ഭുവനേശ്വറിന്‍റെ മാന്ത്രിക ബൗളിങ്ങിൽ മുംബൈ ബാറ്റിങ് നിര തകർന്നു
റായ്പുർ: ഐപിഎല്ലിൽ മുംബൈ ഇന്ത‍്യൻസിനെ കുഞ്ഞൻ സ്കോറിൽ എറിഞ്ഞൊതുക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് മാത്രമാണ് ആർസിബിക്കെതിരേ അടിച്ചെടുക്കാൻ സാധിച്ചത്. മത്സരത്തിന്‍റെ തുടക്കം തന്നെ മുംബൈയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു.
തന്‍റെ ആദ‍്യ ഓവറിൽ റയാൻ റിക്കിൾടണെയും (2) മൂന്നാം ഓവറിൽ രോഹിത് ശർമയെയും ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവിനെയും പുറത്താക്കികൊണ്ട് ഭുവി മുംബൈ ബാറ്റിങ് നിരയുടെ നടുവൊടിച്ചു. ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവിന്‍റെ (0) മോശം ഫോം പതിവ് പോലെ തുടർന്നു. ഭുവനേശ്വർ എറിഞ്ഞ ഔട്ട് സ്വിങ് ഡെലിവറിയിൽ ഔട്ട്സൈഡ് എഡ്ജ് തട്ടി വിരാട് കോലിക്ക് ക‍്യാച്ച് നൽകിയായിരുന്നു താരത്തിന്‍റെ മടക്കം.
നാലാം വിക്കറ്റിൽ നമാൻ ധിർ- തിലക് വർമ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടാണ് കൂട്ടത്തകർച്ചയിൽ നിന്നും ടീമിനെ രക്ഷിച്ചത്. 38 പന്തിൽ നിന്നുമാണ് ഇരുവരും 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത്. 37 പന്തിൽ അർധസെഞ്ചുറി തികച്ച തിലക് വർമ 57 റൺസെടുത്ത് പുറത്തായപ്പോൾ നമാൻ ധിർ 32 പന്തിൽ 47 റൺസെടുത്ത് മടങ്ങി. രോഹിത് ശർമ 10 പന്തിൽ 22 റൺസ് അടിച്ചെടുത്ത് പുറത്തായി. വിൽ ജാക്സിന് (10) തിളങ്ങാനായില്ല. രാജ് ഭാവ 14 പന്തിൽ 16 റൺസ് നേടിയപ്പോൾ കോർബിൻ ബോഷ് 5 റൺസും ദീപക് ചാഹർ ഒരു റൺസും നേടി പുറത്താവാതെ നിന്നു. ഭുവനേശ്വർ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹേസൽവുഡ് രണ്ടും റസിഖ് സലാം, റൊമാരിയോ ഷെപ്പേഡ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.