ബിദേമി മാത്യു
റോയ് റാഫേൽ
ദുബായ്: നിരന്തരമായ കഠിന പരിശീലന മുറകൾക്കൊടുവിൽ ആ പതിനൊന്നുകാരൻ പയ്യൻ മൈതാനത്ത് തളർന്നുവീണു, പിന്നീട് ഛർദിക്കാൻ തുടങ്ങി. അതോടെ ഇന്നത്തെ വ്യായാമം അവസാനിപ്പിക്കാൻ പരിശീലകൻ നിർദേശം നൽകുമെന്ന് ആ കൗമാര താരവും അവന്‍റെ മാതാപിതാക്കളും കരുതി. പയ്യന്‍റെ അടുത്തെത്തിയ പരിശീലകന്‍റെ നിർദേശം വന്നു 'എഴുന്നേറ്റ് മുഖം കഴുകൂ, നമുക്ക് തുടരാം'. തളർന്ന് വീണിടത്തുനിന്ന് തളരാതെ പരിശീലനം തുടർന്ന് അസാമാന്യമായ ശാരീരിക ക്ഷമത കൈവരിച്ച ആ കൗമാര താരം ഇപ്പോൾ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനിലെ വളർന്നുവരുന്ന താരങ്ങൾക്കൊപ്പം പരിശീലനം നടത്തുകയാണ്- പേര് ഐഡാൻ ഹാനി നദീർ.
പതിനൊന്ന് വയസ് മുതൽ ഐഡാന്‍റെ പ്രതിഭയും ഫുട്ബോളിനോടുള്ള സമർപ്പണവും തിരിച്ചറിഞ്ഞ് അവനെ യൂറോപ്യൻ നിലവാരത്തിലുള്ള ഫുട്ബോൾ കളിക്കാരനാക്കാൻ കഠിന പ്രയത്നം നടത്തിയ പരിശീലകൻ ദുബായിലുണ്ട്.- ബിദേമി മാത്യു ഫ്രം നൈജീരിയ'
പേര് ഐഡാൻ ഹാനി നദീർ
വിജയത്തിലേക്കുള്ള മാത്യുവിന്‍റെ മന്ത്രവും തന്ത്രവും ലളിതമാണ് സമ്പൂർണ സമർപ്പണം. കളിയോടുള്ള പ്രതിബദ്ധത 99 % പോര, 100% തന്നെ വേണം, എങ്കിൽ മാത്രമേ ലോകോത്തര നിലവാരമുള്ള ഫുട്ബോൾ കളിക്കാരനാവാൻ സാധിക്കൂ. ഈ തത്വത്തിന്‍റെ ഏറ്റവും സഫലമായ പ്രയോഗമാണ് ഐഡാനിൽ കണ്ടത്.
യൂറോപ്യൻ ഫുട്ബോളർക്ക് വേണ്ട ശാരീരിക ക്ഷമതയും കരുത്തും അഭിനിവേശവും സ്വന്തമാക്കാൻ ഈ മലയാളി കൗമാര താരത്തിന് സാധിച്ചതിന് പിന്നിൽ മാതാപിതാക്കളുടെ ഇച്ഛാശക്തിക്കും ത്യാഗത്തിനും വലിയ പങ്കുണ്ടെന്ന് മാത്യു പറയുന്നു. പ്രതിദിനം നാല് മണിക്കൂറിലേറെ സമയമാണ് മകന്‍റെ പരിശീലനത്തിനും യാത്രക്കുമായി അവർ നീക്കിവെച്ചിരുന്നത്. മകന്‍റെ സ്വപ്നങ്ങളെ പിന്തുടരാൻ അവർ കാണിച്ച ആത്മാർത്ഥതയാണ് ഒരു തരത്തിൽ തന്നെയും പ്രചോദിപ്പിച്ചതെന്ന് നൈജീരിയൻ കോച്ച് പറഞ്ഞു.
ഫുട്ബോളിന് വേണ്ടി സമപ്രായക്കാർ ആസ്വദിച്ചിരുന്ന ജീവിതം അവൻ വേണ്ടെന്ന് വെച്ചുവെന്നും മാത്യു ചൂണ്ടിക്കാട്ടി. ' ബൂട്ട് കെട്ടി മൈതാനത്ത് ഇറങ്ങിയാൽ ഐഡാന്‍റെ മനസ്സിൽ ഫുട്ബോൾ അല്ലാതെ മറ്റൊന്നുമില്ല' പ്രിയ പരിശീലകന്‍റെ സാക്ഷ്യം.
എസി മിലാനിലെ പരിശീലനം കഴിഞ്ഞാൽ ഐഡാന്‍റെ കളി ജീവിതം മാറിയേക്കാം, യൂറോപ്യൻ ക്ലബ്ബുകളിൽ നിന്ന് ക്ഷണം ലഭിച്ചേക്കാം, ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനായി ഭാവിയിൽ ഉയർന്ന് വന്നേക്കാം. അപ്പോഴും ഒരു അവകാശവാദവുമില്ലാതെ പുതിയ പ്രതിഭകളെ തേടി 'ബിദേമി മാത്യു ഫ്രം നൈജീരിയ' ഇവിടെത്തന്നെ ഉണ്ടാവും ദുബായിൽ.