വിരാട് കോലിയും ദിനേശ് കാർത്തിക്കും

 

File

IPL

''പിന്നെ അവനെ സഹിക്കാൻ പറ്റില്ല'', ആർസിബി ജയിക്കേണ്ടെന്ന് മുൻ ഇംഗ്ലണ്ട് താരങ്ങൾ

പലപ്പോഴും മികച്ച ടീമിനെ അണിനിരത്തിയിട്ടും, വിരാട് കോലി പഠിച്ച കളി പത്തൊമ്പതും പുറത്തെടുത്തിട്ടും കപ്പ് കിട്ടാത്ത ടീമിന് ഇത്തവണയെങ്കിലും അതു കിട്ടണമെന്ന് ആരാധകർ അല്ലാത്തവർ പോലും ആഗ്രഹിക്കുന്നു

കന്നി ഐപിഎൽ കിരീടം ഒരു ജയം മാത്രം അകലെയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്. പലപ്പോഴും മികച്ച ടീമിനെ അണിനിരത്തിയിട്ടും, വിരാട് കോലി പഠിച്ച കളി പത്തൊമ്പതും പുറത്തെടുത്തിട്ടും കപ്പ് കിട്ടാത്ത ടീമിന് ഇത്തവണയെങ്കിലും അതു കിട്ടണമെന്ന് ആരാധകർ അല്ലാത്തവർ പോലും ആഗ്രഹിക്കുന്നു.

എന്നാൽ, ആർസിബിക്ക് കപ്പ് കിട്ടരുതെന്ന് പാതി തമാശയായി അഭിപ്രായപ്പെടുകയാണ് രണ്ട് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ. കമന്‍ററി ബോക്സിൽ സജീവമായ നാസർ ഹുസൈനും മൈക്കൽ അതേർട്ടണുമാണ് ഇവർ.

അവരിതിനു പറയുന്ന കാരണവും രസകരമാണ്. ആർസിബി എങ്ങാനും ഐപിഎൽ ചാംപ്യൻമാരായാൽ പിന്നെ ദിനേശ് കാർത്തിക്കിനെ സഹിക്കാൻ വലിയ പാടായിരിക്കുമെന്നാണ് ഇരുവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.

കമന്‍റേറ്റർ എന്ന നിലയിൽ ഇവരുടെ സഹപ്രവർത്തകനാണ് കാർത്തിക്. കൂടാതെ, ആർസിബിയുടെ മുൻ താരമാണ്, ഇപ്പോൾ ടീമിന്‍റെ മെന്‍ററുമാണ്. പതിനേഴു വർഷമായി ഒരു കോച്ചിനോ മെന്‍റർക്കോ സാധിക്കാത്തത്, മെന്‍ററായി ആദ്യം വർഷം തന്നെ ഡികെയ്ക്കു സാധിക്കുന്നത് ചിന്തിക്കാൻ പോലും വയ്യെന്നാണ് ഹുസൈൻ പറയുന്നത്.

''അല്ലെങ്കിൽ തന്നെ അവനെ സഹിക്കാൻ ബുദ്ധിമുട്ടാണ്. കപ്പ് കൂടി കിട്ടിയാൽ ഇരട്ടി ബുദ്ധിമുട്ടാകും. വിരാട് കോലിയുടെ കൂടെ കപ്പും പിടിച്ച് നടുക്ക് തന്നെ അവനുണ്ടാകും'', അതേർട്ടൺ പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസ് ടീമിനെ കോച്ച് ആശിഷ് നെഹ്റ ബൗണ്ടറി വരയ്ക്കു പുറത്തുനിന്നു നിയന്ത്രിക്കുന്നതു പോലെയാണ് ദിനേശ് കാർത്തിക്കിന്‍റെയും രീതി. പല മത്സരങ്ങളിലും കളിക്കാർക്ക് മാർഗനിർദേശങ്ങളുമായി കാർത്തിക്ക് ബൗണ്ടറി ലൈനിലുണ്ടാകും.

ആർസിബിക്കു വേണ്ടി കളിക്കാരൻ എന്ന നിലയിൽ നേടാനാവാത്ത ട്രോഫി പരിശീലകസംഘാംഗം എന്ന നിലയിൽ നേടാനുള്ള അവസരമാണു തനിക്കിതെന്ന് കാർത്തിക്ക് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍