മാർനസ് ഇല്ല, മിച്ചൽ സ്റ്റാർക്ക് തിരിച്ചെത്തി; ഇന്ത‍്യക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസീസ് ടീമായി
മെൽബൺ: ഇന്ത‍്യക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിച്ച് ഓസ്ട്രേലിയ. മിച്ചൽ മാർഷ് നയിക്കുന്ന ടീമിൽ മാർനസ് ലബുഷെയ്ന് ഇടം നേടാനായില്ല. സമീപകാലത്തെ മോശം പ്രകടനം മൂലമാണ് താരത്തിന് ടീമിൽ ഇടം നഷ്ടമായത്. പകരം മാറ്റ് റെൻഷോയെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഭ‍്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിന് ദേശീയ ടീമിലേക്കുള്ള വഴിയൊരുക്കിയത്.
പാറ്റ് കമ്മിൻസിനു പരുക്കേറ്റതിനാലാണ് മിച്ചൽ മാർഷിനു ക‍്യാപ്റ്റൻ സ്ഥാനം നൽകിയിരിക്കുന്നത്. അതേസമയം, നീണ്ട ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിൽ തിരിച്ചെത്തി. ടി20 ക്രിക്കറ്റ് സ്റ്റാർക്ക് നേരത്തെ തന്നെ മതിയാക്കിയിരുന്നു.
പരുക്കേറ്റതിനാൽ ഗ്ലെൻ മാക്സ്‌വെല്ലിനെ ടീമിലെടുത്തിട്ടില്ല. കാമറൂൺ ഗ്രീനിന് ടി20 പരമ്പരയും വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ഏകദിന പരമ്പരയിലെ ആദ‍്യ മത്സരവും നഷ്ടമാകും. ആഷസ് പരമ്പരയ്ക്ക് തയാറെടുക്കുന്നതിനാലാണ് കാമറൂൺ ഗ്രീനിന് ടി20 പരമ്പര നഷ്ടമാവുന്നത്. ഷെഫീൽഡ് ഷീൽഡിനു വേണ്ടി മത്സരിക്കുന്നതിനാലാണ് അലക്സ് കാരിക്ക് ആദ‍്യ ഏകദിനത്തിൽ കളിക്കാൻ സാധിക്കാത്തത്.
ഒക്റ്റോബർ 19ന് പെർത്തിൽ മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ‍്യ മത്സരവും ഒക്റ്റോബർ 29ന് ടി20 പരമ്പരയും ആരംഭിക്കും.
ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്‌ലെറ്റ്, അലക്സ് കാരി, കൂപ്പർ കോണോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ
ആദ‍്യ രണ്ടു ടി20 മത്സരങ്ങൾക്കുള്ള ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, സേവ്യർ ബാർട്ട്‌ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.