ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്നിവർ ആദ്യ ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ.
ന്യൂ ചണ്ഡിഗഡ്: കുട്ടി ക്രിക്കറ്റിന്‍റെ പൂരാവേശം കൊടിയിറങ്ങി, ഇനി ചുവന്ന പന്തിന്‍റെ ക്ലാസിക് ക്രിക്കറ്റ്. അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തോടെ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ വീണ്ടും സജീവമാകുന്നു. ഒറ്റ ടെസ്റ്റുള്ള പരമ്പരയ്ക്ക് ശനിയാഴ്ച ന്യൂ ചണ്ഡിഗഡിൽ തുടക്കം. കഴിഞ്ഞ നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ 2-0ന് പരാജയപ്പെട്ട ശേഷം ഇന്ത്യ കളിക്കാനിറങ്ങുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്.
മത്സരത്തിനു മുന്നോടിയായി ദേശീയ സെലക്റ്റര്‍മാര്‍ ടീമിന്‍റെ നേതൃത്വത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഋഷഭ് പന്തിനെ ഒഴിവാക്കി കെ.എല്‍. രാഹുലിനെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ജസ്പ്രീത് ബുമ്രയ്ക്ക് അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള തയാറെടുപ്പുകള്‍ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി ഈ ടെസ്റ്റ് മത്സരത്തില്‍ നിന്നും തുടര്‍ന്നുള്ള ഏകദിന പരമ്പരയില്‍ നിന്നും അദ്ദേഹത്തിന് വിശ്രമം നല്‍കിയിട്ടുണ്ട്.
ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പുറമെ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍, പേസര്‍ ആകാശ് ദീപ് എന്നിവരെയും സെലക്റ്റര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂന്ന് പുതുമുഖങ്ങള്‍ ടീമിലുണ്ട്. സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായ രാജസ്ഥാന്‍റെ മാനവ് സുതര്‍, വിദര്‍ഭയുടെ ഹര്‍ഷ് ദുബെ, പഞ്ചാബ് പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ എന്നിവർക്കാണ് ആദ്യമായി ടെസ്റ്റ് ടീമിലേക്കു വിളി വന്നത്. ഇതിൽ ഒരു സ്പിന്നർ അരങ്ങേറ്റം കുറിക്കുമെന്നുറപ്പാണ്.
കഴിഞ്ഞ വര്‍ഷം ഗോഹട്ടിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന അവസാന ടെസ്റ്റ് മത്സരം പരുക്ക് കാരണം നഷ്ടമായ ശുഭ്മന്‍ ഗില്‍ റെഡ് ബോള്‍ ടീമിലേക്ക് തിരിച്ചെത്തുന്നു. ഐപിഎല്‍ 2026ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനായി തിളങ്ങിയ ഗില്‍, മുല്ലന്‍പുരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ തന്‍റെ പതിവ് നാലാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം നമ്പറിൽ സായ് സുദർശന് വീണ്ടും അവസരം നൽകുമെന്നാണ് കോച്ച് ഗൗതം ഗംഭീർ നൽകുന്ന സൂചന.
അടുത്തിടെ ഹരാരെയില്‍ സിംബാബ്‌വെയ്ക്കെതിരേ ഏറ്റ ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ അഫ്ഗാനിസ്ഥാന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരുക്കേറ്റ് സിംബാബ്‌വെ പരമ്പര നഷ്ടമായ റഹ്മത് ഷായുടെ തിരിച്ചുവരവ് ടീമിന് കരുത്താകും. സെദിഖുല്ല അടല്‍, അസ്മത്തുള്ള ഒമര്‍സായ്, ഖൈസ് അഹമ്മദ് എന്നിവരുള്‍പ്പെടെയുള്ളവർക്ക് അവസരം ലഭിച്ചപ്പോള്‍, കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ഇസ്മത് ആലം, യമീന്‍ അഹമ്മദ്സായ് എന്നിവരെ ഒഴിവാക്കി. സ്റ്റാർ ലെഗ് സ്പിന്നർ റാഷിദ് ഖാന് അഞ്ച് ദിവസത്തെ മത്സരത്തിനുള്ള ആരോഗ്യക്ഷമതയില്ലെന്നാണ് വിലയിരുത്തൽ.
ടീമുകള്‍
ഇന്ത്യ: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്‌വാള്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപറ്റ്ന്‍), സായ് സുദര്‍ശന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍.
അഫ്ഗാനിസ്ഥാന്‍: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അബ്ദുള്‍ മാലിക്, സെദിഖുല്ല അടല്‍, റഹ്മത് ഷാ, റഹ്മാനുള്ള ഗുര്‍ബാസ്, റഹ്മാനുള്ള സദ്രാന്‍, അഫ്സര്‍ സസായ് (വൈസ് ക്യാപറ്റ്ന്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഷറഫുദ്ദീന്‍ അഷ്റഫ്, നംഗ്യാല്‍ ഖരോട്ടി, ഖൈസ് അഹമ്മദ്, ബിലാല്‍ സാമി, സിയ ഷെരീഫി, സലീം സഫി.