റിങ്കു സിങ്ങിന്‍റെ കരണത്തടിക്കുന്ന കുൽദീപ് യാദവ്
ന്യൂഡൽഹി: ഐപിഎൽ മത്സരശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റർ റിങ്കു സിങ്ങിന്‍റെ കരണത്തടിച്ച ഡൽഹി ക്യാപ്പിറ്റൽസ് സ്പിന്നർ കുൽദീപ് യാദവ് വിവാദത്തിൽ. സംഭവത്തിന്‍റെ വിഡിയോ വൈറലായതോടെ കുൽദീപിനെതിരേ നടപടി ആവശ്യപ്പെട്ട് ക്രിക്കറ്റ് ആരാധകർ രംഗത്തെത്തി.
കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ വിജയത്തിൽ കലാശിച്ച മത്സരശേഷം ഇരു ടീമിലെയും താരങ്ങൾ സൗഹൃദം പങ്കിടവെയാണ് കുൽദീപ് രണ്ടുതവണ റിങ്കുവിന്‍റെ കരണത്തടിച്ചത്.
തമാശയ്ക്കാണ് കുൽദീപ് അങ്ങനെ ചെയ്തതെന്ന് തോന്നുമെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആദ്യ അടിയിൽ റിങ്കു പതറിപ്പോയി. താരത്തിന്‍റെ മുഖത്തിൽ അമ്പരപ്പ് പ്രകടമായിരുന്നു. പിന്നാലെ വീണ്ടും കുൽദീപ് റിങ്കുവിന്‍റെ കരണത്തടിച്ചു. ഇക്കുറി തല പിന്നോട്ടുവലിച്ച റിങ്കു ദേഷ്യഭാവത്തോടെ എന്തോ പറയാൻ ശ്രമിച്ച് തന്‍റെ അനിഷ്ടം പ്രകടമാക്കുകയും ചെയ്തു.
സംഭവത്തിന്‍റെ ഓഡിയോ റെക്കോഡിങ് ഇല്ലാത്തതിനാൽ, റിങ്കുവിനെ തല്ലാൻ കുൽദീപിനെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. ഏതായാലും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് കുൽദീപ് നേരിടുന്നത്.