കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ബാറ്റ് ചെയ്യുന്ന ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ.
കോൽക്കത്ത: ഐപിഎൽ സീസണിലെ എട്ടാം മത്സരത്തിൽ ആറ് വിജയം തികച്ച് ഗുജറാത്ത് ടൈറ്റൻസ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളിൽ അഞ്ചാം തോൽവി വഴങ്ങിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴാം സ്ഥാനത്ത്.
തിങ്കളാഴ്ച രാത്രി നടത്തിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 198 റൺസെടുത്തു. കോൽക്കത്തയുടെ മറുപടി 159/8 എന്ന നിലയിൽ ഒതുങ്ങി. ഇതോടെ ഗുജറാത്തിന് 39 റൺസ് വിജയം.
പതിവു പോലെ ശുഭ്മൻ ഗിൽ - സായ് സുദർശൻ സഖ്യം ഉറച്ച തുടക്കമാണ് ഗുജറാത്തിനു നൽകിയത്. ഓപ്പണിങ് സഖ്യം 12.2 ഓവറിൽ 114 റൺസ് ചേർത്തു. 36 പന്തിൽ 52 റൺസെടുത്ത സുദർശൻ പുറത്തായ ശേഷം ആക്രമണോത്സുകത വർധിപ്പിച്ച ഗിൽ 55 പന്തിൽ 90 റൺസെടുത്തു. 10 ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു ഗുജറാത്ത് ക്യാപ്റ്റന്‍റെ ഇന്നിങ്സ്. പ്ലെയർ ഒഫ് ദ മാച്ചും മറ്റാരുമല്ല.
23 പന്തിൽ 41 റൺസെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്ലറും ഗുജറാത്തിന്‍റ് റൺ നിരക്ക് ഉയർത്താൻ സഹായിച്ചു. കോൽക്കത്തയ്ക്കു വേണ്ടി വൈഭവ് അറോറ, ഹർഷിത് റാണ, ആന്ദ്രെ റസൽ എന്നിവർ ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ കോൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകാൻ പുതിയ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനു (1) സാധിച്ചില്ല. സഹ ഓപ്പണർ സുനിൽ നരെയ്നും (17) വൈകാതെ മടങ്ങി.
36 പന്തിൽ 50 റൺസുമായി ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പൊരുതിയെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ഒമ്പതാം നമ്പറിൽ ഇറങ്ങിയ യുവ ബാറ്റർ അംഗ്കൃഷ് രഘുവംശി 13 പന്തിൽ 27 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഗുജറാത്ത് ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ, വാഷിങ്ടൺ സുന്ദർ മാത്രമാണ് ഓവറിൽ ശരാശരി ഒമ്പത് റൺസിനു മുകളിൽ വഴങ്ങിയത്. പ്രസിദ്ധ് കൃഷ്ണയും റഷീദ് ഖാനും 25 റൺസ് വീതം വഴങ്ങി രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ഇശാന്ത് ശർമ, സുന്ദർ, സായ് കിഷോർ എന്നിവർക്ക് ഓരോ വിക്കറ്റ്.