ആർസിബി താരം ഭുനേശ്വർ കുമാറിന്‍റെ വിക്കറ്റ് ആഘോഷം.

 
IPL

ഡൽഹി ക്യാപ്പിറ്റൽസിനെ ചുരുട്ടിക്കൂട്ടി ആർസിബി‌

ഹേസൽവുഡും ഭുവനേശ്വർ കുമാറും ചേർന്ന് ഡൽഹി ബാറ്റിങ് നിരയെ 75 റൺസിന് അവസാനിപ്പിച്ചു

VK SANJU

ന്യൂഡൽഹി: ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ അവരുടെ ഹോം ഗ്രൗണ്ടിൽ 75 റൺസിൽ എറിഞ്ഞൊതുക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 16.3 ഓവറിൽ ഓൾഔട്ടാകുകയായിരുന്നു.

ഒരു ഘട്ടത്തിൽ എട്ട് റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായ ഡൽഹിയെ ഇത്രയെങ്കിലുമെത്തിച്ചത് ഇംപാക്റ്റ് സബ്ബായി കളിച്ച അഭിഷേക് പോറലാണ്. പോറലിനെ കൂടാതെ ഡേവിഡ് മില്ലർക്കും (19) കൈൽ ജാമീസണും (12) മാത്രമാണ് രണ്ടക്ക സ്കോർ നേടാൻ സാധിച്ചത്.

പന്ത്രണ്ട് റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡും, അഞ്ച് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ഭുവനേശ്വർ കുമാറുമാണ് ഡൽഹിയുടെ അന്തകരായത്. രസിക് സലാം, സുയാഷ് ശർമ, കൃണാൽ പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റ്.

നിറം മങ്ങിയ ശ്രീലങ്കൻ ഓപ്പണർ പാഥും നിശങ്കയ്ക്കു പകരം പതിനെട്ടുകാരൻ സഹിൽ പരേഖിനെ ഓപ്പണറാക്കിയതു മുതൽ ഡൽഹിയുടെ തീരുമാനങ്ങൾ പാളുകയായിരുന്നു. റണ്ണെടുക്കും മുൻപേ സഹിലിന്‍റെ കുറ്റി ഭുവനേശ്വർ തെറിപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ 152 റൺസെടുത്ത കെ.എൽ. രാഹുലിനെ ഇക്കുറി ഒരു റണ്ണെടുത്തപ്പോഴേക്കും ഹേസൽവുഡും പറഞ്ഞയച്ചു. പിന്നെ അവർക്കൊരു തിരിച്ചുവരവ് ഉണ്ടായതുമില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബി വെറും 39 പന്തിൽ വിജയലക്ഷ്യം നേടി. നഷ്ടമായത് ജേക്കബ് ബഥേലിന്‍റെ (20) വിക്കറ്റ് മാത്രം. വിരാട് കോലിയും (23) ദേവദത്ത് പടിക്കലും (34) പുറത്താകാതെ നിന്നു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍