ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം
പെർത്ത്: 2026 ടി20 ലോകകപ്പിലേക്കുള്ള പ്രാഥമിക ടീമിനെ പ്രഖ‍്യാപിച്ച് ഓസ്ട്രേലിയ. മിച്ചൽ മാർഷ് നയിക്കുന്ന 15 അംഗ ടീമിൽ പാറ്റ കമ്മിൻസ്, കാമറൂൺ ഗ്രീൻ, കൂപ്പർ കൊണോലി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദം സാംപ, ഗ്ലെൻ മാക്സ്‌വെൽ, മാത‍്യു ഷോർട്ട്, മാത‍്യു കുനെമാൻ, എന്നിവർ അടക്കമുള്ള താരങ്ങൾ സ്പിൻ നിരയെയും ജോഷ് ഹേസൽവുഡ്, നേഥൻ എല്ലിസ്, സേവിയർ ബാർട്ട്‌ലെറ്റ് എന്നിവർ പേസ് നിരയെയും കൈകാര‍്യം ചെയ്യും.
വിക്കറ്റ് കീപ്പർ ബാറ്ററായി ജോഷ് ഇംഗ്ലിസിനെ മാത്രമാണ് ഓസീസ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അലക്സ് കാരി, ജോഷ് ഫിലിപ്പ് എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല. പ്രാഥമിക ടീമിനെയാണ് ഓസീസ് പ്രഖ‍്യാപിച്ചിരിക്കുന്നത്. അതിനാൽ ടീമിൽ മാറ്റങ്ങളുണ്ടാകാൻ സാധ‍്യതയുണ്ട്.
സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷമുള്ള ആദ‍്യ ലോകകപ്പാണ് ഓസീസ് ഇത്തവണ കളിക്കുന്നത്. എതിരാളികളെ എളുപ്പത്തിൽ തകർക്കാൻ കഴിയുന്ന സ്റ്റാർക്കിന് പകരം ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്ന താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
ഓസീസ് ടീം: മിച്ചൽ മാർഷ് (ക‍്യാപ്റ്റൻ), പാറ്റ് കമ്മിൻസ്, സേവിയർ ബാർട്ട്‌ലെറ്റ്, കൂപ്പർ കൊണോലി, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, നേഥൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത‍്യു കുനെമാൻ, ഗ്ലെൻ മാക്സ്‌വെൽ, മാത‍്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ