ബ്രാഡ് ഹോഗ്
മെൽബൺ: രാഷ്ട്രീയപ്രശ്നങ്ങൾ മാറ്റിവെച്ച് ഇന്ത്യയും പാക്കിസ്ഥാനും ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കണമെന്ന് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്. പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹോഗിന്‍റെ അഭിപ്രായ പ്രകടനം.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തം സുപ്രധാനമായിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാത്തത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ അവസാനിപ്പിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി പരമ്പരകൾ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു- ബ്രാഡ് ഹോഗ് പറഞ്ഞു.
ദുബായിലെ വേദി ഇന്ത്യക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയ അതേക്കുറിച്ച് പരാതിപ്പെട്ടില്ല. ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി കളിക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നെന്നും ഹോഗ് കൂട്ടിച്ചേർത്തു.