മത്സരത്തിൽ നിന്ന്

 
IPL

സായ് സുദർശന്‍റെ ഒറ്റയാൾ പോരാട്ടം കാത്തില്ല; ഗുജറാത്തിന് തോൽവി

നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ ഉയർത്തിയ 211 റൺസ് വിജയല‍ക്ഷ‍്യം ഗുജറാത്ത് ടൈറ്റൻസിന് മറികടക്കാനായില്ല

Aswin AM

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായമത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വിജയം. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ ഉയർത്തിയ 211 റൺസ് വിജയല‍ക്ഷ‍്യം ഗുജറാത്ത് ടൈറ്റൻസിന് മറികടക്കാനായില്ല. ഇതോടെ 6 റൺസിന് രാജസ്ഥാൻ വിജയിച്ചു. അവസാന ഓവറിൽ 6 പന്തിൽ 10 റൺസ് മാത്രമായിരുന്നു ഗുജറാത്തിന് വിജയിക്കാൻ വേണ്ടിയിരുന്നത്. രാജസ്ഥാനു വേണ്ടി തുഷാർ ദേശ്പാണ്ഡെ തുടരെ തുടരെ യോർക്കറുകൾ എറിഞ്ഞ് മത്സരം ടീമിന് അനുകൂലമാക്കി മാറ്റി.

ഇതിനിടെ സിക്സർ പറത്താൻ ശ്രമിച്ച റാഷിദ് ഖാൻ പുറത്താവുകയും ചെയ്തു. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തിൽ 204 റൺസെ നേടാനായുള്ളൂ. 44 പന്തിൽ 73 റൺസ് നേടിയ സായ് സുദർശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറർ. സായ് സുദർശനു പുറമെ ജോസ് ബട്‌ലർ (26) മാത്രമാണ് അൽപ്പമെങ്കിലും പൊരുതി നിന്നത്. പേശി വലിവ് മൂലം കളിക്കാതിരുന്ന ശുഭ്മൻ ഗില്ലിന് പകരക്കാരനായെത്തിയ കുമാർ കുശാഗ്ര 14 പന്തിൽ 18 റൺസ് മാത്രമാണ് നേടിയത്. ഗ്ലെൻ ഫിലിപ്സ് (3), വാഷിങ്ടൺ സുന്ദർ (4) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി.

ധ്രുവ് ജു റൽ

ധ്രുവ് ജുറലിനെ പുറത്താക്കിയ അശോക് ശർമയുടെ ആഹ്ലാദ പ്രകടനം

മിന്നൽ പ്രകടനം പുറത്തെടുത്ത് മുന്നേറിയ ഷാരൂഖ് ഖാൻ‌ ഇതിനിടെ റണ്ണൗട്ടായതും ഗുജറാത്തിന് തിരിച്ചടിയായി. രാഹുൽ തെവാട്ടിയ 6 പന്തിൽ 12 റൺസും ക‍്യാപ്റ്റൻ റാഷിദ് ഖാൻ‌ 24 റൺസെടുത്ത് പുറത്തായി.

16 പന്തിൽ 23 റൺസുമായി കാഗിസോ റബാഡയും റൺസൊന്നും കണ്ടെത്താനാവാതെ അശോക് ശർമയും പുറത്താവാതെ നിന്നു. രാജസ്ഥാനു വേണ്ടി രവി ബിഷ്ണോയി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ റിയാൻ പരാഗും നന്ദ്രെ ബർഗറും ഓരോ വിക്കറ്റ് പിഴുതു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് അടിച്ചെടുത്തു. 42 പന്തിൽ 75 റൺസ് അടിച്ചെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലാണ് രാജസ്ഥാന്‍റെ ടോപ് സ്കോറർ. ജുറലിനു പുറമെ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ 36 പന്തിൽ 55 റൺസും ഷിമ്രോൺ ഹെറ്റ്മെയർ 8 പന്തിൽ 18 റൺസും നേടി പുറത്തായി.

അർധസെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാൾ

റാഷിദ് ഖാൻ

ഗുജറാത്തിനു വേണ്ടി കാഗിസോ റബാഡ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അശോക് ശർമ, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാൻ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ‍്യം ബാറ്റ് ചെയ്ത രാജസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ വൈഭവ് സൂര‍്യവംശിയും (18 പന്തിൽ 31) യശസ്വി ജയ്സ്വാളും സമ്മാനിച്ചത്. തുടക്കത്തിലെ തന്നെ ഇരുവരും ആക്രമണകാരികളായി അടി തുടങ്ങിയപ്പോൾ ഗുജറാത്ത് ഒന്ന് പതറി. പവർപ്ലേ പൂർത്തിയാവുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസുണ്ടായിരുന്നു ടീമിന്. സിറാജും റബാഡയും അടക്കമുള്ള ബൗളർമാർ മാറി മാറി എറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താനായില്ല.

ഒടുവിൽ 6.2 ഓവറിൽ റാഷിദ് ഖാനാണ് വൈഭവ് സൂര‍്യവംശിയെ പുറത്താക്കി ടീമിന് ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ജുറലിനൊപ്പം ചേർന്ന് ജയ്സ്വാൾ 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി റൺസ് ഉയർത്തി. പിന്നീട് മത്സരത്തിന്‍റെ 12.3 ഓവറിൽ ജയ്‌സ്വാളിന്‍റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച് റബാഡ രാജസ്ഥാന് പ്രഹരം ഏൽപ്പിച്ചു.

പിന്നാലെയെത്തിയ റിയാൻ പരാഗ് റബാഡയ്ക്കെതിരേ ഉഗ്രൻ സിക്സർ പറത്തിയെങ്കിലും അധിക നേരം ക്രീസിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. പ്രസിദ്ധ് കൃഷ്ണ പരാഗിനെ പുറത്താക്കി. 4 പന്തിൽ‌ നിന്നും 8 റൺസാണ് പരാഗ് അടിച്ചെടുത്തത്. അഞ്ചാമനായി ക്രീസിലെത്തിയ ഹെറ്റ്മെയർ മിന്നൽ‌ പ്രകടനം പുറത്തെടുത്ത് തകർത്താടിയപ്പോൾ‌ സ്കോർബോർഡും ഉയർന്നു. ഡൊണോവൻ ഫെരേരയ്ക്ക് (1) തിളങ്ങാൻ സാധിച്ചില്ല. രവീന്ദ്ര ജഡേജ പുറത്താവാതെ 7 റൺസെടുത്തു.

വൈഭവ് സൂര്യവംശിയെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ

"പിഎം ഗ്രാമീണ വീട് പദ്ധതി'ക്ക് 10,000 കോടി, കേരളവും ലിസ്റ്റിൽ

അതിവേഗ റെയ്ൽ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് ഇ. ശ്രീധരൻ റിപ്പോർട്ട് കൈമാറി

കേരളത്തിൽ കനത്ത മഴ തുടരും

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു