ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ രാജസ്ഥാൻ റോയൽസിന്‍റെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്

 
IPL

വരവറിയിച്ച് വൈഭവ്: 14 വയസിൽ ഐപിഎൽ അരങ്ങേറ്റം, ആദ്യ പന്തിൽ സിക്സർ

പരുക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണ് കളിക്കാനാവാത്ത സാഹചര്യത്തിലാണ് കൗമാരക്കാരന്‍റെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയത്

ജയ്പുർ: വൈഭവ് സൂര്യവംശിക്ക് എസ്എസ്എൽസി എഴുതാൻ പ്രായമായിട്ടില്ല. പക്ഷേ, പതിനാല് വർഷവും ഇരുപത്തിമൂന്ന് ദിവസവും മാത്രം പ്രായമുള്ളപ്പോൾ രാജസ്ഥാൻ റോയൽസിനു വേണ്ടി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു; ടൂർണമെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കി. പരുക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണ് കളിക്കാനാവാത്ത സാഹചര്യത്തിലാണ് കൗമാരക്കാരന്‍റെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയത്.

എന്നാൽ, അതുകൊണ്ട് അവസാനിപ്പിച്ചില്ല ബിഹാറിൽനിന്നുള്ള ഈ ഇടങ്കയ്യൻ. നേരിട്ട ആദ്യ പന്തിൽ തന്നെ ശാർദൂൽ ഠാക്കൂറിനെ സിക്സറിനു പറത്തിക്കൊണ്ടാണ് വൈഭവ് സൂര്യവംശി സീനിയർ ലീഗിലേക്കുള്ള തന്‍റെ വരവറിയിച്ചത്. ഇന്ത്യൻ താരമെന്ന ബഹുമാനമൊന്നും കൊടുക്കാതെ മൂന്ന് സ്റ്റമ്പും എക്സ്പോസ് ചെയ്ത് എക്സ്ട്രാ കവർ ബൗണ്ടറിക്കു മുകളിലൂടെ ഒരു പവർഫുൾ ഷോട്ട്, ഗ്യാലറിയൊന്നാകെ ആർത്തിരമ്പിയ നിമിഷങ്ങൾ. തൊട്ടടുത്ത പന്തിൽ മനോഹരമായൊരു കവർ ഡ്രൈവ്, പക്ഷേ, ഒരു റൺ മാത്രം. അടുത്ത ഓവറിലെ ആദ്യ പന്തിൽ വീണ്ടും സിക്സർ. ഇക്കുറി മറ്റൊരു ഇന്ത്യൻ താരം, ആവേശ് ഖാനെ സ്ട്രെയ്റ്റ് ബൗണ്ടറിക്കു മുകളിലൂടെ പറത്തുകയായിരുന്നു വൈഭവ്.

തുടർന്നങ്ങോട്ട് അമിതാവേശത്തിൽ മരണക്കളി. രണ്ടുവട്ടം ഭാഗ്യത്തിനു രക്ഷപെട്ടു. പക്ഷേ, മറുവശത്ത് യശസ്വി ജയ്സ്വാൾ കൂടി തകർത്തടിച്ചു തുടങ്ങിയതോടെ, മൂന്നോവർ കഴിഞ്ഞപ്പോഴേക്ക് പേസ് ബൗളർമാരെ പിൻവലിക്കാൻ ലഖ്നൗ സൂപ്പർ ജയന്‍റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് നിർബന്ധിതനായി.

മിസ്റ്ററി സ്പിന്നർ ദിഗ്വേഷ് രഥിയുടെ ആദ്യ ഓവർ കരുതലോടെ കളിച്ച രാജസ്ഥാൻ രോയൽസ് ഓപ്പണർമാർ തൊട്ടടുത്ത ഓവർ എറിയാനെത്തിയ എയ്ഡൻ മാർക്രമിനെ വെറുതേ വിട്ടില്ല. 4.3 ഓവറിൽ സ്കോർ അമ്പത് കടന്നു.

ഒടുവിൽ ജയ്സ്വാളിനൊപ്പം 8.4 ഓവറിൽ 85 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ച് മടങ്ങുമ്പോൾ വൈഭവിന്‍റെ അക്കൗണ്ടിൽ 34 റൺസുണ്ടായിരുന്നു. രണ്ട് ഫോറും മൂന്നു സിക്സും ഉൾപ്പെട്ട എന്‍റർടെയ്നിങ് ഇന്നിങ്സ്. മാർക്രമിന്‍റെ പന്തിൽ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്താണ് വൈഭവിനെ പുറത്താക്കിയത്.

രാഹുലിന്‍റെ പിൻഗാമിയെ കണ്ടെത്താൻ കടുത്ത മത്സരം

കേരള പൊലീസിലെ മാങ്കൂട്ടം മോഡൽ; എസ്‌പിക്കെതിരേ വനിതാ എസ്ഐമാരുടെ പരാതി

രാഹുലിന്‍റെ രാജിക്ക് സമ്മർദം; സതീശിനു പിന്നാലെ ചെന്നിത്തലയും

വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക ഓഫറുമായി സപ്ലൈകോ

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി