ക്രുണാൽ പാണ്ഡ്യ
മുംബൈ: പത്തു വർഷം നീണ്ട പരാജയ പരമ്പരകൾക്കൊടുവിൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചതിനു പിന്നാലെയാണ് മുംബൈയിലെ കോട്ടയും ആർസിബി പൊളിച്ചത്.
ഐപിഎൽ പതിനെട്ടാം സീസണിലെ മത്സരത്തിൽ, ടോസ് നേടിയ ആതിഥേയരുടെ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. ആദ്യ പന്തിൽ ബൗണ്ടറി നേടിയ ഫിൽ സോൾട്ടിനെ രണ്ടാം പന്തിൽ ക്ലീൻ ബൗൾ ചെയ്ത ട്രെന്‍റ് ബൗൾട്ട് അവർക്കു നല്ല തുടക്കവും നൽകി. എന്നാൽ, വിരാട് കോലിയുടെയും ക്യാപ്റ്റൻ രജത് പാട്ടീദാറുടെയും അർധ സെഞ്ചുറികളും, ദേവദത്ത് പടിക്കലിന്‍റെയും വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെയും കാമിയോകളും ചേർന്നപ്പോൾ 20 ഓവറിൽ സ്കോർ 221/5
ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ മുംബൈയുടെ റൺ ചേസിനൊടുവിൽ, അവസാന ഓവറിലാണ് മത്സരഫലം നിർണയിക്കപ്പെട്ടത്. ലക്ഷ്യത്തിന് 12 റൺസ് അകലെ, 209/9 എന്ന നിലയിൽ മുംബൈയുടെ മറുപടി അവസാനിച്ചു.
42 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും സഹിതം 67 റൺസെടുത്ത കോലിയാണ് ആർസിബി ഇന്നിങ്സിനു നങ്കൂരമായത്. മറുവശത്ത് 22 പന്ത് നേരിട്ട ദേവദത്ത് രണ്ട് ഫോറും മൂന്നു സിക്സും സഹിതം 37 റൺസെടുത്തപ്പോൾ, രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 91 റൺസ് പിറന്നു. തുടർന്നെത്തിയ പാട്ടീദാർ കൂടുതൽ ആക്രമണോത്സുകനായി. 32 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 64 റൺസാണ് ആർസിബി ക്യാപ്റ്റന്‍റെ സംഭാവന.
ലിയാം ലിവിങ്സ്റ്റൺ (0) നിരാശപ്പെടുത്തിയെങ്കിലും ജിതേഷ് ശർമ അവസാന ഓവറുകളിൽ തകർത്തടിച്ചു. 19 പന്തിൽ രണ്ട് ഫോറും നാലു സിക്സും സഹിതം 40 റൺസെടുത്ത ജിതേഷ് പുറത്താകാതെ നിന്നു. മുംബൈ ടീമിൽ തിരിച്ചെത്തിയ ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും, നാലോവറിൽ 29 റൺസ് മാത്രമാണ് വഴങ്ങിയത്. മറ്റു മുംബൈ ബൗളർമാരെല്ലാം ഓവറിൽ ശരാശരി പത്ത് റൺസിനു മുകളിൽ വഴങ്ങി.
മറുപടി ബാറ്റിങ്ങിൽ മുംബൈക്ക് രോഹിത് ശർമയിൽ (17) നിന്നും റിയാൻ റിക്കിൾടണിൽ (17) നിന്നും വലിയ സംഭാവനകൾ ലഭിച്ചില്ല. വിൽ ജാക്സും (22) സൂര്യകുമാർ യാദവും (28) രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചപ്പോൾ റൺ റേറ്റ് കുറയുകയും ചെയ്തു. എന്നാൽ, തുടർന്നെത്തിയ തിലക് വർമ കഴിഞ്ഞ മത്സരത്തിൽ മെല്ലെപ്പോക്ക് ബാറ്റിങ്ങിന്‍റെ പേരിൽ റിട്ടയേഡ് ഔട്ട് ആകേണ്ടിവന്നതിന്‍റെ നാണക്കേട് മായ്ക്കാനുള്ള ശ്രമത്തിലായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ സിക്സറടിച്ച ഹാർദിക് പാണ്ഡ്യയിൽ തിലകിനു നല്ല പങ്കാളിയെയും കിട്ടി.
കൈവിട്ട കളി ഇരുവരും ചേർന്ന് വീണ്ടും മുംബൈയുടെ നിയന്ത്രണത്തിലാക്കുമെന്നു തോന്നിക്കുന്ന പ്രകടനമായിരുന്നു പിന്നീട്. 29 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 56 റൺസെടുത്ത തിലക് പുറത്തായപ്പോഴും, ഉജ്വല ഫോമിൽ കളിച്ചിരുന്ന ഹാർദിക് പാണ്ഡ്യയിൽ മുംബൈ ആരാധകർ പ്രതീക്ഷ വച്ചു.
15 പന്ത് മാത്രം നേരിട്ട് മൂന്ന് ഫോറും നാലു സിക്സും സഹിതം 42 റൺസെടുത്ത ഹാർദിക് പത്തൊമ്പതാം ഓവറിലെ ആദ്യ പന്തിൽ പുറത്തായതോടെ ആ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു.
അവസാന ഓവറിൽ 19 റൺസ് പ്രതിരോധിക്കാൻ പന്തെടുത്ത ക്രുണാൽ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തുക കൂടി ചെയ്തതോടെ മുംബൈയുടെ പരാജയം പൂർണമായി. ആകെ നാലോവറിൽ 45 റൺസിനു നാല് വിക്കറ്റാണ് ക്രുണാൽ നേടിയത്. രജത് പാട്ടീദാർ പ്ലെയർ ഒഫ് ദ മാച്ച്.