മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കാനിരിക്കെ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നീ പ്രധാന ബൗളർമാരുടെ പങ്കാളിത്തം സംശയത്തിൽ. പരുക്കിന്‍റെ വിവിധ ഘട്ടങ്ങളിലൂടെയാണ് മൂവരും കടന്നുപോകുന്നത്.
2023ലെ ഏകദിന ലോകകപ്പ് ഫൈനലിനു ശേഷം ശസ്ത്രക്രിയക്കു വിധേയനായ ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ ടീമിലൂടെ തിരിച്ചുവന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ വലതു കാൽമുട്ടിന് ഇപ്പോഴും പ്രശ്നങ്ങൾ ഉള്ളതായാണ് സൂചന. അതിനാലാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്നതും.
വിജയ് ഹസാരെ ട്രോഫി ലിസ്റ്റ് എ ടൂർണമെന്‍റിന്‍റെ നോക്കൗട്ട് ഘട്ടം കൂടി പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കാൻ സാധിച്ചാൽ ഷമിയുടെ തിരിച്ചുവരവിന് സാധ്യത ഏറെയാണ്. അതേസമയം, ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിന്‍റെ അവസാന ഇന്നിങ്സിൽ പന്തെറിയാതിരുന്ന ബുംറയുടെ പരുക്കിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്തെന്ന് ബിസിസിഐ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
ബുംറ ഇല്ലെങ്കിൽ, മുഹമ്മദ് സിറാജിനൊപ്പം ന്യൂബോളെടുക്കാൻ ഷമിയെ നിയോഗിക്കുക എന്ന പ്രലോഭനമാണ് ഇന്ത്യൻ സെലക്റ്റർമാർക്കു മുന്നിലുള്ളത്.
മൂന്നാം സീമറായി ഹാർദിക് പാണ്ഡ്യ വന്നാലും, ഒന്നോ രണ്ടോ പേസ് ബൗളർമാരെ കൂടി ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. സമീപകാലത്തെ വൈറ്റ് ബോൾ പ്രകടനങ്ങളിൽ മുന്നിലുള്ള അർഷ്ദീപ് സിങ്ങിനായിരിക്കും തൊട്ടടുത്ത അവസരം. മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരും പരിഗണിക്കപ്പെടാം. ഇതിൽ റാണയെ ബൗളിങ് ഓൾറൗണ്ടറായും റെഡ്ഡിയെ ബാറ്റിങ് ഓൾറൗണ്ടറായുമാണ് കണക്കാക്കുന്നത്. ഹാർദികിന്‍റെ ശാരീരിക ക്ഷമത പരിഗണിച്ച് ഇവരിൽ ഒരാൾ കൂടി ടീമിൽ ഇടം പിടിക്കാനാണ് സാധ്യത.
ദേശീയ ടീമിന്‍റെ സ്പിൻ വിഭാഗത്തെ ഭാവിയിൽ നയിക്കേണ്ട കുൽദീപ് യാദവും പരുക്കിൽനിന്ന് മുക്തനായി വരുന്നതേയുള്ളൂ. ഹെർണിയ ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം മത്സരക്ഷമത തെളിയിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഒക്റ്റോബറിനു ശേഷം കുൽദീപ് ആഭ്യന്തര ക്രിക്കറ്റ് പോലും കളിച്ചിട്ടില്ല. കുൽദീപ് ഇല്ലെങ്കിൽ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നീ ബൗളിങ് ഓൾറൗണ്ടർമാരിൽ ഒരാൾക്ക് നറുക്ക് വീഴും.
റിസ്റ്റ് സ്പിൻ ഓപ്ഷനായി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയുമാണ് ഉള്ളത്. ടി20 ക്രിക്കറ്റിൽ രാജ്യത്തിനു വേണ്ടി മികച്ച പ്രകടനങ്ങളാണ് ഇരുവരും സമീപകാലത്ത് നടത്തിയിട്ടുള്ളതെങ്കിലും ഏകദിന ക്രിക്കറ്റിൽ ഇതു മതിയാകുമോ എന്ന സംശയം ഇനിയും മാറിയിട്ടില്ല.