വിരാട് കോലിയും രജത് പാട്ടീദാറും
മുംബൈ: ഐപിഎൽ മത്സരങ്ങൾ ജയിക്കാൻ എന്താണു വേണ്ടതെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഇപ്പോൾ മനസിലായെന്ന് സുനിൽ ഗവാസ്കർ. രജത് പാട്ടീദാറിലൂടെ ശാന്തനായൊരു ക്യാപ്റ്റനെ കിട്ടിയതാണ് ഇതിനു കാരണമെന്നും അദ്ദേഹത്തിനെ വിലയിരുത്തൽ.
ഐപിഎല്ലിന്‍റെ തുടക്കം മുതൽ വൻ താരനിരയുമായി ഇറങ്ങിയിട്ടും ഒരിക്കൽപ്പോലും കിരീടം നേടാൻ സാധിച്ചിട്ടില്ലാത്ത ടീമാണ് ആർസിബി. എന്നാൽ, ഇത്തവണ വ്യത്യസ്തമായൊരു ടീമിനെയാണ് ആരാധകർ ഗ്രൗണ്ടിൽ കാണുന്നത്. വ്യക്തികളെ അമിതമായി ആശ്രയിക്കുന്ന പഴയ ആർസിബിയുടെ സ്ഥാനത്ത്, ടീം ഗെയിം കളിക്കുന്ന ആർസിബിയെയാണ് ഇപ്പോൾ കാണുന്നത്.
17 വർഷത്തിനിടെ ആദ്യമായി ചെന്നൈ സൂപ്പർ കിങ്സിനെ ചെന്നൈയിൽ തോൽപ്പിച്ച അവർ, 10 വർഷത്തെ ഇടവേളയ്ക്കു ശേഷം മുംബൈ ഇന്ത്യൻസിനെ മുംബൈയിലും തോൽപ്പിച്ചു; പോരാത്തതിന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കോൽക്കത്തയിലും. ഈ മൂന്ന് ടീമുകളെ ഒറ്റ സീസണിൽ അവരുടെ ഹോം ഗ്രൗണ്ടുകളിൽ തോൽപ്പിക്കാൻ ഐപിഎൽ ചരിത്രത്തിൽ തന്നെ ഇതിനു മുൻപ് ഒരു ക്യാപ്റ്റനും സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഗവാസ്കറുടെ പ്രതികരണം.
''ക്യാപ്റ്റൻ ശാന്തനായിരിക്കുമ്പോൾ മറ്റു കളിക്കാർ പരിചയസമ്പത്തിനൊത്ത് കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുന്നു. അതു ടീമിനെ മുന്നോട്ടു നയിക്കുന്നു'', ഗവാസ്കർ വിലയിരുത്തി.
ടീം മെന്‍റർ എന്ന നിലയിൽ ദിനേശ് കാർത്തിക്ക് നൽകുന്ന സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ''യുവതാരങ്ങൾക്കൊപ്പം ധാരാളം സമയം ചെലവഴിക്കുന്ന ആളാണ് ഡികെ. അങ്ങനെയൊരു അന്തരീക്ഷം കിട്ടിയ രജത് ഭാഗ്യവാനാണ്. വിജയത്തിനു വേണ്ടി ദാഹിക്കുന്ന സംഘമാണ് ആർസിബിയുടേത്''- അദ്ദേഹം പറഞ്ഞു.
ദിനേശ് കാർത്തിക്
ഇന്നിങ്സിന്‍റെ തുടക്കത്തിൽ തന്നെ പന്ത് ഉയർത്തിയടിക്കുന്ന വിരാട് കോലിയുടെ രീതി വലിയ വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്. മുൻപ് ഇന്നിങ്സിന്‍റെ അവസാന സമയത്ത് ക്രീസിലുണ്ടെങ്കിൽ മാത്രമാണ് കോലി അങ്ങനെ കളിച്ചിരുന്നതെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വിരാട് കോലിയുടെ ലോഫ്റ്റഡ് ഷോട്ട്
കോലിയുടെ ഡ്രൈവുകളും ഫ്ളിക്കുകളും നിയന്ത്രിക്കാൻ പരിശീലിച്ച ബൗളർമാർ ഇപ്പോൾ കാണുന്നത് ഇൻഫീൽഡിനു മുകളിലൂടെ നിരന്തരം ലോഫ്റ്റഡ് ഷോട്ടുകൾ കളിക്കുന്ന കോലിയെയാണെന്നും ഗവാസ്കർ.
വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കാത്ത മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമ ഷോട്ട് സെലക്ഷനിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഗവാസ്കർ ഉപദേശിക്കുന്നു.