വൈഭവ് സൂര്യവംശിക്ക് പ്രശംസയുമായി സഞ്ജു സാംസൺ.
പതിനെട്ടാം വയസിലാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇക്കുറി അതിലും വളരെ പ്രായം കുറഞ്ഞൊരാൾ ടീമിലുണ്ട്- പേര് വൈഭവ് സൂര്യവംശി, പ്രായം വെറും പതിമൂന്ന്. ഇന്ത്യ അണ്ടർ-19 ടീമിന്‍റെ ഓപ്പണറായ സൂര്യവംശി രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയുടെ സീനിയർ ടീമിൽ ഇടം പിടിച്ചാലും അദ്ഭുതപ്പെടാനില്ലെന്നാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജുവിന്‍റെ വിലയിരുത്തൽ.
''അങ്ങോട്ടു പോയി ഉപദേശം കൊടുക്കുന്ന രീതി എനിക്കില്ല. പുതിയ കളിക്കാർ വരുമ്പോൾ, അവരുടെ കളി കാണുകയും അവരുടെ രീതികൾ മനസിലാക്കുകയും ചെയ്യും, അതിനു ശേഷം അവർക്ക് ആവശ്യമുള്ള സഹായങ്ങൾ നൽകുന്നതാണ് പതിവ്'', സഞ്ജു വിശദീകരിച്ചു.
വൈഭവ് സൂര്യവംശി ഐപിഎല്ലിനു സജ്ജനായിക്കഴിഞ്ഞെന്നാണ് താൻ മനസിലാക്കുന്നതെന്നും സഞ്ജു. അക്കാഡമിയിൽ അവൻ അടിക്കുന്ന സിക്സറുകൾ ഗ്രൗണ്ടിനു പുറത്തെത്തുത്തുന്നുണ്ട്. അതിൽ കൂടുതൽ എന്താണു വേണ്ടതെന്നും സഞ്ജു.
ജോസ് ബട്ലറെ ടീമിൽ നിലനിർത്താൻ സാധിക്കാത്തതാണ് ഐപിഎൽ ലേലത്തിലെ ഏറ്റവും വലിയ നിരാശയെന്നും സഞ്ജു ആവർത്തിച്ചു. ഏഴു വർഷമായി ഒരുമിച്ചു കളിക്കുന്നതാണ്. കുടുംബാംഗത്തെപ്പോലെയാണ്. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. മൂത്ത സഹോദരനെപ്പോലെയാണ് ബട്ലർ എന്നും സഞ്ജു.
ബട്ലർ പോയ നിരാശയിലും രാഹുൽ ദ്രാവിഡിന്‍റെ തിരിച്ചുവരവിൽ സന്തുഷ്ടനാണ് സഞ്ജു. 2013ൽ ട്രയൽസിൽ പങ്കെടുത്ത തന്നെ ടീമിലേക്ക് തെരഞ്ഞെടുത്തത് അന്നു ക്യാപ്റ്റനായിരുന്ന ദ്രാവിഡ് ആയിരുന്നു എന്നു സഞ്ജു അനുസ്മരിക്കുന്നു. പിന്നീട് രണ്ടു വർഷം ടീമിന്‍റെ മെന്‍ററായും ദ്രാവിഡ് ഒപ്പമുണ്ടായിരുന്നു. സമീപകാലത്ത് അദ്ദേഹം പരിശീലിപ്പിച്ച ഇന്ത്യൻ ടീമിന്‍റെയും ഭാഗമായിരുന്നു സഞ്ജു.