ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഓസീസ്; മിന്നും ജയം
സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് 276 റൺസ് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഉയർത്തിയ 432 റൺസ് വിജയലക്ഷ‍്യം ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കാനായില്ല. 24.5 ഓവറിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 155 റൺസിൽ അവസാനിച്ചു.
49 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസിനു മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ഓസീസിനു വേണ്ടി കൂപ്പർ കോനെല്ലി അഞ്ചും ഷോൺ ആബട്ട്, സേവ്യർ ബാർട്ട്ലറ്റ് എന്നിവർ രണ്ടു വീതവും ആഡം സാംപ ഒരു വിക്കറ്റും വീഴ്ത്തി.
മൂന്നാം ഏകദിനത്തിൽ ഓസീസ് വിജയിച്ചെങ്കിലും, ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ദക്ഷിണാഫ്രിക്ക നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ടി20 പരമ്പര നേരത്തെ ഓസ്ട്രേലിയ നേടിയിരുന്നു.
മൂന്നാം ഏകദിനത്തിൽ ആദ‍്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 431 റൺസാണ് അടിച്ചു കൂട്ടിയത്. ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവരുടെ സെഞ്ചുറികളും അലക്സ് കാരിയുടെ അർധസെഞ്ചുറിയുമാണ് ഓസീസിനു പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്.
103 പന്തിൽ 17 ബൗണ്ടറിയും അഞ്ച് സിക്സും ഉൾപ്പെടെ 142 റൺസാണ് ഹെഡ് നേടിയത്. മിച്ചൽ മാർഷുമൊത്ത് (106 പന്തിൽ 100) ഒന്നാം വിക്കറ്റിൽ 250 റൺസ് കൂട്ടുകെട്ടും പിറന്നു. കാമറൂൺ ഗ്രീൻ വെടിക്കെട്ട് പ്രകടനത്തിലൂടെ 55 പന്തിൽ 118 റൺസും നേടി. ഗ്രീനും 37 പന്തിൽ 50 റൺസെടുത്ത അലക്സ് കാരിയും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ്, സെനുരൻ മുത്തുസാമി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു. ടീം സ്കോർ 11ൽ നിൽക്കെ ഐഡൻ മാർക്രമിനെ (2) നഷ്ടമായി. പിന്നാലെ റ‍്യാൻ റിക്കിൾടൺ (11), ക്യാപ്റ്റൻ ടെംബ ബാവുമ (19), യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ് (1) എന്നിവരും പുറത്തായി.
ടീം സ്കോർ 50ൽ നിൽക്കെ നാലുവിക്കറ്റ് നഷ്ടമായ ടീമിനെ ഡെവാൾഡ് ബ്രെവിസും ടോണി ഡി സോർസിയും (33) മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരുവരെയും കൂപ്പർ കോനെല്ലി പുറത്താക്കി. വിയാൻ മുൾഡർ (5), കോർബിൻ ബോഷ് (17), കേശവ് മഹാരാജ് (2), സെനുരാൻ മുത്തുസാമി (9), കേന മപേക (0) തുടങ്ങിയവർക്ക് കാര‍്യമായ സംഭാവനകളൊന്നും നൽകാൻ കഴിയാതായതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 155 റൺസിൽ അവസാനിക്കുകയായിരുന്നു.