കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾ റഹ്മാനുള്ള ഗുർബാസും സുനിൽ നരെയ്നും മത്സരത്തിനിടെ

 
IPL

മൂന്നാം ഹോം മത്സരം തോറ്റ ഡൽഹിയുടെ ലക്ഷ്യം ടോപ് 2 ഫിനിഷ്

കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവച്ച 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ മറുപടി 190 റൺസിൽ അവസാനിക്കുകയായിരുന്നു

VK SANJU

ന്യൂഡൽഹി: ഹോം മത്സരത്തിൽ മൂന്നാം തോൽവി വഴങ്ങിയെങ്കിലും, പ്ലേ ഓഫിലെ ആദ്യ രണ്ട് ടീമുകളിലൊന്നാകുക എന്ന ലക്ഷ്യം കൈവിടില്ലെന്ന് ഡൽഹി ക്യാപ്പിറ്റൽസ് ഓൾറൗണ്ടർ വിപ്രജ് നിഗം. നിലവിൽ 12 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ഡൽഹി.

കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവച്ച 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ മറുപടി 190 റൺസിൽ അവസാനിക്കുകയായിരുന്നു. ഷോട്ട് സെലക്ഷനിലുണ്ടായ പാളിച്ചകളാണ് പരാജയത്തിനു കാരണമായതെന്നും വിപ്രജ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാല് മത്സരങ്ങളിൽ വിക്കറ്റൊന്നും കിട്ടാതിരുന്ന ഇരുപതുകാരനായ വിപ്രജ് കോൽക്കത്തയ്ക്കെതിരേ രണ്ട് വിക്കറ്റ് നേടികയും 19 പന്തിൽ 38 റൺസെടുക്കുകയും ചെയ്തിരുന്നു.

വിപ്രജ് നിഗം

17 പന്തിൽ 26 റൺസെടുക്കുകയും, പരുക്കേറ്റ അജിങ്ക്യ രഹാനെയ്ക്കു പകരം ടീമിനെ നയിച്ച് നിർണായകമായ മൂന്ന് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത സുനിൽ നരെയ്നാണ് കെകെആറിന്‍റെ വിജയശിൽപ്പി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കെകെആറിനു വേണ്ടി ഒരു ബാറ്ററും അർധ സെഞ്ചുറി പോലും നേടിയില്ലെങ്കിലും 204/9 എന്ന മികച്ച സ്കോറിലെത്താൻ അവർക്കു സാധിച്ചു. 32 പന്തിൽ 44 റൺസെടുത്ത അംഗ്കൃഷ് രഘുവംശിയാണ് ടോപ് സ്കോറർ.

നരെയും റഹ്മാനുള്ള ഗുർബാസും (12 പന്തിൽ 26) ചേർന്ന് മികച്ച തുടക്കമാണ് കെകെആറിനു നൽകിയത്. തുടർന്നെത്തിയവരിൽ ക്യാപ്റ്റൻ രഹാനെ (14 പന്തിൽ 26), റിങ്കു സിങ് (25 പന്തിൽ 36), ആന്ദ്രെ റസൽ (9 പന്തിൽ 17) എന്നിവരും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഡൽഹിക്ക് അഭിഷേക് പോറൽ (4), കരുൺ നായർ (15), കെ.എൽ. രാഹുൽ (7) എന്നിവരുടെ വിക്കറ്റ് വേഗത്തിൽ നഷ്ടമായി. ഓപ്പണർ ഫാഫ് ഡു പ്ലെസിയും (45 പന്തിൽ 62) ക്യാപ്റ്റൻ അക്ഷർ പട്ടേലും (23 പന്തിൽ 43) ചേർന്ന് അവരെ ശക്തമായ നിലയിലെത്തിച്ചു.

എന്നാൽ, ഇവർ ഇരുവരുടെയും അപകടകാരിയായ ട്രിസ്റ്റൻ സ്റ്റബ്സിന്‍റെയും (1) വിക്കറ്റ് വീഴ്ത്തിയ നരെയ്ൻ കളി കെകെആറിന് അനുകൂലമായി തിരിക്കുകയായിരുന്നു.

രാഹുലിനെതിരായ കേസ് ;പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് എം.എം.ഹസൻ

രാഹുൽ സ്വന്തം രാഷ്ട്രീയഭാവി ഇല്ലാതാക്കി; കോൺഗ്രസ് എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

ലൈംഗിക പീഡന പരാതി; രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, അറസ്റ്റ് ഉടൻ ഉണ്ടായേക്കും

അന്തസ് ഉണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണം ;രാഹുലിനെതിരേ വി.ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ ഓഫീസ് തുറന്നു; രാഹുൽ എവിടെയാണെന്ന് അറിയില്ലെന്ന് ജീവനക്കാർ