അഡ്‌ലെയ്ഡ്: ഇന്ത‍്യ എ ടീമിനെതിരെ നടന്ന രണ്ടാം അനൗദ‍്യോഗിക ടെസ്റ്റിൽ സാം കോൺസ്റ്റാസിന്‍റെ മികവോടെ ഓസ്ട്രേലിയക്ക് 6 വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ ഇന്ത‍്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ഇറങ്ങിയ ഓസീസിന് തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. മാർക്കസ് ഹാരിസും കാമറൂൺ ബാൻക്രോഫ്റ്റും ഡക്കിന് പുറത്തായതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി.
ഓപ്പണറായ നഥാൻ മക്സ്വീനി 25 റൺസെടുത്ത് മടങ്ങിയതോടെ സ്കോർ 48/3 എന്ന നിലയിലായി. സാം കോൺസ്റ്റാസും ഒലിവർ ഡേവിസും ചേർന്ന് കൂട്ടുകെട്ട് നിർമ്മിക്കാൻ ശ്രമിച്ചെങ്കിലും തനുഷ് കൊട്ടിയൻ ഡേവിസിനെ പുറത്താക്കി. ഇതോടെ സ്കോർ 4 വിക്കറ്റ് നഷ്ട്ടത്തിൽ 73 എന്ന നിലയിലായി.
തുടർന്ന് കോൺസ്റ്റാസും, ബ്യൂ വെബ്സ്റ്ററും ചേർന്ന് നേടിയ 96 റൺസിന്‍റെ കൂട്ടുകെട്ട് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഇന്ത‍്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും മുകേഷ് കുമാറും മികച്ച രീതിയിൽ പന്തെറിഞ്ഞുവെങ്കിലും ഓസീസിന്‍റെ മധ‍്യനിരയെ തകർക്കാനായില്ല. പ്രസിദ്ധ് കൃഷ്ണ 12 ഓവറിൽ 37 റൺസ് വിട്ട്കൊടുത്ത് 2 വിക്കറ്റ് നേടി. മുകേഷ് കുമാർ 11 ഓവറിൽ നിന്ന് 40 റൺസ് വിട്ട്കൊടുത്ത് 1വിക്കറ്റും നേടി. ഇവരെ കൂടാതെ തനുഷ് കൊട്ടിയനും ഒരു വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ധ്രുവ് ജുറൽ മാത്രമാണ് അർദ്ധസെഞ്ച്വറി തികച്ചത്. മറ്റാർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഓസ്ട്രേലിയ എ ടീമിനെതിരെ ആദ‍്യ ടെസ്റ്റ് മത്സരവും ഇന്ത‍്യ പരാജയപ്പെട്ടിരുന്നു ഇതോടെ ബോർഡർ ഗവാസ്ക്കർ ട്രോഫിക്ക് മുന്നോടിയായി നടന്ന 2 മത്സരങ്ങളുടെ പരമ്പര ഓസീസ് സ്വന്തമാക്കി. ഒന്നാം അനൗദ‍്യോഗിക ടെസ്റ്റിൽ 7 വിക്കറ്റിനായിരുന്നു ഇന്ത‍്യയുടെ തോൽവി.