അർധസെഞ്ചുറി നേടിയ ഉർവിൽ പട്ടേലിന്‍റെ ആഹ്ളാദ പ്രകടനം
ചെന്നൈ: ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ച് വിക്കറ്റ് ജയം. നിശ്ചിത 20 ഓവറിൽ ലഖ്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ‍്യം ചെന്നൈ അവസാന ഓവറിൽ മറികടന്നു. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ചെന്നൈ ഓപ്പണിങ് ബാറ്റർ സഞ്ജു സാംസണിന്‍റെയും വെടിക്കെട്ട് ബാറ്റർ ഉർവിൽ പട്ടേലിന്‍റെയും പ്രകടനത്തിന്‍റെ ബലത്തിലാണ് ചെന്നൈ വിജയിച്ചത്.
സഞ്ജു 14 പന്തിൽ നിന്നും 28 റൺസും ഉർവിൽ പട്ടേൽ 23 പന്തിൽ 65 റൺസും അടിച്ചെടുത്തു. ഇവരെ കൂടാതെ ക‍്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് 28 പന്തിൽ 42 റൺസ് നേടി പുറത്തായി. കാർത്തിക് ശർമ 20 പന്തുകൾ നേരിട്ടെങ്കിലും 20 റൺസ് മാത്രമാണ് നേടാനായത്. ഡെവാൾഡ് ബ്രവിസ് (10) നിരാശപ്പെടുത്തി.
മികച്ച തുടക്കമായിരുന്നു ചെന്നൈയ്ക്ക് ഓപ്പണർമാരായ സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്‌വാദും നൽകിയത്. ഒന്നാം വിക്കറ്റിൽ തന്നെ 45 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ഇരുവർക്കും സാധിച്ചു. സ്കോർ 45ൽ നിൽക്കെ ദിഗ്വേഷ് രഥി എറിഞ്ഞ ഗൂഗ്ലി സഞ്ജുവിന് പ്രതിരോധിക്കാനായില്ല. ക്ലീൻ ബൗൾഡാകുകയായിരുന്നു താരം.
എന്നാൽ രണ്ടാം വിക്കറ്റിൽ ഉർവിൽ- ഋതുരാജ് സഖ‍്യം ഉയർത്തിയ 50 റൺസ് കൂട്ടുകെട്ടിന്‍റെ മികവിൽ റൺസ് ഉയർന്നു. ലഖ്നൗ ബൗളർമാരെ തല്ലി ചതച്ച ഉർവിൽ പട്ടേൽ 9.2 ഓവറിൽ 126 റൺസ് എന്ന നിലയിൽ നിൽക്കെയാണ് പുറത്താകുന്നത്. 13 പന്തിലാണ് താരം അർധസെഞ്ചുറി നേടിയത്.
മറുവശത്ത് പതിയെ തുടങ്ങി മെല്ലെ പോക്ക് പ്രകടനവുമായി നിന്ന ഋതുരാജ് പിന്നീട് അൽപ്പം ബൗണ്ടറി പറത്തി റൺസ് കണ്ടെത്തിയെങ്കിലും അർധസെഞ്ചുറി തികയ്ക്കുന്നതിന് മുൻപേ മടങ്ങി. ചെന്നൈയ്ക്ക് റൺസുണ്ടായിരുന്നുവെങ്കിലും വിക്കറ്റുകൾ തുടരെ തുടരെ പോകാൻ തുടങ്ങിയത് തിരിച്ചടിയായി. അവസാന ഓവറിൽ ശിവം ദുബെയും പ്രശാന്ത് വീറും ചേർന്നാണ് മത്സരം ഫിനിഷ് ചെയ്തത്. ലഖ്നൗവിന് വേണ്ടി ഷഹബാസ് അഹമ്മദും ദിഗ്വേഷ് രഥിയും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് അടിച്ചെടുത്തു. 33 പന്തിൽ നിന്നും 6 സിക്സും 10 ബൗണ്ടറിയും അടക്കം 85 റൺസ് അടിച്ചെടുത്ത ജോഷ് ഇംഗ്ലിസാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറർ. ഇംഗ്ലിസിനു പുറമെ മറ്റാർക്കും തിളങ്ങാൻ സാധിക്കാത്തത് തിരിച്ചടിയായി. പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിലായിരുന്നു ലഖ്നൗ. മിച്ചൽ മാർഷിന്‍റെ (10) വിക്കറ്റാണ് ആദ‍്യം തന്നെ നഷ്ടമായത്.
ഒന്നാം വിക്കറ്റിൽ ഇംഗ്ലിസിനൊപ്പം 77 റൺസ് പടുത്തുയർത്തിയ ശേഷമാണ് മാർഷ് മടങ്ങിയത്. പിന്നാലെ എത്തിയ നിക്കൊളാസ് പുരാൻ ഒരു റൺസും ക‍്യാപ്റ്റൻ ഋഷഭ് പന്ത് 15 റൺസെടുത്ത് പുറത്തായി. മധ‍്യനിരയിൽ ബാറ്റിങ്ങിനിറങ്ങിയവർക്കും കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ടീമിന്‍റെ റൺസ് പ്രതീക്ഷിച്ച പോലെ ഉയർന്നില്ല. അവസാന ഓവറുകളിൽ ഷഹബാസ് അഹമ്മദ് (25 പന്തിൽ 43 റൺസ്) നടത്തിയ മിന്നൽ പ്രകടനം ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. അക്ഷത് രഘുവംശി 18 പന്തിൽ 18 റൺസും എയ്ഡൻ മാർക്രം 6 റൺസും ഹിമ്മത്ത് സിങ് 12 പന്തിൽ 17 റൺസെടും നേടി പുറത്തായി. ചെന്നൈയ്ക്കു വേണ്ടി ജാമി ഓവർടൺ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അൻഷുൽ കാംബോജ് രണ്ടും നൂർ അഹമ്മദ് ഒരു വിക്കറ്റ് വീതം വീഴ്ത്തി.