ക്രിക്കറ്റ് നിയമത്തിലെ മാറ്റങ്ങൾ ഇങ്ങനെ...

 

Representative image

Sports

ക്രിക്കറ്റ് നിയമത്തിലെ മാറ്റങ്ങൾ ഇങ്ങനെ...

ബാറ്റർ മനഃപൂർവം റൺ പൂർത്തിയാക്കാതിരുന്നാൽ, ഏതു ബാറ്ററാണ് അടുത്ത പന്ത് നേരിടേണ്ടതെന്നു ബൗളിങ് ടീമിനു തീരുമാനിക്കാം. കൺകഷനായി പുറത്തു പോകുന്ന പ്ലെയർ 7 ദിവസം വിശ്രമിക്കണം

ദുബായ്: ക്രിക്കറ്റ് മത്സര ചട്ടങ്ങളിൽ കാര്യമായ മാറ്റങ്ങളാണ് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) നടപ്പാക്കിയിരിക്കുന്നത്. ബൗണ്ടറിയിലെ ക്യാച്ചിങ്ങിനു പുറമെ, വൈഡ്, കൺകഷൻ തുടങ്ങിയവ സംബന്ധിച്ച ചട്ടങ്ങളിലെ മാറ്റങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സ്റ്റോപ്പ് ക്ലോക്ക്

ഓവർ റേറ്റ് മെച്ചപ്പെടുത്തുന്നതിനും തടസങ്ങൾ കുറയ്ക്കുന്നതിനുമുള്ള നിബന്ധന. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇതിനകം പരീക്ഷിച്ചു. ഇനി മുതൽ ടെസ്റ്റിലും ബാധമാക്കും. ഒരു ഓവർ അവസാനിച്ച് 60 സെക്കൻഡിനുള്ളിൽ ഫീൽഡിങ് ടീം അടുത്ത ഓവർ ആരംഭിച്ചിരിക്കണം. ഇന്നിങ്സിൽ രണ്ടു തവണ അംപയർ ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകും. മൂന്നാം തവണ പിഴവ് വരുത്തിയാൽ അഞ്ച് റൺസ് പെനൽറ്റി. ഓരോ 80 ഓവർ പൂർത്തിയാകുമ്പോഴും മുന്നറിയിപ്പ് ആവർത്തിക്കും.

എകദിനങ്ങളിൽ രണ്ടു പന്ത് 34 ഓവർ വരെ

രണ്ടു പന്തുകളുടെ ഉപയോഗം 34 ഓവറുകൾക്ക് ഉള്ളിൽ മാത്രമായി പരിമിതപ്പെടുത്തി. അവസാന 16 ഓവറിൽ ഈ രണ്ടു പന്തുകളിൽ ഒന്ന് ഉപയോഗിച്ച് ഫീൽഡിങ് ടീമിന് ഇന്നിങ്സ് പൂർത്തിയാക്കാം. ഇതുവഴി ബോളിലെ കേടുപാടുകളും തേയ്മാനവും കുറയ്ക്കാൻ സാധിക്കും.

ബൗണ്ടറി ലൈൻ ക്യാച്ച്

ബൗണ്ടറി ലൈനിന് അപ്പുറത്ത് വായുവിൽ ഉയർന്ന് ചാടി പന്ത് പിടിക്കുന്ന ഫീൽഡർ കളത്തിന് അകത്തേക്ക് എത്തിയശേഷം മാത്രമേ ക്യാച്ച് പൂർത്തിയാക്കാൻ അനുവദിക്കൂ. ബൗണ്ടറിക്കു പുറത്ത് വായുവിൽ ഉയർന്നു നിന്ന് ഒന്നിലധികം തവണ പന്തിൽ സ്പർശിച്ചാൽ ക്യാച്ചായി കണക്കാക്കില്ല.

കൺകഷൻ കുതന്ത്രമാക്കരുത്

കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി പരിഗണിക്കുന്ന ബാറ്റർ, ബൗളർ, ഓൾറൗണ്ടർ, പേസർ, സ്പിന്നർ എന്നിവർ ആരൊക്കെയെന്ന് ടീമുകൾ മുൻകൂട്ടി അറിയിക്കണം. തലയ്ക്കു പന്തു കൊണ്ട കളിക്കാരൻ നിർബന്ധമായും ഏഴു ദിവസം വിശ്രമിക്കണം.

ഡിആര്‍എസ്

ഡിആര്‍എസ് സംവിധാനത്തിലും മാറ്റങ്ങളുണ്ട്. വിക്കറ്റ് കീപ്പറുടെ ക്യാച്ചിൽ പുറത്തായെന്ന അംപയറുടെ തീരുമാനത്തിനെതിരേ ബാറ്റർ ഡിആർഎസ് ആവശ്യപ്പെടുകയും ഔട്ടല്ലെന്ന് വ്യക്തമാകുകയും ചെയ്താലും എൽബിഡബ്ല്യു പരിശോധിക്കും. എൽബിഡബ്ല്യു ബോള്‍ ട്രാക്കിങ് പരിശോധനയില്‍ അംപയേഴ്സ് കോള്‍ ആണെങ്കില്‍ നേരത്തേ ഔട്ട് നല്‍കിയത് പരിഗണിച്ച് ബാറ്റര്‍ പുറത്താകും.

റൺ പൂർത്ത‌ിയാക്കാതിരുന്നാൽ

ബാറ്റർ മനഃപൂർവം റൺ പൂർത്തിയാക്കാതിരുന്നാൽ നിലവിൽ അഞ്ച് റൺസ് പിഴ ശിക്ഷയുണ്ട്. ഇനി മുതൽ ഇങ്ങനെ സംഭവിച്ചാൽ, ഏതു ബാറ്ററാണ് അടുത്ത പന്ത് നേരിടേണ്ടതെന്നു ബൗളിങ് ടീമിനു തീരുമാനിക്കാം.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി