മെഹ്മൂദുള്ളയുമൊത്ത് ആഹ്ളാദം പങ്കുവയ്ക്കുന്ന ബംഗ്ലാദേശ് കോച്ച് ചണ്ഡിക ഹതുരസിംഗ 
T20 World Cup

ആവേശപ്പോരാട്ടത്തിൽ ലങ്കയെ മുക്കി ബംഗ്ലാദേശ്

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ റിഷാദ് ഹുസൈനും മുസ്താഫിസുർ റഹ്മാനും, 40 റൺസെടുത്ത തൗഫീക് ഹൃദോയിയും ലോ സ്കോറിങ് ത്രില്ലറിൽ ബംഗ്ലാദേശിന്‍റെ വിജയശിൽപ്പികൾ.

VK SANJU

ഡാളസ്: ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ ആവേശകരമായ മത്സരത്തിൽ ശ്രീലങ്കയെ ബംഗ്ലാദേശ് രണ്ട് വിക്കറ്റിനു കീഴടക്കി. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോ തെരഞ്ഞെടുത്തത് ഫീൽഡിങ്. ശ്രീലങ്കയ്ക്ക് 20 ഓവറിൽ നേടാൻ സാധിച്ചത് 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് മാത്രം. ആറ് പന്തും രണ്ട് വിക്കറ്റും ശേഷിക്കെ ബംഗ്ലാദേശ് വിജയം പിടിച്ചെടുക്കുകയും ചെയ്തു.

ഒരു ഘട്ടത്തിൽ, രണ്ടോവറും നാല് വിക്കറ്റും ശേഷിക്കെ ജയിക്കാൻ 12 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാൽ, തന്‍റെ അവസാന ഓവറിൽ റിഷാദ് ഹുസൈനെയും തസ്കിൻ അഹമ്മദിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ സ്ലിങ് ബൗളർ നുവാൻ തുഷാര ലങ്കയ്ക്ക് പ്രതീക്ഷ നൽകി. പക്ഷേ, അപ്പോഴും ക്രീസിലുണ്ടായിരുന്ന മെഹ്മൂദുള്ളയുടെ (13 പന്തിൽ 16)പരിചയസമ്പത്തിനു മുന്നിൽ ലങ്കൻ ബൗളർമാർക്ക് മറുപടിയുണ്ടായില്ല.

നേരത്തെ, ഓപ്പണർ പാഥുൻ നിശങ്ക (28 പന്തിൽ 47) നൽകിയ വെടിക്കെട്ട് തുടക്കം മുതലാക്കാനാവാതെയാണ് ശ്രീലങ്ക 124 റൺസിലേക്കു ചുരുങ്ങിയത്. നിശങ്കയെ കൂടാതെ ഇരുപതു റൺസിനു മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചത് ധനഞ്ജയ ഡിസിൽവയ്ക്കു (26 പന്തിൽ 21) മാത്രം.

മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്താഫിസുർ റഹ്മാനും റിഷാദ് ഹുസൈനും ചേർന്നാണ് ലങ്കൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയത്. റിഷാദ് നാലോവറിൽ 22 റൺസ് വഴങ്ങിയപ്പോൾ മുസ്താഫിസുർ വിട്ടുകൊടുത്തത് 17 റൺസ് മാത്രം.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് 28 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. എന്നാൽ, ഓപ്പണർ ലിറ്റൺ ദാസിന്‍റെ (38 പന്തിൽ 36) ചെറുത്തുനിൽപ്പും, തൗഹിദ് ഹൃദോയ് (20 പന്തിൽ 40) നടത്തിയ പ്രത്യാക്രമണവും അവരെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. ഒടുവിൽ മെഹ്മൂദുള്ളയുടെ ഫിനിഷിങ് ടച്ച് കൂടിയായപ്പോൾ തുഷാരയുടെ നാല് വിക്കറ്റ് പ്രകടനം നിഷ്ഫലമായി. നാലോവറിൽ 18 റൺസ് മാത്രമാണ് തുഷാര വഴങ്ങിയത്. മറ്റു ലങ്കൻ ബൗളർമാരിൽ മതീശ പതിരണയ്ക്കും (1/27) ക്യാപ്റ്റൻ വനിന്ദു ഹസരംഗയ്ക്കും (2/32) മാത്രമാണ് അൽപ്പമെങ്കിലും പിന്തുണ തുഷാരയ്ക്കു നൽകാൻ സാധിച്ചത്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?