വിൽ ജാക്ക്സിനെ അഭിനന്ദിക്കുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ.

 
IPL

ബൗളിങ് മികവിൽ മുംബൈ ഇന്ത്യൻസിന് തുടരെ രണ്ടാം ജയം

സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 162/5; മുംബൈ ഇന്ത്യൻസ് 18.1 ഓവറിൽ 166/6

VK SANJU

മുംബൈ: ഐപിഎല്ലിലെ വെടിക്കെട്ട് വീരൻമാരായ ബാറ്റർമാരുടെ അഴിഞ്ഞാട്ടം തടുക്കാൻ ബൗളർമാർ പുതുവഴികൾ കണ്ടെത്തുന്നു. സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർമാരായ ട്രാവിസ് ഹെഡിനെയും അഭിഷേക് ശർമയെയും നിലയ്ക്കു നിർത്താൻ മുംബൈ ഇന്ത്യൻസ് ബൗളർമാർ പരീക്ഷിച്ചത് സ്ലോ ബോൾ തന്ത്രം.

ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഹൈദരാബാദിനെ ബാറ്റിങ്ങിനു ക്ഷണിച്ചു. ഹെഡ് - അഭിഷേക് സഖ്യം 59 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും അതിന് 45 പന്ത് വേണ്ടിവന്നു. 28 പന്തിൽ ഏഴ് ഫോർ ഉൾപ്പെടെ 40 റൺസെടുത്ത അഭിഷേക് പുറത്തായ ശേഷം ഇഷാൻ കിഷനും (2) ക്ഷണത്തിൽ മടങ്ങി.

29 പന്തിൽ 28 റൺസെടുത്ത ട്രാവിസ് ഹെഡിനും പിന്നെ അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നിതീഷ് കുമാർ റെഡ്ഡി 21 പന്തിൽ 19 റൺസ് മാത്രം നേടി. അവസാന മൂന്നോവറിൽ ആളിക്കത്തിയ ഹെൻറിച്ച് ക്ലാസനും (28 പന്തിൽ 37), അനികേത് വർമയുമാണ് (8 പന്തിൽ 18) സ്കോർ 160 കടക്കാൻ സഹായിച്ചത്.

മുംബൈയുടെ തുടക്കവും മെല്ലെയായിരുന്നെങ്കിലും, രോഹിത് ശർമയുടെ മൂന്ന് സിക്സറുകൾ ഇന്നിങ്സിന് ഗതിവേഗം സമ്മാനിച്ചു. 16 പന്തിൽ 26 റൺസെടുത്താണ് രോഹിത് പുറത്തായത്. തുടർന്ന് റിയാൻ റിക്കിൾടണും (23 പന്തിൽ 31) വിൽ ജാക്ക്സും (26 പന്തിൽ 36) ചേർന്ന് സ്കോർ ബോർഡ് ചലിപ്പിച്ചു.

സൂര്യകുമാർ യാദവ് (15 പന്തിൽ 26), തിലക് വർമ (17 പന്തിൽ 21 നോട്ടൗട്ട്), ഹാർദിക് പാണ്ഡ്യ (9 പന്തിൽ 21) എന്നിവരുടെ സംഭാവനകൾ കൂടിയായപ്പോൾ മുംബൈ അധികം വിയർപ്പൊഴുക്കാതെ ലക്ഷ്യത്തിലെത്തി. 36 റൺസെടുത്തതിനു പുറമേ മൂന്നോവറിൽ 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയ വിൽ ജാക്സാണ് പ്ലെയർ ഒഫ് ദ മാച്ച്.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ