിലും വിക്കറ്റ് കൊയ്ത്തിൽ കാൽ സെഞ്ചുറി നേട്ടത്തോടെ പർപ്പിൾ ക്യാപ്പിന് ഈ 26കാരൻ അർഹനാകുകയായിരുന്നു. രണ്ട് തവണയാണ് അഖിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. 14 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് രണ്ടാം സീസണിൽ അഖിലിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.

കേരള ക്രിക്കറ്റ് ലീഗിൽ തുടർച്ചയായ രണ്ടാം തവണയാണ് അഖിൽ സ്‌കറിയ പർപ്പിൾ ക്യാപ് നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിലും 25 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ കെസിഎല്ലിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളർ എന്ന റെക്കോഡും അഖിൽ സ്വന്തം പേരിലാക്കി.

ബൗളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും വിസ്മയ പ്രകടനമാണ് അഖിൽ പുറത്തെടുത്തത്. ടൂർണമെന്‍റിൽ ആകെ 314 റൺസ് നേടിയ താരത്തിന്‍റെ ഉയർന്ന വ്യക്തിഗത സ്‌കോർ 72 റൺസാണ്.

വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് കൊല്ലം ഏരീസിന്‍റെ എ.ജി. അമൽ ആണ്. 12 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് അമൽ പേരിലാക്കിയത്. കൊച്ചി ബ്ലുടൈഗേഴ്‌സിന്‍റെ കെ.എം. ആസിഫ് 16 വിക്കറ്റുമായി മൂന്നാം സ്ഥാനതെത്തി. തൃശൂർ ടൈറ്റൻസ് താരം സിബിൻ ഗിരീഷ്, പി.എസ്. ജെറിൻ എന്നിവർ 15 വീക്കറ്റ് വീതം വീഴ്ത്തി.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ